ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് ബിജെപിയുടേതടക്കം നിരവധി ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്ര മന്ത്രി വി മുരളീധരൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രിയെ വിവരം ധരിപ്പിച്ചതായി വി മുരളീധരൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഉൾപ്പെടെ ആശ്രയിക്കാൻ കഴിയുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ എന്ന നിലയിലാണ് ചെങ്ങന്നൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ എന്ന നിലയിൽ ഷൊർണൂരിലും സ്റ്റോപ്പ് വേണമന്ന് ആവശ്യപ്പെട്ടു.

കൂടുതൽ സ്റ്റോപ്പ് വേണമെന്ന ആവശ്യവുമായി റെയിൽവേ മന്ത്രിക്ക് എംപിമാർ കത്തയച്ചിരുന്നു. സ്വന്തം മണ്ഡലത്തിൽ ട്രെയിനിന് സ്റ്റോപ്പ് തേടിയാണ് എംപിമാർ രംഗത്ത് വന്നത്. വന്ദേഭാരത് എക്സ്‌പ്രസ്സിന് നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്, തൃശ്ശൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ് ഉറപ്പായിട്ടുള്ളത്. ഇതോടെയാണ് കൂടുതൽ സ്റ്റോപ്പിനായി എംപിമാർ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്.

ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതോടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് ജനപ്രതിനിധികളുടെ നിലപാട്. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ചെങ്ങന്നൂർ. ശബരിമല തീർത്ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് തീവണ്ടിയിൽ ഇവിടെ ഇറങ്ങാറുള്ളത്. മാത്രമല്ല ആലപ്പുഴ- പത്തനംതിട്ട ജില്ലകളിലെ യാത്രികർക്ക് ചെങ്ങന്നൂർ സ്റ്റേഷൻ വലിയ സഹായമാണ്. അതുകൊണ്ടുതന്നെ വന്ദേഭാരത് എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്നത് യാത്രാ ദുരിതത്തിന് വലിയൊരു അളവുവരെ പരിഹാരമാകും

അതേസമയം, വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ നാളെ തിരുവനന്തപുരം മുതൽ കാസർകോട് വരെ വീണ്ടും ട്രയൽ റൺ നടത്തും. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10ന് പുറപ്പെടും. വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നേരത്തേ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് നിശ്ചയിച്ചിരുന്നത്.

ഇന്നലെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ട്രയൽ റൺ നടത്തിയിരുന്നു. പരീക്ഷണ ഓട്ടത്തിൽ 7 മണിക്കൂർ 10 മിനിറ്റിൽ ട്രെയിൻ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തി. തിരുവനന്തപുരം സെൻട്രലിൽനിന്നു പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരിൽനിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.