- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയർകാറിൽ 1400 നൽകണം; ഇക്കണോമിയിൽ 2500 രൂപയും; സ്റ്റോപ്പും സമയക്രമവും നിശ്ചയിക്കുക പരീക്ഷണ ഓട്ടത്തിന് ശേഷം മാത്രം; തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയിൽ 100 കിലോ മീറ്റർ വേഗത; കോട്ടയം റൂട്ടിൽ കായംകുളം മുതൽ എറണാകുളം വരെ 90 കിലോ മീറ്റർ സ്പീഡ്; ഷൊർണ്ണൂർ വരെ 80ഉം; അതുകഴിഞ്ഞാൽ 110 കി മീ വേഗത; പാളങ്ങൾ സൂപ്പറായാൽ അതിവേഗത ഉറപ്പ്; വന്ദേഭാരത് ചൂളം വിളിക്കുമ്പോൾ
കൊച്ചി: വന്ദേഭാരതിൽ വ്യക്തത വരിക പരീക്ഷണ ഓട്ടത്തിന് ശേഷം മാത്രം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാകും ആദ്യ സർവ്വീസ്. പരീക്ഷണ ഓട്ടത്തിന് ശേഷമേ എത്ര സമയം വേണ്ടി വരും കൃത്യമായി ഓടിയെത്താൻ എന്നും അതിനനുസരിച്ച് സ്റ്റോപ്പുകളും അന്തിമമായി നിശ്ചയിക്കുകയുള്ളൂവെന്ന് ബിജെപി. നേതാവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു. മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കാസർകോട്ടേക്കോ മംഗലാപുരത്തേക്കോ സർവീസ് നീട്ടുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയിൽ 100 കിലോ മീറ്റർ വേഗതയിലാണ് നിലവിൽ സഞ്ചരിക്കാനുള്ള സാഹചര്യമുള്ളത്. കോട്ടയം വഴി പോകുന്ന വന്ദേഭാരതിന് കായംകുളം മുതൽ എറണാകുളം വരെ 90 കിലോ മീറ്റർ വേഗതയിലെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. എറണാകുളം- ഷൊർണൂർ റൂട്ടിൽ 80 കിലോ മീറ്റർ വേഗതയിലും ഷൊർണൂർ പിന്നിട്ടാൽ 100 മുതൽ 110 കിലോമീറ്റർ വേഗവും കൈവരിക്കും. 52 സെക്കൻഡിൽ മണിക്കൂറിൽ നൂറ് കിലോ മീറ്റർ വേഗം കൈവരിക്കാൻ ട്രെയിന് സാധിക്കും. ട്രാക്കുകളിലെ വളവും നിരീക്ഷിച്ച് മാത്രമേ വേഗതയിൽ അന്തിമ തീരുമാനം എടുക്കൂ. പരമാവധി വേഗതയിൽ എല്ലാ ട്രാക്കിലും തുടക്കത്തിൽ തീവണ്ടി ഓടിക്കില്ല. പതിയെ പതിയെ വേഗത കുറയ്ക്കുന്നത് ആലോചിക്കുകയും ചെയ്യും.
തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് ട്രെയിൻ ഓടുക. ദിവസങ്ങൾക്ക് മുൻപ് വരെ കേരളത്തിന് വന്ദേഭാരത് ട്രെയിൻ ഇല്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്നലെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതും. തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ 500 കിലോ മീറ്ററാണ് ദൂരം. മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസുകൾ യാത്ര പൂർത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തിൽ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്പോൾ, ഈ ദൂരം പിന്നിടാൻ ആറര മണിക്കൂറോളം എടുത്തേക്കാം.
വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. കേരളത്തിന് അനുവദിച്ചത് ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും വന്ദേഭാരത് സീരിസിലെ 14 ാമത്തെയും ട്രെയിനാണ്. ഇതിന്റെ റേക്കുകൾ ഇന്ന് കൊച്ചുവേളിയിലെത്തിക്കും. കേരളത്തിൽ ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സർവീസിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ ഇവയിൽ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.
എക്‌സിക്യുട്ടീവ് കോച്ചിൽ 180 ഡിഗ്രിവരെ തിരിയാൻ പാകത്തിലുള്ള സീറ്റുകളാണ് വന്ദേഭാരത്ത് ട്രെയിനുകളിൽ ഉള്ളത്. പാളം തെറ്റാതിരിക്കുന്നതിനുള്ള ആന്റി സ്‌കിഡ് സംവിധാനം ഉണ്ട്. എല്ലാ കോച്ചുകളും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിർമ്മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകൾ, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും. ലോക്കോ പൈലറ്റുകൾ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികൾക്ക് നൽകുന്നത്.
ചെയർ കാർ, എക്കണോമി എന്നിങ്ങനെ രണ്ട് ക്ലാസുകളാകും ഉണ്ടാകുക. ചെയർ കാറിന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് 1400 രൂപയ്ക്ക് അടുത്തായിരിക്കും നിരക്കെന്നാണ് സൂചന. ഇക്കണോമിയിൽ ഇത് 2500 രൂപയോളമാകാം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിന് മുമ്പായി പുറപ്പെടുന്ന രീതിയുള്ള സമയക്രമമാണ് പരിഗണിക്കുന്നത്. ജനശതാബ്ദി നിലനിർത്തുമോ എന്ന ആശങ്കയും ഉണ്ട്.
കൂടുതൽ വിശാലമായിരിക്കും വിൻഡോകൾ. എക്‌സിക്യുട്ടീവ് ക്ലാസിൽ സെമി സ്ലീപ്പർ സീറ്റുകളുണ്ടാവും. എൽ.ഇ.ഡി. ലൈറ്റിങ്, വിമാനമാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുണ്ടാവും.
മറുനാടന് മലയാളി ബ്യൂറോ