തിരുവനന്തപുരം :കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ അക്രമി കുത്തിക്കൊന്ന ദാരുണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം പൊലീസുകാരെ ആക്രമിച്ച പ്രതി മുറിക്ക് പുറത്ത് ഡ്രസിങ് റൂമിന് സമീപമായിരുന്ന വനിതാ ഡോക്ടറെ നിലത്തിട്ട് ഒരുപാട് തവണ കുത്തിയെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ആദ്യം പൊലീസുകാരെ കുത്തിയ പ്രതി, അവരെല്ലാം ഓടിരക്ഷപ്പെട്ട സമയത്താണ് വനിതാ ഡോക്ടർക്ക് നേരെ തിരിഞ്ഞതെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി.

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു. വലിയ അനാസ്ഥയുടെ ദുരന്തഫലമായിരുന്നു കൊലപാതകം.

ദൃക്‌സാക്ഷിയുടെ വാക്കുകൾ

പുലർച്ചെ ബഹളം കേട്ടാണ് ഇറങ്ങിയോടിച്ചെന്നത്. ഇയാൾ ഒരു പൊലീസുകാരനെ ഇടിക്കുന്നതാണ് കണ്ടത്. കൈയിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് വെച്ച് മൂന്നോ നാലോ തവണ കുത്തി. ഇത് കണ്ട് ഓടി വന്ന എസ് ഐയെയും കുത്തി. കുത്തേറ്റവരെല്ലാം ഓടി രക്ഷപ്പെട്ടു. ജീവനക്കാരെയെല്ലാം മുറിക്കുള്ളിലാക്കി പ്രതിയെ പുറത്താക്കി ഞങ്ങൾ വാതിൽ അകത്ത് നിന്നും അടച്ചു. ഈ സമയത്തുകൊല്ലപ്പെട്ട വനിതാ ഹൗസ് സർജൻ മുറിക്ക് പുറത്തായിരുന്നു. അത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.

അക്രമി നടന്ന് ചെന്ന് ഡ്രസിങ് റൂമിന് സമീപത്തുണ്ടായിരുന്ന ഡോക്ടറെ തള്ളിയിട്ട് തല ഭാഗത്തിരുന്ന് കുത്തുകയായിരുന്നു. ആ സമയത്ത് കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഹൗസ് സർജൻ ഡോക്ടർ ഓടി വന്ന് ഇയാളെ അടിച്ചു. ഇയാൾ നിലത്ത് വീണപ്പോൾ ഇയാളുടെ കാല് പിടിച്ച് വലിച്ചു. അയാളെ തള്ളിമാറ്റി വനിതാ ഡോക്ടറുടെ മുതുകിലു കുത്തി. അപ്പോഴേക്കും കൂടുതൽ പൊലീസെത്തി. അതോടെ ഇയാൾ കത്തിതാഴെയിട്ടു. ഈ സമയത്ത് വനിതാ ഡോക്ടറെ വാരിയെടുത്ത് പുറത്തേക്കോടി-ദൃക്‌സാക്ഷി പറയുന്നു.

പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിൽ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ഒരു പരിചയക്കാരനെ കണ്ടതാണ് പ്രകോപനമായത്.

ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും തടയാൻ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. അഞ്ച് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അതിവേഗം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.