- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകൻ ടെണ്ടർ വഴിയെടുത്ത കരാർ; എന്റെ കുടുംബാംഗങ്ങൾക്കോ മക്കൾക്കോ മക്കളുടെ ജോലിക്കോ ഒന്നിനും താൻ മുഖ്യമന്ത്രിയോട് യാതൊരു ആവശ്യവും ഉന്നയിച്ചിട്ടില്ല; ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സോൺട്രാ ഇൻഫ്രാ ടെക്കിനെതിരെ ഉയരുന്നത് രാഷ്ട്രീയ ആരോപണമെന്ന് വൈക്കം വിശ്വൻ; പാർട്ടി നേതാവിന്റെ ബന്ധുവാണെങ്കിലും 'ബ്രഹ്മപുര'ത്ത് വിട്ടുവീഴ്ചയില്ലെന്ന് എം വി ഗോവിന്ദൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്കെതിരെയാണ് ആരോപണം ശക്തമായി ഉയരുന്നുത്. ഈ ആരോപണങ്ങളിൽ തന്റെ പേര് വലിച്ചിഴക്കുന്നതിൽ പ്രതികരിച്ചു മുൻ എൽഡിഎഫ് കൺവീനർ രംഗത്തുവന്നു. മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാർ കിട്ടി എന്നതിൽ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് വൈക്കം വിശ്വൻ പറഞ്ഞു. വിവാദത്തിൽ കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മകളുടെ ഭർത്താവിന്റെ കമ്പനിക്ക് കരാർ കിട്ടിയ കാര്യം താൻ അറിഞ്ഞിരുന്നില്ല. പരിപാടി തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവർക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്നും വൈക്കം വിശ്വൻ പറഞ്ഞു. വിദ്യാർത്ഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്ക് ആർക്കും ഇതുവരെ യാതൊരു സഹായവും ചെയ്തിരുന്നില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവായി. കുറച്ച് കാലം തുടർന്നും ട്രേഡ് യൂണിയൻ രംഗത്ത് ഉണ്ടായിരുന്നു, അതിൽ നിന്നും താൻ ഒഴിവായി. ആ കാലത്തൊന്നും തനിക്ക് തോന്നാത്ത കാര്യം ഇപ്പോൾ ചെയ്‌തെന്ന് പറയുന്നു.
റിട്ടയേർഡ് ജസ്റ്റിസ് അതിഭീകരമായി ചാനൽ ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നത് കണ്ടു. ഒരു മുൻ മേയർ എന്നെ വെല്ലുവിളിച്ചു. ഇതുവരെ മറ്റൊന്നും ആലോചിച്ചിരുന്നില്ല. ഇനി നിയമനടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും വൈക്കം വിശ്വൻ മുന്നറിയിപ്പ് നൽകി. ഇവര് (സോൺട ഇൻഫ്രാടെക്) മാത്രമല്ല അവിടെ കമ്പനി. ഇവരിപ്പോൾ വന്നതാണ്. ഇതിന് മുൻപ് കമ്പനികളും ഉണ്ട്. അവരൊന്നും ഒരു ടെണ്ടറും വെച്ചല്ല വന്നത്. ഇവർ വന്നത് ടെണ്ടർ വച്ചാണ്. മുഖ്യമന്ത്രിയും ഞാനും തമ്മിൽ സൗഹൃദത്തിലാണ്.
വിദ്യാർത്ഥി കാലം മുതൽ പാർട്ടിയിൽ അന്യോന്യം ഒരുമിച്ച് പ്രവർത്തിച്ചതാണ്. മുഖ്യമന്ത്രി സൗഹൃദത്തിന്റെ പേരിൽ എന്തെങ്കിലും ചെയ്യുമോയെന്ന് തനിക്കറിയില്ല. എന്റെ കുടുംബാംഗങ്ങൾക്കോ മക്കൾക്കോ മക്കളുടെ ജോലിക്കോ ഒന്നിനും താൻ മുഖ്യമന്ത്രിയോട് യാതൊരു ആവശ്യവും ഉന്നയിച്ചിട്ടില്ല. അദ്ദേഹത്തിന് തന്റെ മക്കളെ അറിയുമായിരിക്കും. അവരുടെയൊക്കെ കുടുംബ കാര്യങ്ങൾ അറിയുമോയെന്ന് അറിയില്ല. രാഷ്ട്രീയമായ ആരോപണമാണ്. അല്ലെങ്കിൽ പിന്നെ തന്നെ വലിച്ചിഴക്കേണ്ടതില്ലല്ലോ. കോടിക്കണക്കിന് രൂപയുടെ ബിസിനസാണെന്ന് കേൾക്കുന്നു.
മകളോട് ചോദിച്ചു. ജോലി ചെയ്തതിന്റെ പകുതി പൈസ പോലും കൊടുത്തിട്ടില്ല. സെക്യൂരിറ്റി വെക്കാത്തതുകൊണ്ട് പണം കൊടുത്തിട്ടില്ലെന്നാണ് മേയർ പറയുന്നത്. കെഎസ്‌ഐഡിസി വഴിയാണ് ടെണ്ടർ വിളിച്ചത്. അതിലൂടെയാണ് മരുമകന്റെ കമ്പനി കരാർ എടുത്തതെന്നും വൈക്കം വിശ്വൻ പറഞ്ഞു. അതിനിടെ ബ്രഹ്മപുരം വിഷയത്തിൽ പാർട്ടിക്ക് തുറന്ന നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞു. പ്രശ്‌നപരിഹാരമാണ് വേണ്ടത്. മാലിന്യ പ്ലാന്റ് കരാർ കാര്യത്തിൽ പാർട്ടിനേതാവല്ല, പാർട്ടി തന്നെയായാലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മന്ത്രയായിരിക്കുന്ന കാലത്തും കരാർ കമ്പനിക്കെതിരെ പരാതി ഉയർന്നിരുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു.
ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്നാണ് അഴിമതി ആരോപണം ഉയരുന്നത്. മാലിന്യ സംസ്‌കരണ കരാർ, സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് കോർപറേഷൻ നൽകിയതിൽ അഴിമതി ആരോപണം നേരത്തെ ഉയർന്നിരുന്നു. കോൺഗ്രസ് നേതാവും കൊച്ചി മുൻ മേയറുമായ ടോണി ചമ്മിണിയാണ് ഈ ആരോപണം ഉന്നയിച്ചത്. സിപിഎം നേതാവും മുൻ എൽ.ഡി.എഫ് കൺവീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പനാണ് ഈ കമ്പനിയുടെ തലപ്പത്ത്. രാജ്കുമാറിന്റെ സോണ്ട കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയെന്നായിരുന്നു ആരോപണം.
ബയോ മൈനിങ്ങിന്റെ പ്രധാന കരാർ രാജ്കുമാർ ചെല്ലപ്പന് നൽകിയതിന് പിന്നാലെ ഉപ കരാർ കോൺഗ്രസ് നേതാവ് മകനു നൽകിയതും മറ്റൊരു കഥ. മാലിന്യം വേർതിരിക്കാനുള്ള കരാറും, മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കാനും മാലിന്യം ബയോ മൈനിങ് ചെയ്യാനുള്ള കരാറും കൊടുത്തിരിക്കുന്നത് രാജ്കുമാറിന്റെ സോണ്ട കമ്പനിക്കാണ്. കരാർ സിപിഎം ബന്ധുവിന് കൊടുത്തതോടെ, മറ്റൊരുകളി നടന്നു. കെപിസിസി. മുൻ ജനറൽ സെക്രട്ടറി തർക്കവുമായി വന്നതോടെ, പ്രശ്നം ഒതുക്കിത്തീർക്കാൻ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന കമ്പനിക്ക് ഉപ കരാർ നൽകി. ഉപകരാർ നൽകാൻ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒതുക്കി തീർക്കൽ നടന്നത്.
മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. 2020 മാർച്ചിൽ കെ.എസ്‌ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാൻ ടെൻഡർ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കർ സർക്കാർ നേരത്തേ കെ.എസ്‌ഐ.ഡി.സിക്ക് നൽകിയതിനാലാണ് സംസ്‌കരണത്തിന് അവർ ടെൻഡർ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെൻഡർ നൽകുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ.
സംസ്‌കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടർന്നത്. തീ തനിയെ പടിച്ചതാണെങ്കിൽ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക. 70 ഏക്കർ പ്രദേശം ഒരേസമയം കത്തിനശിക്കാൻ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടർന്നതിനാലാണ്. തീയണക്കാൻ കാര്യമായ ശ്രമമുണ്ടായില്ല. സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി അധികൃതർ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
സോണ്ട ഇൻഫ്രാടെക് എന്ന കമ്പനി നൽകിയ 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെൻഡർ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയർന്നിരുന്നു. സോൺട ഇൻഫ്രാടെക് ആദ്യം നൽകിയത് തിരുനെൽവേലി മുനിസിപ്പാലിറ്റിയിൽ 8.5 കോടിയുടെ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പൽ കമീഷണറുടെ സർട്ടിഫിക്കറ്റാണ്. യോഗ്യതയുള്ള കമ്പനികൾ നൽകാത്തതിനാൽ ആദ്യ ടെൻഡർ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ക്ഷണിച്ചു. അപ്പോൾ സോൺട ഇൻഫ്രാടെക് നൽകിയത് തിരുനെൽവേലിയിൽ 10.03 കോടിയുടെ മാലിന്യ സംസ്‌കരണ പരിചയ സർട്ടിഫിക്കറ്റാണ്. തിരുനൽവേലി മുനിസിപ്പൽ എൻജിനീയറാണ് ഇത് നൽകിയത്. രണ്ട് സർട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.
സയന്റിഫിക് ക്ലോഷ്വർ എന്ന സംസ്‌കരണ രീതിയുടേതായിരുന്നു. സർട്ടിഫിക്കറ്റിലെ തിരിമറിയും സംസ്‌കരണ രീതിയിലെ വ്യവസ്ഥാലംഘനവും കണ്ടില്ലെന്ന് നടിച്ചാണ് ടെൻഡർ സോൺട ഇൻഫ്രാടെക്കിന് നൽകിയതെന്നാണ് അന്ന് ആരോപണമുയർന്നത്. പ്രവൃത്തി തുടങ്ങി ഒമ്പതു മാസമായിരുന്നു കരാർ കാലാവധി. കാലാവധി പൂർത്തിയായിട്ട് ഇപ്പോൾ നാലു മാസം കഴിഞ്ഞു. 30 ശതമാനംപോലും സംസ്‌കരിച്ചില്ല. ഇതിൽ അഴിമതിയുണ്ടെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പോകുമെന്നും നഗരസഭ മുൻ മേയർ ടോണി ചമ്മണി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നാലുദിവസം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