- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്ര ആവേശമായതോടെ ബുക്കിംഗിന്റെ വേഗതയും കൂടി; രണ്ടാഴ്ചത്തേക്ക് സീറ്റൊഴിവില്ലാത്ത അവസ്ഥയിൽ; ആദ്യദിനത്തിലെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെ ആഘോഷമായി; മറ്റു ട്രെയിനുകളിലെ എ സി കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും
തിരുവനന്തപുരം: വന്ദേ ഭാരത് എകസ്പ്രസിനെ കേരളം ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് ഇന്നലെ കേരളം കണ്ടത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആളുകൾ ഇന്നലത്തെ യാത്രയിൽ പങ്കാളികളായി. കേരളത്തിന്റെ പാളത്തിലൂടെ, ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിൽ കാസർകോട്ടേക്കു കുതിച്ച കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്‌പ്രസിനു സ്വാഗതമേകാനും ആദ്യയാത്രയെ മൊബൈലിൽ ചിത്രീകരിക്കാനുമാണ് തിരക്കായിരുന്നു ഇന്നലെ. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് ഇന്നലെ യാത്ര നടന്നത്.
സെൻട്രൽ റെയിൽവേസ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത് നിശ്ചയിച്ചതിലും വൈകി. ഇടയ്ക്ക് ഒരുമണിക്കൂറോളം വൈകിയോടിയ വന്ദേഭാരത് തുടർന്ന് വേഗത്തിലായി. അഞ്ചുകഴിഞ്ഞ് ഷൊർണൂർ എത്തുമ്പോൾ വൈകിയസമയം അരമണിക്കൂറിൽ താഴെയാക്കി. വന്ദേഭാരത് കടന്നുപോകുന്ന റെയിൽപ്പാതയ്ക്കു സമീപത്തെ ജനവാസകേന്ദ്രങ്ങളിലും വൻജനക്കൂട്ടം നിരന്നു. പാളത്തിന്റെ ഓരങ്ങളിലും നിർത്തിയ സ്റ്റേഷനുകളിലും വന്ദേഭാരതിനെ മൊബൈലിൽ പകർത്തിയും സെൽഫിയെടുത്തും ജനങ്ങളും ബിജെപി. പ്രവർത്തകരും ആവേശംകൊണ്ടു.
തിരുവനന്തപുരത്തുനിന്ന് കയറി കൊല്ലത്തിറങ്ങിയ വിദ്യാർത്ഥികൾ വൻ ആവേശത്തിലായിരുന്നു. പ്രധാനമന്ത്രിയുമായി സംവദിക്കുന്ന കുട്ടികളായതിനാൽ വൻ സുരക്ഷയായിരുന്നു അവർക്ക്. മത്സരങ്ങളിൽ വിജയിച്ച, തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെയും ശ്രീചിത്ര പുവർഹോമിലെയും കുട്ടികളാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് അർഹരായത്.
വന്ദേഭാരതിന്റെ ആദ്യയാത്രക്കാരാകാൻ സോവനീർ ടിക്കറ്റുമായി എത്തിയവർ രാവിലെ ആറിനു മുമ്പുതന്നെ സെൻട്രൽ സ്റ്റേഷനുമുന്നിൽ വരിനിന്നു. കർശനപരിശോധനകൾക്കുശേഷം ഏഴരയ്ക്കാണ് ഇവരെ സെൻട്രൽ സ്റ്റേഷനിലേക്ക് കയറ്റിയത്. എട്ടരയോടെ തീവണ്ടിയിൽ പ്രവേശിപ്പിച്ചു. മാധ്യമ പ്രവർത്തകർ, റെയിൽവേജീവനക്കാർ, സ്‌കൂൾ വിദ്യാർത്ഥികൾ, റെയിൽഫാൻസുകാർ, ബ്ലോഗർമാർ, പ്രമുഖ വ്യക്തികൾ എന്നിവർക്ക് സീറ്റുകൾ അനുവദിച്ചിരുന്നു.
ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, എം.എസ്. ഫൈസൽ ഖാൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ., സംഗീതസംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ, ഗായകൻ പി. ജയചന്ദ്രൻ, ബിജെപി. നേതാവ് പി.കെ. കൃഷ്ണദാസ്, യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര, കെ-റെയിൽ വിരുദ്ധ സമരനായിക റോസ്ലിൻ, മറ്റു ചലച്ചിത്രപ്രവർത്തകർ തുടങ്ങിയവർ വിവിധ സ്റ്റേഷനുകളിൽനിന്ന് വന്ദേഭാരതിലെ ആദ്യയാത്രക്കാരായി.
