കൊച്ചി: ഇടത് സർക്കാരിനെും മുഖ്യമന്ത്രിയെയും പരിഹസിച്ചു കോൺഗ്രസ്സ് നേതാവ് വി ടി ബൽറാം. പ്രീഡിഗ്രി പോലും പാസാവാത്ത ഒരു തട്ടിപ്പുകാരിക്ക് ജോലി ശരിയാക്കി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പറയുന്ന വാക്കുകൾ ചൂണ്ടിക്കാണിച്ചാണ് ബൽറാമിന്റെ പരിഹാസം. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് കുടുക്കിയത് വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ബൽറാം പരിഹാസ പോസ്റ്റുട്ടു കൊണ്ട് രംഗത്തുവന്നത്.

'നിനക്കൊരു ജോലി ശരിയാക്കി നൽകണമെന്ന് മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.. അതൊരു ചെറിയ ജോലിയായിരിക്കും, എന്നാൽ ശമ്പളം ഇരട്ടിയായിരിക്കും' എന്നാണ് വാട്‌സ് ആപ്പ് ചാറ്റിൽ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിച്ചാണ് വാട്‌സ്ആപ്പ് ചാറ്റുകൾ. ജോലി നഷ്ടമായ സ്വപ്നയെ ആശ്വസിപ്പിക്കാനാണ് ഈ ചാറ്റ് നടത്തിയതെന്നാണ് ശിവശങ്കർ ഇ ഡിക്ക് നൽകിയ മറുപടിയിൽ പറയുന്നത്. ലൈഫ് മിഷൻ കോഴയായി ലഭിച്ച പണം കൈപറ്റുന്നതിന് മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഇ ഡി പ്രധാന തെളിവായി സ്വീകരിച്ചത്. ഈ ചാറ്റ് മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളാൻ ഇടയാക്കുന്നതാണ്.

ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെയാണ് ബൽറാം മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നത്. 'കുണ്ടന്നൂർ പാലത്തിന്റെ മെയ്ൻ കോൺട്രാക്ടറുടെ സബ് കോൺട്രാക്ടറുടെ മേസ്തിരിയൊന്നുമല്ല യഥാർത്ഥ പ്രശ്‌നക്കാരൻ എന്ന്' പറഞ്ഞു കൊണ്ടാണ് ബൽറാമിന്റെ പരിഹാസം.

ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:

'CM had asked me to get u a job. But that will be low profile; though the salary will be double' 'നിനക്കൊരു ജോലി ശരിയാക്കി നൽകണമെന്ന് മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതൊരു ചെറിയ ജോലിയായിരിക്കും, എന്നാൽ ശമ്പളം ഇരട്ടിയായിരിക്കും. 'ഒരു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രീഡിഗ്രി പോലും പാസാവാത്ത ഒരു തട്ടിപ്പുകാരിക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശമാണിത്. പറഞ്ഞത് പോലെത്തന്നെ പിന്നീടവർക്ക് ആ ജോലി കിട്ടുകയും ചെയ്തു. ഗുരുതരമായ രാജ്യദ്രോഹ പ്രവർത്തനങ്ങളും കള്ളക്കടത്തും വാർത്തയായി പുറത്തുവരുന്നത് വരെ ആ സ്ത്രീ ആ ജോലിയിൽ തുടരുകയും ചെയ്തു. അതായത് കുണ്ടന്നൂർ പാലത്തിന്റെ മെയ്ൻ കോൺട്രാക്ടറുടെ സബ് കോൺട്രാക്ടറുടെ മേസ്തിരിയൊന്നുമല്ല യഥാർത്ഥ പ്രശ്‌നക്കാരൻ എന്ന്.

2019 ജൂലൈ 31നാണ് സ്വപ്‌ന സുരേഷും എം ശിവശങ്കറും തമ്മിലുള്ള സംഭാഷണം നടന്നത്. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് ശിവശങ്കർ സ്വപ്നക്ക് നൽകുന്നത്. സ്വപ്ന ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞ് നിൽക്കണം. എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ ചാറ്റിൽ കൂടി മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും സരിത്തും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നുമാണ് സ്വപ്ന നൽകുന്ന മറുപടി. വാട്‌സ്ആപ്പ് ചാറ്റ് നടത്തിയതിന്റെ അടുത്ത ദിവസമാണ് സന്തോഷ് ഈപ്പൻ മൂന്ന് കോടി എട്ട് ലക്ഷം രൂപയുമായി സ്വപ്നയെ കാണാൻ കവടിയാറിൽ എത്തുന്നത്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇ ഡി ഈ സംഭാഷണം കോടതിയിൽ ഹാജരാക്കിയത്. സ്വപ്നയുടെ ലോക്കർ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ശിവശങ്കർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതേതുടർന്ന് ഇ ഡി അടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്.

ലൈഫ് മിഷൻ കമ്മിഷൻ പരിപാടിയിൽ കൂടുതൽ ഇടപഴകാതെ മാറി നിൽക്കാൻ സ്വപ്ന സുരേഷിനെ ശിവശങ്കർ ഉപദേശിക്കുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ ഇരുവരും തമ്മിലുള്ള ദുരൂഹമായ ആശയവിനിമയങ്ങൾ ഇ.ഡി. ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. യൂണിടാക് എം.ഡി. കമ്മിഷൻ തുക നൽകുന്നതിനു തലേന്നായ 2019 ജൂലായ് 31ന് ഉച്ചയ്ക്കുള്ള സന്ദേശത്തിൽ, സ്വപ്നയ്ക്ക് മറ്റൊരു ജോലി ശരിയാക്കാൻ തന്നോട് മുഖ്യമന്ത്രി നിർദ്ദേശിച്ചതായി ശിവശങ്കർ പറയുന്നു. പഴയതിലും കുറഞ്ഞ പദവിയിലുള്ള ജോലിയാണെങ്കിലും ഇരട്ടി ശമ്പളമുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.

മറ്റ് സന്ദേശങ്ങൾ :12.34.16 : ശിവശങ്കർ : അധികം ഇടപെടേണ്ടതില്ല. എന്തെങ്കിലും കുഴപ്പമുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് നീ പോയതെന്ന് വിദേശകാര്യമന്ത്രാലയത്തോട് പറയുകയും ചെയ്യും.12.34.34: സ്വപ്ന : ഇല്ല12.34.42: ശിവശങ്കർ: ഇപ്രാവശ്യം എല്ലാം സി.സി.ടി.വിയിലുണ്ട്.12.36 : ശിവശങ്കർ: എല്ലാം ക്‌ളിയർ ആണല്ലോ12.37 : സ്വപ്ന : സൂക്ഷിക്കണം. ലോക്കൽ ഏർപ്പാടുകളെല്ലാം നിങ്ങൾ ചെയ്‌തെന്നേ അവർ പറയൂ.12.37 : ഇല്ല. ഞാൻ ഉറപ്പാക്കാം.

അതേസമയം ലാക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റിന് ഇ ഡി നോട്ടീസ് അയച്ചു. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ അയ്യർക്ക് ആണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. ഇ ഡി കസ്റ്റഡിയിലുള്ള ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് വേണുഗോപാൽ സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയത്. സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഈ വഴിക്കാണ് ഇ ഡി ഇപ്പോൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.