- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ വളവുകൾ ഉള്ളയിടങ്ങളിലെല്ലാം പരിഹരിക്കാനുള്ള ശ്രമം തുടങ്ങി; ട്രാക്കിന്റെ അറ്റകുറ്റപ്പണികളും അതിവേഗത്തിൽ; ഭൂമിയേറ്റെടുക്കാതെ വേഗ നിയന്ത്രണം നീക്കാൻ കഴിയുന്ന ഇടങ്ങളിലെല്ലാം പണികൾ; വന്ദേഭാരതിന് ആദ്യം 110 കിമീ വേഗത; പിന്നീട് 130 കിമീയും; ലക്ഷ്യം കെ റെയിൽ ആവശ്യത്തെ തകർക്കൽ; വന്ദേഭാരതിൽ റൂട്ടും സമയക്രമവും ഉടൻ
തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും സിൽവർ ലൈൻ പദ്ധതിക്ക് പകരമാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പുതിയ സാഹചര്യത്തിൽ സിൽവർ ലൈനിനായുള്ള പ്രവർത്തനം ശക്തമാക്കാനാണ് സർക്കാർ തീരുമാനം. സിൽവർ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള ശ്രമം തുടരും. അതിനിടെ വന്ദേഭാരതിനെ പരമാവധി വേഗത്തിൽ ഓടിക്കാനാണ് റെയിൽവേയുടെ നീക്കം. കെ റെയിലിന് പകരമാണ് വന്ദേഭാരത് എന്ന് വരുത്താനാണ് നീക്കം.
തിരുവനന്തപുരം കായംകുളം സെക്ഷനിൽ നിലവിലെ വേഗം 100 കിലോമീറ്ററാണ്. കായംകുളം എറണാകുളം സെക്ഷനിൽ 90, എറണാകുളം ഷൊർണൂർ സെക്ഷനിൽ 80 കിലോമീറ്ററുമാണു വേഗം. ഈ സെക്ഷനുകളിൽ 110 കിലോമീറ്റർ വേഗം കൈവരിക്കാനും ഭാവിയിൽ 130 കിലോമീറ്റർ വരെ കൂട്ടാനുമാണ് ലക്ഷ്യം. നിലവിൽ ഷൊർണൂർ മംഗലാപുരം സെക്ഷനിൽ മാത്രമാണ് 110 കിലോമീറ്റർ വേഗം സാധ്യമാകുന്നത്. എറണാകുളം ഷൊർണൂർ റൂട്ടിൽ മൂന്നാംവരി പാതയാണ് ആലോചിക്കുന്നത്. തുടക്കത്തിൽ തന്നെ 110 കിലോമീറ്ററിന് മുകളിലായിരിക്കും നിർദിഷ്ട പാതയിലെ വേഗം. എല്ലാ സെക്ഷനിലും 110 കിലോമീറ്റർ വേഗം കൈവരിക്കാനാണ് ശ്രമം.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത തുടരുകയാണ്. ആദ്യ ഘട്ടത്തിൽ ക്കോഴിക്കോട് വരെ സർവീസ് നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ് പരിഗണിക്കുന്നത്. ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊച്ചുവേളി റെയിൽവേ യാർഡിലെത്തിച്ച വന്ദേഭാരത് എക്സ്പ്രസ് നിലവിൻ ആർപിഎഫ് കാവലിലാണ്. ഏപ്രിൽ 14നാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത്. ഈ മാസം 22ന് ട്രയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്‌പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്‌പ്രസിനെ പ്രിയങ്കരമാക്കുന്നത്.
വന്ദേഭാരത് എക്സ്‌പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവർത്തലും ബലപ്പെടുത്തലും ഊർജിതമാക്കി റെയിൽവേ നടപടികളും പരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗവും ഭാവിയിൽ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം ഷൊർണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേയും തുടങ്ങി. ആദ്യ ഘട്ടത്തിൽ തീവണ്ടി 110 കിലോ മീറ്റർ വേഗം കൈവരിച്ചാൽ അഞ്ചു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനാകും. കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങൾ. ചെറിയ വളവുകൾ ഉള്ളയിടങ്ങളിലെല്ലാം അതു പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു.
പാളത്തിനു സുരക്ഷ നൽകുന്ന പാളത്തോടു ചേർന്നു കിടക്കുന്ന മെറ്റൽ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയർന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. വന്ദേഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ ഭാവിയിൽ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകൾ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. സ്ഥിരം സ്പീഡ് നിയന്ത്രണമുള്ളയിടങ്ങളിൽ അതിന്റെ കാരണങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച് പഠനവും തുടങ്ങി. ഭൂമിയേറ്റെടുക്കാതെ വേഗ നിയന്ത്രണം നീക്കാൻ കഴിയുന്ന ഇടങ്ങളിലെല്ലാം പണികൾ തുടങ്ങി.
ട്രയൽ റണ്ണിന് മുന്നോടിയായി സിഗ്‌നലിങ്, ക്രോസിംഗുകളിലെ സുരക്ഷ, വളവുകളിലെ വേഗത എന്നിവ പരിശോധിക്കണം.ദക്ഷിണ റെയിൽവേ മാനേജർ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ഇതിന്റെ ക്രമീകരണങ്ങൾ വിലയിരുത്തും. ട്രയൽ റണ്ണിന് മുമ്പ് ടൈംടേബിളും സ്റ്റോപ്പുകളും ഓരോ സ്റ്റോപ്പിലും നിറുത്തുന്ന സമയവും റെയിൽവേ ബോർഡ് അംഗീകരിക്കണം. ഒന്നിലേറെ ടൈംടേബിളുകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ സാഹചര്യത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ രീതിയിൽ നിന്ന് മാറി കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചേക്കും. സ്റ്റോപ്പ് കൂടിയാൽ യാത്രാ സമയവും കൂടും.
വന്ദേഭാരത് ഓടുന്ന സമയത്ത് എറണാകുളം - തിരുവനന്തപുരം, എറണാകുളം - കോഴിക്കോട്, കോഴിക്കോട് - കണ്ണൂർ എന്നീ സെക്ഷനുകളിൽ മറ്റ് ട്രെയിനുകൾക്ക് ഓടാനാവില്ല. അതൊഴിവാക്കാൻ റണ്ണിങ് ഗ്യാപ് കൂടി പരിഗണിച്ച് മറ്റ് ട്രെയിനുകളെ പ്രതികൂലമായി ബാധിക്കാത്ത സമയമായിരിക്കും വന്ദേഭാരതിന് അനുവദിക്കുക.
മറുനാടന് മലയാളി ബ്യൂറോ