തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന തുടരുമ്പോഴും എല്ലാം പഴയപടി തന്നെയാണ്. ഇതോടെ കർശന നിലപാടിലേക്ക് നീങ്ങാൻ ആരോഗ്യ വകുപ്പ് ഒരുങ്ങുകയാണ്. മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡില്ലെന്നു കണ്ടെത്തിയാൽ ഉടൻ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കും. എല്ലാത്തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.

ഭക്ഷ്യസുരക്ഷാ നിയമത്തിൽ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണു വേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതും വ്യാജവുമായ സർട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാറുണ്ടെന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്.

തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകൾക്കു നിയോഗിക്കുന്ന കാര്യം പരിശോധിക്കും. സ്ഥാപനം നടത്തിപ്പുകാർക്കു ശിക്ഷ ഉറപ്പാക്കാൻ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹെൽത്ത് കാർഡ് രജിസ്റ്റേഡ് ഡോക്ടറിൽനിന്നു വാങ്ങണം. രക്ത പരിശോധനയും ശരീര പരിശോധനയും നടത്തണം. അണുബാധ, പകർച്ചവ്യാധികൾ, ചർമരോഗങ്ങൾ, കാഴ്ച എന്നിവയാകും പ്രധാനമായും പരിശോധിക്കുക. ആദ്യ രക്തപരിശോധനയിൽ സംശയമുണ്ടായാൽ തുടർപരിശോധനകൾ നിർദേശിക്കാം. പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടുണ്ടെന്ന് ഡോക്ടർ ഉറപ്പാക്കണം. സർട്ടിഫിക്കറ്റിന്റെ മാതൃക ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്‌സൈറ്റിലുണ്ട്. സർട്ടിഫിക്കറ്റും പരിശോധനാ ഫലങ്ങളും ജോലി സ്ഥലത്തു സൂക്ഷിക്കണം. 6 മാസത്തിലൊരിക്കൽ രക്തം ഉൾപ്പെടെ പരിശോധിച്ച് ഹെൽത്ത് കാർഡ് പുതുക്കണം.

അതേസമയം ഇന്നലെ സംസ്ഥാനത്തു 10 ദിവസത്തിനകം മൂവായിരത്തോളം സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനവും ലൈസൻസ് ഇല്ലാത്തതുമായ 112 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. 578 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. അതിനിടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ സംസ്ഥാനത്ത് പ്രശ്‌നമായി നിൽക്കുന്നത് ജീനവക്കാരുടെ കുറവാണ്.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ കുറഞ്ഞത് 40 ജീവനക്കാരെങ്കിലും വേണമെന്നിരിക്കെ കോഴിക്കോട് ജില്ലയിൽ 14 ജീവനക്കാർ മാത്രമാണുള്ളത്. ജില്ലയിൽ അയ്യായിരത്തിലധികം ഹോട്ടലുകളുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന 12,000 സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇവിടങ്ങളിൽ പരിശോധന നടത്താനുള്ളത് 14 ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ !. സംസ്ഥാനത്താകെ 140 ഭക്ഷ്യ സുരക്ഷാ ഓഫീസർമാത്രമാണുള്ളത്.

ഭക്ഷ്യവിഷബാധ ഏറിവരുന്ന സാഹചര്യത്തിൽ പരിശോധനകൾക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുകയാണ്. കോർപ്പറേഷൻ പരിധിയിൽ ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് 10,000 സ്ഥാപനങ്ങളിലെങ്കിലും പരിശോധന നടത്തേണ്ട സ്ഥിതിയാണ്. പഞ്ചായത്ത് തലത്തിൽ ഒരാൾക്ക് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്. പരാതി ലഭിക്കുമ്പോൾ ഓടിയെത്തുകയും പരിശോധനകൾ നടത്തുകയുമാണ് നിലവിലെ അവസ്ഥ.ജീവനക്കാരുടെ കുറവുമൂലം തുടർ പരിശോധനകൾ നടത്താൻ കഴിയാറില്ല.

മൂന്നു മാസത്തിൽ 30 പരിശോധനകളാണ് നടത്തേണ്ടത്.എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനകം 5000ത്തോളം പരിശോധനകൾ നടത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധയെ തുടർന്ന് വരുന്ന സ്പെഷ്യൽ ഡ്രൈവുകൾ കൂടിയാവുമ്പോൾ ജോലിഭാരം ഏറുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. പരാതികളുയരുന്ന സ്ഥലങ്ങളിൽ കൃത്യസമയത്ത് പരിശോധന നടത്തി നടപടിയെടുക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയാത്ത സ്ഥിതിയാണ്.

അതേസമയം അന്വേഷണത്തിനും പരിശോധനകൾക്കുമായി പോവുന്നതിന് ആവശ്യമായ വാഹനങ്ങളും വകുപ്പിന് കീഴിലില്ല. ഒരു വാഹനം മാത്രമാണ് നിലവിൽ ഉള്ളത്. അത്യാവശ്യ സമയങ്ങളിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്താണ് പരിശോധനകൾക്കായി പോകുന്നത്. ഇതും വകുപ്പിന് വെല്ലുവിളിയായിട്ടുണ്ട്.'' ജില്ലയിൽ ആകെ 14 ഭക്ഷ്യസുരക്ഷാ ജീവനക്കാരാണ് ഉള്ളത്.