- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ സ്ഥലം ഉടമയുടെ കള്ളയൊപ്പിട്ട് ഹൈക്കോടതിയെ സമീപിച്ച് കെ എസ് ഇ ബിക്കെതിരേ ഉത്തരവ് സമ്പാദിച്ചു; വിവരമറിഞ്ഞ മുൻ ഉടമ ഹൈക്കോടതിയെ സമീപിച്ച് വിവരം ധരിപ്പിച്ചു; മുൻ ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്; വർക്കലയിലെ റിസോർട്ട് തട്ടിപ്പ് മാഫിയ നേതാവ് തിലകനും കൂട്ടർക്കും തിരിച്ചടിയായി കോടതി ഉത്തരവ്
കൊച്ചി: വർക്കലയിലെ ഭൂമി തട്ടിപ്പ് മാഫിയയ്ക്ക് തിരിച്ചടിയായി ഒരു ഹൈക്കോടതി ഉത്തരവ്. കേൾക്കുമ്പോൾ കാര്യം നിസാരമെന്ന് തോന്നുമെങ്കിലും സംസ്ഥാനത്തെ ഉന്നത നീതിപീഠത്തെ പച്ചയായി കബളിപ്പിച്ചുവെന്ന ഗൗരവകരമായ കുറ്റമാണ് ഇവർക്കെതിരേ ആരോപിക്കപ്പെടുന്നത്. വ്യാജയൊപ്പിച്ച് ഇവർ ഹൈക്കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല വിധി തിരിച്ചു വിളിച്ചിരിക്കുകയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്. അപൂർവമായ ഒരു നടപടി ക്രമമാണ് കഴിഞ്ഞ ദിവസം കോടതിയിൽ നടന്നത്. വർക്കലയിലെ റിസോർട്ട് മാഫിയ സംബന്ധിച്ച് കഴിഞ്ഞയാഴ്ച മറുനാടൻ പുറത്തു വിട്ട വാർത്തയിൽ പറയുന്ന തിലകൻ എന്ന ഭൂമാഫിയ നേതാവ് തന്നെയാണ് വ്യാജരേഖാ വിവാദത്തിനും പിന്നിലുള്ളത്.
വർക്കല ഒടയത്ത് പാം ട്രീ ബീച്ച് റിസോർട്ട് നടത്തുന്ന പുല്ലാനിക്കോട് പുത്തൻ വിളയിൽ ശംഭു എന്ന് വിളിക്കുന്ന തിലകന് വർക്കല കുരക്കാന്നി നവ്യ വീട്ടിൽ ബോബി സുഗുണൻ തന്റെ ഉടമസഥതയിലുള്ള 40 സെന്റ് സ്ഥലം 2012 ൽ തിലകന് വിറ്റിരുന്നു. അതിലുണ്ടായിരുന്ന കെട്ടിടമാണ് പാം ട്രീ റിസോർട്ട്. കെട്ടിടത്തിൽ ബോബിയുടെ പേരിലുണ്ടായിരുന്ന വൈദ്യുതി കണക്ഷൻ പേരു മാറ്റുന്നതിനായുള്ള അപേക്ഷ അന്ന് തന്നെ തിലകന് കൈമാറിയിരുന്നു. എന്നാൽ, തിലകൻ പേര് മാറ്റിയില്ല. കഴിഞ്ഞ വർഷം നവംബർ 12 ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ബോബിയെ വിളിക്കുകയും കെഎസ്ഇബിക്കെതിരേ ബോബി ഫയൽ ചെയ്തിട്ടുള്ള ഹർജിയുടെയും ഉത്തരവിന്റെയും വിവരങ്ങൾ തിരക്കുകയും ചെയ്തു.
