- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ഉത്തരവ് കെടിയു വിസിക്ക് മാത്രമേ ബാധകമാകൂെന്നും മറ്റ് വിസിമാർക്ക് ബാധകമല്ലെന്നും പത്രസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി; ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ചോദ്യങ്ങളുടെ മൂർച്ഛ മനസ്സിലാക്കി വാദത്തിനിടെ ആരുടേയും പക്ഷം പിടിക്കില്ലെന്ന് പറഞ്ഞ അഡ്വക്കേറ്റുമാർ; ഗവർണ്ണറുടെ നിർദ്ദേശം മാനിച്ച് രാജിവയ്ക്കാത്തവർ ഇനി പുറത്താക്കപ്പെടുന്ന അവസ്ഥ; വിസിമാരെ സർക്കാർ ചതിച്ച കഥ
കൊച്ചി: വി സി. മാർക്ക് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധി എതിരാണെന്ന തിരിച്ചറിവിൽ സർക്കാർ. വിസിമാർ പത്തുദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. വി സി.മാരുടെ വാദങ്ങൾ ചാൻസലർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ചാൻസലർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതിനുള്ള വിശദീകരണം പരിശോധിച്ചശേഷം ചാൻസലർ നിയമപ്രകാരം തീരുമാനം എടുക്കണം. ഇതുവരെ വി സി.മാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിൽ സർക്കാർ തങ്ങളെ പറ്റിച്ചുവെന്ന വികാരം വൈസ് ചാൻസലർമാർക്കുണ്ട്. സർക്കാരിന്റെ ഗവർണ്ണറുടെ നിർദ്ദേശം മാനിച്ച് രാജിവയ്ക്കാത്തവർ ഇനി പുറത്താക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് വസ്തുത. ഗവർണ്ണർ പുറത്താക്കുമെന്നും ഉറപ്പാണ്.
പുറത്താക്കിയാൽ വിസിമാർ വീണ്ടും കോടതിയിൽ പോയാലും സർക്കാർ നിലപാട് നിർണ്ണായകമാണ്. സുപ്രീംകോടതി വിധിയോട് സർക്കാർ അവിടേയും മൗനം പുലർത്തിയാൽ തിരിച്ചടിയുറപ്പാകും. കൈയിലെ കാശ് പോകുന്നത് മാത്രമാകും മിച്ചം. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഈ വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഒരിക്കലും വിസിമാരെ പൂർണ്ണമായും പിന്തുണച്ചില്ല. ഗവർണ്ണറെ നടപടിക്രമങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്.
രാജി അഭ്യർത്ഥയാണ് നടത്തിയതെന്നും രാജി ആവശ്യപ്പെട്ടില്ലെന്നും ചാൻസലറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സർക്കാർ പക്ഷം പിടിക്കുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് ആരുടേയും പക്ഷം പിടിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതി പറഞ്ഞു. ഗവർണറുടെ തിടുക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും രാജി ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതൊന്നും ശരിയല്ലെന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയില്ല. ഇതാണ് വിസിമാരുടെ കേസിനെ ശ്രദ്ധേയമാക്കുന്നതും.
ഇതിൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് വിസിമാർ പ്രതീക്ഷിച്ചതായിരുന്നില്ല. സുപ്രീംകോടതി വിധിയെ തള്ളി പറയാനോ അതിനെ ചോദ്യം ചെയ്യാനോ അത് വിസിമാർക്ക് എതിരല്ലെന്നോ സർക്കാർ പറഞ്ഞില്ല. സുപ്രീംകോടതി വിധി ഹൈക്കോടതിക്ക് വരെ ബാധകമാണെന്ന ജസ്റ്റീസിന്റെ അഭിപ്രായ പ്രകടനത്തേയും കോടതിയിൽ സർക്കാർ എതിർത്തില്ല. ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിലതെല്ലാം പറഞ്ഞിരുന്നു. സാങ്കേതിക സർവ്വകലാശാലയിലെ വിധി മറ്റ് വിസിമാർക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തുകൊണ്ട് ഈ നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് വിസിമാരെ കുഴയ്ക്കുന്നത്.
വി സി. നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം. ചാൻസലറാണ് നിയമനാധികാരി. എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടാ. ആരെങ്കിലും ചോദ്യം ചെയ്യുംവരെ സ്ഥാനത്ത് തുടരാം എന്ന് എങ്ങനെ വാദിക്കാനാകും എന്ന് കോടതി ചോദിച്ചു. ചാൻസലറുടെ നോട്ടിസ് നിയമപരമല്ലെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും വൈസ് ചാൻസലർമാർ വാദിച്ചു. എന്നാൽ ഈ വാദമൊന്നും സർക്കാർ മുമ്പോട്ട് വച്ചില്ല. ഗവർണ്ണറുടെ തിടുക്കം മാത്രമായി സർക്കാരിന്റെ വിഷയം. അതായത് നടപടിക്രമങ്ങൾ പാലിച്ച് വിസിമാരെ പുറത്താക്കാമായിരുന്നുവെന്നാണ് സർക്കാർ പരോക്ഷമായി പറഞ്ഞു വച്ചത്.
