- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 മുതൽ 30 വരെയുള്ള ടിക്കറ്റ് വിൽപനയും ബുക്കിങ്ങും പരിശോധിക്കുമ്പോൾ ശരാശരി 235 ശതമാനം ബുക്കിങ്; കോടി കടന്ന് വരുമാനവും; തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ് സൂപ്പർ ഹിറ്റ്; പാലക്കാട്ടേക്കും തീവണ്ടി വരും; വളവുകളും നികത്തും; അഞ്ചു മണിക്കൂറിൽ അഞ്ഞൂറ് കിലോ മീറ്റർ യാത്ര ലക്ഷ്യം
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ് സൂപ്പർ ഹിറ്റ്. തീവണ്ടിയിൽ യാത്രക്കാർ ഹൗസ് ഫുൾ ആണെന്ന് റെയിൽവേ. 26 മുതൽ 30 വരെയുള്ള ടിക്കറ്റ് വിൽപനയും ബുക്കിങ്ങും പരിശോധിക്കുമ്പോൾ ശരാശരി 235 ശതമാനം ബുക്കിങ് ലഭിക്കുന്നുണ്ട്. ഹ്രസ്വദൂരയാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതോടെ കൂടുതൽ വന്ദേഭാരത് തീവണ്ടികൾ കേരളത്തിലേക്ക് എത്താൻ സാധ്യത തെളിയുകയാണ്. തിരുവനന്തപുരം-പാലക്കാട് റൂട്ടിലും ഉടൻ വന്ദേഭാരത് എത്തിയേക്കും.
റെയിൽവേയുടെ കണക്കുകൾ പ്രകാരം ഓരോ സീറ്റിനും ലഭിക്കുന്ന ബുക്കിങ്ങാണ് തീവണ്ടിയുടെ സ്വീകാര്യതയുടെ മാനദണ്ഡം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീവണ്ടിയിൽ ആദ്യവസാനം യാത്ര ചെയ്യുന്നത് 100 ശതമാനം ബുക്കിങ്ങിക്കായി കണക്കാക്കും. പകരം ഹ്രസ്വദൂര യാത്രക്കാരാണെങ്കിൽ ബുക്കിങ് ശതമാനം കൂടും. തിരുവനന്തപുരം-കാസർകോട് യാത്രയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നിന്നായി ഭാഗിക ബുക്കിങ് ലഭിക്കുകയാണെങ്കിൽ കൂടുതൽ സ്വീകാര്യതയായി കണക്കാക്കും. വന്ദേഭാരതിൽ തിരുവനന്തപുരം- എറണാകുളം, എറണാകുളം - കാസർകോട് എന്നിങ്ങനെ വിവിധ സ്റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് യാത്രക്കാർ ഏറെയുള്ളത്.
വന്ദേ ഭാരത് എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ടിക്കറ്റ് ഇനത്തിൽ 1 കോടി 17 ലക്ഷം രൂപയാണ് വരുമാനം. ഏപ്രിൽ 28 ന് തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രിൽ 29 ന് 20.30 ലക്ഷം, ഏപ്രിൽ 30ന് 20.50 ലക്ഷം, മെയ്1ന് 20.1 ലക്ഷം, മെയ് 2 ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. ഈ കാലയളവിൽ വന്ദേ ഭാരത് എക്സ്‌പ്രസ്സിൽ യാത്ര ചെയ്തത് 27,000 പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്.
