- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുമായി ഊട്ടിക്ക് പോകാൻ ബസ് എത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ്; ഡ്രൈവർ ക്ഷീണിതനായിരുന്നു; യാത്ര പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകി; കൃത്യസമയത്ത് എത്താൻ വേണ്ടി നിരത്തിൽ ചീറിപ്പായലും; ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന ടൂറിസ്റ്റ് ബസിന് നിയന്ത്രണം വിട്ടു; വടക്കാഞ്ചേരിയിലെ ദുരന്തം വന്ന വഴി
പാലക്കാട്: വടക്കാഞ്ചേരിയിലെ അപകടം ഉണ്ടായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തി ശേഷമാണ് ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. അതുകൊണ്ട് തന്നെ ഡ്രൈവർ ക്ഷീണിതനായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്ന്. ഊട്ടിയിലേക്ക് ബസ് പുറപ്പെടേണ്ടിയിരുന്നത് വൈകീട്ട് അഞ്ച് മണിക്കായിരുന്നു. എന്നാൽ, രണ്ട് മണിക്കൂർ വൈകിയാണ് ബസ് പുറപ്പെട്ടതെന്നാണ് ഒരു രക്ഷിതാവ് പറഞ്ഞത്. ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടെന്നു രക്ഷപ്രവർത്തകരും പറഞ്ഞു.
പിറകിൽ അമിതവേഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിർത്താൻ പറ്റിയില്ലെന്നും രക്ഷപ്രവർത്തനത്തിന് എത്തിയ സുധീഷ്, ജിജോ എന്നിവർ വ്യക്തമാക്കി. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് വിനോദയാത്ര ഏറ്റത്.. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഷാന്റി ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവർ ഉണ്ടെന്നും പറഞ്ഞു.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്‌സാക്ഷി പറയുന്നു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലൻസും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികൾ ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.
അതേസമയം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഓവർടേക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഇതിനുള്ള സംവിധാനമില്ല. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകും. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. വടക്കഞ്ചേരി അപകടത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആർടിസി യാത്രക്കാരും, ഒരാൾ അദ്ധ്യാപകനുമാണ്. എൽന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അദ്ധ്യാപകൻ. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്.
ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓവർടേക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഇതിനുള്ള സംവിധാനമില്ല. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകും. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. വടക്കഞ്ചേരി അപകടത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