താൻ ഒരു കോടതിയിലും ഹർജി നൽകിയിട്ടില്ലെന്ന് ബോബി അറിയിച്ചു. കെഎസ്ഇബി ഓഫീസിലെത്തി രേഖകൾ പരിശോധിച്ചപ്പോൾ പാം ട്രി റിസോർട്ടിന്റെ വൈദ്യുതി കുടിശിക6,66,103 രൂപയാണെന്ന് കണ്ടു. ഈ വിവരം അറിയിച്ച് ബോബിയുടെ പേരിൽ(പേര് മാറ്റാത്തത് കാരണം കണക്ഷൻ കിടന്നത് ബോബിയുടെ പേരിലാണ്) കെഎസ്ഇബി അയച്ച കാരണം കാണിക്കൽ നോട്ടീസ് തിലകൻ ഒപ്പിട്ട് കൈപ്പറ്റി. ഇതിന് ശേഷം കൊച്ചിയിലുള്ള യുവ അഭിഭാഷകനുമായി ചേർന്ന് കെഎസ്ഇബിക്കെതിരേ ബോബി സുഗുണൻ എന്ന പേരിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.ഹൈക്കോടതിയിൽ നിന്ന് ഈ പേരിൽ അനകൂല വിധി സമ്പാദിക്കുകയും ചെയ്തു.
ഇത്രയും കാര്യങ്ങൾ മനസിലാക്കിയ ബോബി ഹൈക്കോടതിയിൽ തന്റെ പേരിൽ ഹർജി നൽകിയ അഭിഭാഷകനെ ബന്ധപ്പെട്ടപ്പോൾ തിലകൻ തന്നെ കബളിപ്പിച്ചതാണെന്നാണ് പറഞ്ഞത്. ഈ വിവരം ചൂണ്ടിക്കാട്ടി ബോബി കഴിഞ്ഞ വർഷം നവംബർ 29 ന് വർക്കല എസ്എച്ച്ഒ മുതലുള്ള ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് ബോബി ഹൈക്കോടതിയെ സമീപിച്ചു.
ഈ ഹർജിയിന്മേലാണ് കെഎസ്ഇബിക്കെതിരേ ഇട്ട മുൻ ഉത്തരവ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് തിരിച്ചു വിളിച്ചിരിക്കുന്നത്. ആൾമാറാട്ടം നടത്തി തന്റെ വ്യാജഒപ്പിട്ട് പ്രതികൾ ഹൈക്കോടതിയെ കബളിപ്പിച്ചുവെന്നായിരുന്നു ബോബിയുടെ ഹർജി. ഇതു കൊണ്ട് ബോബിക്ക് സാമ്പത്തികമോ മറ്റു രീതിയിലോ ഒരു നഷ്ടവും വന്നിട്ടില്ലല്ലോ എന്നും അതിനാൽ തന്നെ ഉത്തരവ് പുനപരിശോധിക്കേണ്ട കാര്യവുമില്ലെന്നും എതിർ പക്ഷവും വാദിച്ചു.
എന്നാൽ കഴിഞ്ഞ വർഷം നവംബർ 11 ന് പുറപ്പെടുവിച്ച തന്റെ തന്നെ ഉത്തരവ് തിരിച്ചു വിളിക്കാനും പുനപരിശോധിക്കാനും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് തിലകനും സംഘവും കെഎസ്ഇബിക്കെതിരേ സമർപ്പിച്ച റിട്ട് പെറ്റിഷൻ അത് പരിഗണിക്കുന്ന ബഞ്ചിലേക്ക് മാറ്റാനും ഉത്തരവിൽ പറയുന്നു. ഇവിടെ നിന്ന് ഇത് പൊലീസ് അന്വേഷണത്തിന് കൈമാറും. വ്യാജരേഖ ചമച്ചതും ആൾമാറാട്ടം നടത്തിയതും സംബന്ധിച്ച് ബോബിയുടെ പരാതി പൊലീസിൽ നിലവിലുണ്ട്. കോടതിയിൽ നിന്നുള്ള നിർദ്ദേശം കൂടിയാകുന്നതോടെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങും.