ഇന്നലെ പാലക്കാട് നടന്ന പത്ര സമ്മേളനത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. വൈസ് ചാൻസലറുടെ നിയമനാധികാരി ഗവർണർ ആണ്. നിയമനം ചട്ട വിരുദ്ധമാണെങ്കിൽ പ്രാഥമിക ഉത്തരവാദി ഗവർണർ തന്നെയാണ്. അപ്പോൾ ആരാണ് രാജി വയ്ക്കേണ്ടത്? ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ചിന്തിക്കണം. കെ.ടി.യു. ഉത്തരവ് സാങ്കേതികം മാത്രമാണ്. അപ്പീൽ സാദ്ധ്യതയുണ്ട്. സുപ്രീംകോടതി ഉത്തരവ് കെ.ടി.യു. വിസിക്ക് മാത്രമേ ബാധകമാകൂ. മറ്റ് വിസിമാർക്ക് ബാധകമല്ല. അവരോട് രാജി ആവശ്യപ്പെടൻ ഗവർണർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. വിസിമാരേ നീക്കം ചെയ്യുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്-ഇതായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഈ നിലപാട് കോടതിയിൽ അഡ്വക്കേറ്റ് ജനറൽ പറയുമെന്നായിരുന്നു വിസിമാരുടെ പ്രതീക്ഷ. എന്നാൽ സർക്കാർ മൗനത്തിലായി. ഇതോടെ ഹൈക്കോടതിയിൽ വിസിമാരുടെ മാത്രം പ്രശ്‌നമായി എല്ലാം മാറി. ഗവർണ്ണർക്ക് കൂടുതൽ കരുത്തു പകരുന്ന തീരുമാനങ്ങളും ഉണ്ടായി.
വാദത്തിനിടെ കണ്ണൂർ വിസിക്ക് കോടതിയുടെ രൂക്ഷപരിഹാസം. തന്റേത് പുനർനിയമനമാണെന്നും യുജിസി. ചട്ടം ബാധകമല്ലെന്നുമുള്ള കണ്ണൂർ വിസിയുടെ വാദത്തിനെതിരെ 80 വയസുവരെ താങ്കൾക്ക് പുനർനിയമനം ആകാമോയെന്ന് കോടതി ചോദിച്ചു. അമേരിക്കൻ സുപ്രീം കോടതി ജഡ്ജിമാർ വിരമിക്കാറില്ലെന്ന് വിസി. മറുപടി പറഞ്ഞു. ചില ജഡ്ജിമാർ വിരമിക്കാറില്ല എന്നാൽ മരിച്ചുപോയ്‌ക്കൊള്ളുമെന്ന് കോടതി തിരിച്ചടിച്ചു. തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാർ ഹർജി നൽകിയത്. സാങ്കേതിക സർവകലാശാലാ വിസിയെ പുറത്താക്കിയ സുപ്രീം കോടതിവിധി സംസ്ഥാന സർക്കാരും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടിയെന്ന വാദവും ഹൈക്കോടതി ഉൾക്കൊണ്ടുവെന്നാണ് വിലയിരുത്തൽ.
അങ്ങനെ കോടതിയിലെ സർക്കാർ നിലപാടുകളെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിരുദ്ധമായി. ഗവർണറുടേത് അസ്വഭാവിക നടപടിയാണ്. ഇത് സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നു കയറ്റമാണ്. ഇല്ലാത്ത അധികാരമാണ് ഗവർണർ ഉപയോഗിക്കുന്നത്. വിസിമാരുടെ വാക്കുകൾ കേൾക്കാതെയാണ് നടപിയടുത്തത്. രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഗവർണർക്ക് ഉള്ളത്. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം. ചില കാര്യങ്ങൾ നടത്താൻ ഗവർണർ അത്യുൽസാഹം കാണിക്കുന്നു. സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ളതല്ല ഗവർണർ പദവി. അമിതാധികാരം പ്രയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് പോലും പിണറായി പറഞ്ഞിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാതെ ഗവർണർ മനഃപൂർവം വൈകിക്കുന്നു. ഇത് നിയമസഭയോടുള്ള അവഹേളനമാണ്. ബില്ലുകൾ ചോദ്യംചെയ്യാനുള്ള അധികാരം കോടതികൾക്ക് മാത്രമാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കുന്നതിനോ കഴിയില്ല. ഇക്കാര്യത്തിൽ മുഖ്യന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