കൊച്ചി: കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി ഇന്ന് തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. 24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്‌തേക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്.

ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം കണ്ണൂർ വന്ദേ ഭാരത് എക്സ്‌പ്രസ്. ഏഴ്-ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറി. തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിന് മുൻപു പുറപ്പെട്ടില്ലെങ്കിൽ മറ്റു ട്രെയിനുകൾ വന്ദേഭാരതിനു വേണ്ടി വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നതിനാൽ അതിരാവിലെ പുറപ്പെട്ടു രാത്രിയോടെ തലസ്ഥാനത്തു മടങ്ങിയെത്തുന്ന തരത്തിൽ വന്ദേഭാരത് ഓടിക്കേണ്ടി വരും. അങ്ങനെ വന്നാൽ ജനശതാബ്ദിക്ക് എന്തു സംഭവിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ജനശതാബ്ദിയിൽ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാണ്. എന്നാൽ വന്ദേഭാരതിൽ എസിയായതിനാൽ ചാർജ് കുതിച്ചുയരും.

കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപുണ്ടാകുമെന്നാണ് സൂചന. ആലപ്പുഴയ്ക്കും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം. അങ്ങനെ വന്നാൽ ചെങ്ങന്നൂരിന നറുക്ക് വീഴും. മുൻ നിശ്ചയിച്ചതിൽനിന്നു വ്യത്യസ്തമായി 8 കോച്ചിനു പകരം 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിക്കുക. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും. പക്ഷേ അത് കേരളത്തിൽ നടക്കില്ല. മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല. പൂർണമായും എസിയാണ്. ഓട്ടമാറ്റിക് ഡോറുകളും.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാകും ആദ്യ സർവീസ് ആരംഭിക്കുക. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തി. മൂന്ന് ദിവസം മുൻപ് പാലക്കാട് കണ്ണൂർ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം കണ്ണൂർ റൂട്ടിലും വേഗത പരിശോധിക്കാൻ എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. കൊച്ചുവേളിയിലായിരിക്കും വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾ നടത്തുക. എക്‌സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകളുണ്ടാകും. ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവും എൽഇഡി ലൈറ്റിങും വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികളും ഉണ്ടാകും.

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ സർവീസ് ആരംഭിച്ചാലും അതിന്റെ നിശ്ചിത വേഗത്തിൽ ഓടാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. കേരളത്തിലെ പാളങ്ങളിലെ വളവുകളും നിലവിലുള്ള വേഗനിയന്ത്രണവുമാണ് കാരണം. 75 കിലോമീറ്ററായിരിക്കും ശരാശരി വേഗമെന്ന് റെയിൽവേ അധികൃതർ പറയുന്നു. 110 കിലോമീറ്ററെങ്കിലും വേഗം കൈവരിക്കണമെങ്കിൽ സെമി ഹൈസ്പീഡ് ട്രാക്ക് നിർമ്മിക്കണം. അത് ഉടൻ സാധിക്കില്ല. ട്രെയിൻ വന്നാൽ അന്താരാഷ്ട്രനിലവാരത്തിലുള്ള കോച്ചുകളിൽ യാത്ര ചെയ്യാമെന്നതുമാത്രമാണ് മെച്ചമെന്നും പറയുന്നു. ഫലത്തിൽ കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്ചാർജ് നൽകേണ്ടി വരുമെന്നാണ് വിമർശനം.

180 കിലോമീറ്ററാണ് വന്ദേഭാരതിന് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാൽ, ഇന്ത്യയിൽ ഒരിടത്തും ഈ വേഗത്തിൽ ഓടുന്നില്ല. 110 മുതൽ 130 കിലോമീറ്ററാണ് വേഗം. കൊല്ലം, കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് യാർഡുകളിൽ 15 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. തിരുവനന്തപുരം-കായംകുളം പാതയിൽ 90, കായംകുളം-കോട്ടയം-എറണാകുളം 90, കായംകുളം-അമ്പലപ്പുഴ 100, അമ്പലപ്പുഴ-തുറവൂർ 90, തുറവൂർ-എറണാകുളം 80, അരൂർ റെയിൽവേ പാലം 60, എറണാകുളം-ഷൊർണൂർ 90 (ആലുവ ഭാഗത്ത് 30) കിലോമീറ്റർവീതമാണ് റെയിൽവേയുടെ സ്ഥിരം വേഗനിയന്ത്രണമുള്ളത്.

ട്രാക്കുകളുടെ ഉപയോഗം അടക്കം ഒട്ടേറെ സാങ്കേതികവസ്തുതകൾ പരിഗണിച്ചാണ് വേഗം നിശ്ചയിച്ചിട്ടുള്ളത്. ഇതുകൂടാതെ പാതയിൽ 36 ശതമാനത്തിലേറെ വളവുകളുമുണ്ട്. ഇത് രണ്ടും കണക്കിലെടുക്കുമ്പോൾ വന്ദേഭാരതിന് കേരളത്തിൽ ഒരിക്കലും 75 കിലോമീറ്ററിൽ കൂടുതൽ ശരാശരി വേഗം കൈവരിക്കാനാകില്ലെന്നാണ് വിലയിരുത്തൽ.