ചൊവ്വാഴ്ച രാവിലെ 11.10-ന് പുറപ്പെട്ട വന്ദേഭാരത് മൂന്നുമണിയോടെ എറണാകുളം ടൗൺസ്റ്റേഷനിലും അഞ്ചുകഴിഞ്ഞ് ഷൊർണൂരിലുമെത്തി. സ്റ്റേഷനുകളിൽ സ്വീകരണത്തിന്റെ ആവേശം ഉയർന്നതനുസരിച്ച് വണ്ടിയുടെ തുടർയാത്രയും വൈകി. ഷൊർണൂരിൽ വി.കെ. ശ്രീകണ്ഠൻ എംപി.യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ സ്വീകരണം നൽകി. ശ്രീകണ്ഠന്റെ ചിത്രമുള്ള പോസ്റ്റർ തീവണ്ടിയിൽ പതിച്ചത് ആർ.പി.എഫ്. നീക്കി.
അതിനിടെ പാലക്കാട് ഡിവിഷനിലേക്ക് ചൊവ്വാഴ്ച വൈകീട്ട് 5.07-ന് എത്തിയ വന്ദേഭാരതിന് ഡിവിഷണൽ റെയിൽവേ മാനേജർ യശ്പാൽസിങ് തോമർ, എ.ഡി.ആർ.എം. എസ്. ജയകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കിയിരുന്നു. 11 വിദ്യാർത്ഥികളായിരുന്നു പാലക്കാടിനെ പ്രതിനിധാനംചെയ്ത് ആദ്യയാത്രയിൽ പങ്കാളികളായത്.
ബുക്കിങ് ഫുൾ, രണ്ടാഴ്‌ച്ചത്തേക്ക് സീറ്റൊഴിവില്ല
വന്ദേ ഭാരത് ട്രെയിനിനെ കേരളം ഏറ്റെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ കേരളം കാണുന്നത്. വന്ദേഭാരത് എക്സ്‌പ്രസിൽ അടുത്ത രണ്ടാഴ്ചത്തേക്ക് സീറ്റൊഴിവില്ലെന്നതാണ് പ്രത്യേകത. ഇന്നു മുതൽ വ്യാഴാഴ്ചകളിൽ ഒഴികെ കാസർകോട് തിരുവനന്തപുരം റൂട്ടിലും വെള്ളിയാഴ്ച മുതൽ തിരുവനന്തപുരം കാസർകോട് റൂട്ടിലും വന്ദേഭാരത് സർവീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20 ന് പുറപ്പെടും. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിൻ പുറപ്പെടുന്നത്. മെയ് 2 വരെ ചെയർ കാറിൽ കാസർകോട് തിരുവനന്തപുരം റൂട്ടിൽ ടിക്കറ്റ് ലഭ്യമല്ല. എക്‌സിക്യൂട്ടീവ് ക്ലാസിൽ മെയ് 8 വരെ വെയ്റ്റ് ലിസ്റ്റാണ്.
28ന് സർവീസ് ആരംഭിക്കുന്ന തിരുവനന്തപുരംകാസർകോട് വന്ദേഭാരതിൽ മെയ് 1 വരെ ചെയർകാറിൽ സീറ്റ് ഒഴിവില്ല. എക്‌സിക്യൂട്ടീവ് ക്ലാസിൽ മെയ് 8വരെയും ടിക്കറ്റില്ല. മറ്റു ട്രെയിനുകളിലെ എസി ക്ലാസിൽ നിന്നു യാത്രക്കാർ വന്ദേഭാരതിലേക്കു മാറുന്നത് ആ ട്രെയിനുകളിൽ എസി സീറ്റുകളുടെ ലഭ്യത കൂട്ടും. വൈകിട്ട് എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു മികച്ച സമയക്രമമാണു വന്ദേഭാരതിനുള്ളത്. വേണാടിനു പുറകിലാണു ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരുക. വേണാട് രാത്രി 10.25നും വന്ദേഭാരത് രാത്രി 10.35 നും എത്തുന്ന രീതിയിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും എറണാകുളത്തു നിന്നു മലബാറിലേക്കും യാത്രക്കാരുടെ നല്ല തിരക്കുണ്ട്. ജനശതാബ്ദിയിൽ ഈ ട്രാഫിക് പാറ്റേണിലാണു കൂടുതൽ യാത്രക്കാരുള്ളത്. കോഴിക്കോട് ജനശതാബ്ദിക്കു മുൻപു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ എന്ന നിലയിൽ വന്ദേഭാരതിനു കൂടുതൽ യാത്രക്കാരെ കിട്ടുമെന്നാണു കൊമേഴ്‌സ്യൽ വിഭാഗം കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