നിരക്ക് കൂടുതലാണെങ്കിലും കൂടുതൽ യാത്രക്കാരും തെരഞ്ഞത് എസ്സിക്യൂട്ടീവ് സീറ്റുകളാണ്. മെയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റ് പോയി. വന്ദേ ഭാരത് എസ്പ്രസ്സിന് പ്രതീക്ഷിച്ച വേഗമില്ലെന്നും മറ്റ് ട്രെയിനുകൾ വന്ദേ ഭാരത്തിനായി പിടിച്ചിടുന്നു എന്നുമുള്ള ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വന്ദേ ഭാരത് സമയക്രമം പാലിക്കുന്നു എന്നും മറ്റ് ട്രെയിനുകൾ വൈകാൻ കാരണം വന്ദേ ഭാരത് അല്ലെന്നും റെയിൽവേ മറുപടി നൽകിയിരുന്നു. വന്ദേഭാരത് സമയക്രമം പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വന്ദേ ഭാരത് ഹിറ്റെന്ന് സൂചിപ്പിക്കുന്ന ടിക്കറ്റ് കളക്ഷൻ നിരക്കുകൾ പുറത്തുവരുന്നത്.
വന്ദേഭാരത് എക്സ്‌പ്രസ് കാരണം മറ്റു തീവണ്ടികൾ വൈകുന്നില്ലെന്ന് റെയിൽവേ പറയുന്നു. പാലരുവി, വേണാട് എക്സ്‌പ്രസുകളുടെ സമയം നേരത്തേ തന്നെ പുനഃക്രമീകരിച്ചിരുന്നു. വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമമായി ഇതിനു ബന്ധമില്ല. കഴിഞ്ഞ ചൊവ്വാഴ്ച കേരള എക്സ്‌പ്രസ് വൈകിയോടിയത് മറ്റു സാങ്കേതികപ്രശ്‌നങ്ങൾ കാരണമാണ്. കായംകുളം-കോട്ടയം ഭാഗത്ത് പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തീവണ്ടികൾ വൈകിയോടുന്നുണ്ട്. വന്ദേഭാരതിന്റെ യാത്രയുമായി ഇതിനു ബന്ധമില്ലെന്നും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് 7 സ്റ്റോപ്പുകളാണുള്ളത്. നിശ്ചയിച്ച ശരാശരി വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. വന്ദേഭാരതിന് കടന്നുപോകാൻ മറ്റ് ട്രെയിനുകൾ വൈകിപ്പിക്കുന്നില്ലെന്ന് റെയിൽവേ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകൾക്ക് കൃത്യസമയം പാലിക്കാനാകാത്തതെന്നും റെയിൽവേ പറഞ്ഞു. നൂറ് ശതമാനം കൃത്യത യാത്രയുടെ തുടക്കത്തിലും അവസാന സ്റ്റോപ്പിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ദിവസേന പാലിക്കുന്നുണ്ട്.
കൊല്ലം ജില്ലയിലെ ചെറുതും വലുതുമായ 60 ഓളം വളവുകൾ നിവരും. ഇതോടെ വന്ദേഭാരതിന്റെ വേഗതയും കൂടും. തിരുവനന്തപുരം - മംഗലാപുരം പാതയിലെ ചെറുതും വലുതുമായ വളവുകൾ നിവർത്തുന്ന പദ്ധതിയുടെ ഭാഗമായാകും കൊല്ലത്തെയും വളവുകൾ നിവർത്തുക. റെയിൽവേ പാളത്തിന്റെ വളവുകളുള്ള ഇടങ്ങളിൽ പാളം നിവരുമ്പോൾ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. എത്രമാത്രം കർവ് ഷിഫ്ടിങ് വേണമെന്നും അതിന് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും കണക്കാക്കുകയാണ് പ്രാരംഭ നടപടിയുടെ ഭാഗമായി ഇപ്പോൾ ചെയ്യുന്നത്.
കേരളത്തിലൂട നീളം ഇത് നടക്കും. വളവുകൾ പരമാവധി നിവർത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം. എത്രയും വേഗം അഞ്ചു മണിക്കൂർ കൊണ്ട് അഞ്ഞൂറ് കിലോമീറ്റർ യാത്ര ഉറപ്പുവരുത്താനാണ് ശ്രമം.
മറുനാടന് മലയാളി ബ്യൂറോ