ലഹരി മരുന്ന് കച്ചവടത്തിന് പ്രശസ്തമാണ് തിലകന്റെ പേരിലുള്ള അനധികൃത റിസോർട്ടായ പാംട്രീ. ഇയാളുടെ നേതൃത്വത്തിലാണ് വർക്കലയിൽ ഭൂമി തട്ടിപ്പ് നടക്കുന്നത് എന്ന വിവരം മറുനാടനാണ് പുറത്തു വിട്ടത്. ഇയാൾക്ക് പിന്നിൽ അണിനിരന്നിരിക്കുന്നത് രണ്ട് അഭിഭാഷകരും റിട്ടയർ ആയ മൂന്ന് എസ്‌പിമാരും. ഈ മാഫിയ സംഘം നോട്ടമിടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ലണ്ടനിൽ സ്ഥിര താമസമായ യുവതിയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കാൻ വേണ്ടി കോടതിയിൽ സംഘം വ്യാജരേഖ ചമച്ചതോടെയാണ് തട്ടിപ്പ് വെളിയിൽ വന്നിരിക്കുന്നത്. കെഎസ്ഇബിക്കെതിരേ കേസ് നടത്താൻ വ്യാജരേഖ ചമച്ച് ഹൈക്കോടതിയെയും ഇക്കൂട്ടർ കബളിപ്പിച്ചു. രേഖകൾ വ്യാജമാണെന്ന് വന്നതോടെ അവ ചമച്ച ഹൈക്കോടതിയിലെ യുവ അഭിഭാഷകൻ നെട്ടോട്ടം തുടങ്ങി. സിപിഎമ്മുകാരനായ തന്നെ പാർട്ടി രക്ഷിക്കുമെന്ന് വിശ്വാസത്തിലാണ് ഇയാൾ.
കഴിഞ്ഞ ദിവസം പൊലീസ് സംഘം കഞ്ചാവും അനധികൃത വിദേശമദ്യ ശേഖരവും പിടികൂടിയ ഒടയത്തെ പാം ട്രീ റിസോർട്ടിൽ നിന്ന് പിടികൂടിയിരുന്നു. തിലകനും സംഘവുമാണ് സകലമാന നിയമലംഘനവും നടത്തി വ്യാജരേഖ ചമച്ച് ഭൂമി കൈയേറി സ്വന്തമാക്കുന്നത്. തികച്ചും ആസൂത്രിതമായിട്ടാണ് ഇവരുടെ നീക്കം. ഇഷ്ടപ്പെട്ട ഭൂമിയോ കെട്ടിടമോ കണ്ടാൽ അത് സ്വന്തമാക്കണമെന്ന് ഉറപ്പിക്കും. പിന്നീട് ഭൂമി തങ്ങൾക്ക് വിറ്റതായോ പാട്ടത്തിന് നൽകിയതായോ പണയപ്പെടുത്തിയതായോ വ്യാജരേഖ ഉണ്ടാക്കും.
ഇതിൽ എതിർ കക്ഷിയുടെ ഒപ്പ് ഇവർ തന്നെ അനുകരിക്കും. അതിന് ശേഷം ഭൂമി അറ്റാച്ച് ചെയ്യാൻ കോടതിയെ സമീപിക്കും. സിവിൽ കേസ് നടത്തുന്നതിൽ വിദഗ്ധനായ അഭിഭാഷകനാണ് ഇവർക്ക് തുണ. എന്തെങ്കിലും തട്ടുകേട് പറ്റിയാൽ നേരെ ഹൈക്കോടതിയിലെ യുവ അഭിഭാഷകനെ സമീപിക്കും. ഇത്തരത്തിൽ ഇവർ വ്യാജരേഖ തയാറാക്കിയ രണ്ടു പരാതികൾ ആണ് നിലവിൽ പൊങ്ങി വന്നിരിക്കുന്നത്. ഒന്നിൽ തിലകനെതിരേ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊന്ന് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
മറുനാടന് മലയാളി ബ്യൂറോ