ചെന്നൈ : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. സഹോദരിയുടെ കൈയിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് തുറന്ന് അകത്ത് കടന്നത്. പോസ്റ്റ്‌മോർട്ടത്തിലും മറ്റ് ദുരൂഹതയൊന്നും പ്രാഥമികമായി കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്‌ളാറ്റിൽ തിരികെയെത്തിച്ച ഭൗതികശരീരത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും അടക്കം പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

2018ൽ അപ്രതീക്ഷിതമായി ഭർത്താവ് ജയറാം മരിച്ചപ്പോൾ ഈ വലിയ ലോകത്ത് ഒന്നും ചെയ്യാനില്ലാത്തതുപോലെയായി വാണി. ബന്ധുക്കളും മറ്റും വിളിച്ചെങ്കിലും ഭർത്താവിന്റെ ഓർമകളുള്ള ഫ്‌ളാറ്റിൽനിന്ന് മാറിനിൽക്കാൻ വാണി ഇഷ്ടപ്പെട്ടില്ല. ജോലിക്കാരിയായ മലർക്കൊടിയായിരുന്നു 10 വർഷമായി സഹായത്തിന്. ആദ്യമൊക്കെ വെറുതേയിരുന്നു സമയം തള്ളി. നുങ്കംപാക്കം ഹാഡോസ് റോഡിലെ സി2 ഫ്‌ളാറ്റിൽ താൻ ഒന്നും ചെയ്യാതെ വിഷമിച്ചിരിക്കുന്നതു ജയറാമിന് ഇഷ്ടമല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം വീണ്ടും സ്വരങ്ങൾക്കു ജീവൻവച്ചു. സംഗീതം മാത്രമല്ല ചിത്രം വരയും പെയിന്റിങ്ങും എംബ്രോയ്ഡറിയും കവിതയെഴുത്തുമൊക്കെ വാണി ജയറാമിന്റെ ഇഷ്ട വിനോദങ്ങളായിരുന്നു. ഇതിനിടെയാണ് മരണം എത്തിയത്.

മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒെേട്ടറ ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിനെ ജനങ്ങൾ ഇരുകൈയുംനീട്ടി സ്വീകരിച്ചെങ്കിലും അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ കേരളത്തിനായില്ല. മൂന്നുതവണ മികച്ചഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ അവരെ ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന സർക്കാരുകൾ മികച്ചഗായികയ്ക്കുള്ള പുരസ്‌കാരംനൽകി ആദരിച്ചു. തനിക്ക് അർഹിക്കുന്ന പരിഗണന കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ട്. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം വാണിജയറാം പാടിയ മലയാളത്തിലെ ജനപ്രിയ ഗാനമായിരുന്നു 1983 എന്ന ചിത്രത്തിലെ 'ഓലഞ്ഞാലിക്കുരുവി...'. 2014-ലെ സംസ്ഥാന അവാർഡിന് ഈ പാട്ടും പരിഗണനയിലുണ്ടായിരുന്നു. വാണി മികച്ചഗായികയാവുമെന്ന് പലരും കരുതി. പക്ഷേ, അതു സംഭവിച്ചില്ല.

ആ ഗാനത്തിന് എന്താണ് സംഭവിച്ചതെന്ന് വാണി ജയറാം അന്നു ചോദിച്ചിരുന്നു. എന്തുകൊണ്ട് സംസ്ഥാന അവാർഡ് കിട്ടിയില്ല എന്ന ചോദ്യം സംഗീതപ്രേമികളും ഉയർത്തി. അന്ന് വാണിജയറാം പറഞ്ഞത് ഇങ്ങനെയായിരുന്നു - ''എന്തുകൊണ്ടാണ് ആ ഗാനത്തെ ജൂറി പരിഗണിക്കാതിരുന്നതെന്ന് അറിയില്ല. പ്രതീക്ഷയോടെയാണ് പുരസ്‌കാരപ്രഖ്യാപനം കാതോർത്തത്. നിരാശയായിരുന്നു ഫലം. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.'' അന്ന് അവർക്ക് പുരസ്‌കാരം ലഭിക്കാത്തതിൽ അവരെക്കാളും നിരാശരായത് ആസ്വാദകരായിരുന്നു. പി. ജയചന്ദ്രനും വാണി ജയറാമും ചേർന്നാലപിച്ച 'ഓലഞ്ഞാലിക്കുരുവി...' എന്ന ഗാനം കേരളത്തിൽ തരംഗമായിരുന്നു.

ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദറായിരുന്നു ഈണം പകർന്നത്. 'ക്യാപ്റ്റൻ' എന്ന ചിത്രത്തിലെ 'പെയ്തലിഞ്ഞ നിമിഷ'മാണ് ശ്രദ്ധനേടിയ മറ്റൊരുഗാനം. പുലിമുരുകനിലെ ശീർഷകഗാനവും ചർച്ചയായി. ഓസ്‌കറിനായി തയ്യാറാക്കിയ ഗാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ പുലിമുരുകനിലെ പാട്ടും ഇടംനേടിയിരുന്നു.