തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കത്ത്. കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്.

കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളിൽ നിന്നുള്ള കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ 5 പേർക്കും നൽകിയത്. വാക്സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉൾപ്പെടെയാണ് മന്ത്രി കത്തയച്ചത്. കെ.എം.എസ്.സി.എൽനോട് വീണ്ടും വാക്സിൻ പരിശോധനയ്ക്ക് അയയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരുവ് നായ്ക്കളുടെ കടിയേറ്റ പന്ത്രണ്ടുകാരി പേവിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് മുഖ്യമന്ത്രി പിണാറിയ വിജയൻ സംശയം പ്രകടിപ്പിച്ചിട്ടും വീണാ ജോർജ് വിഷയം ഗൗരവമായി എടുത്തില്ലെന്നും മരണങ്ങളുടെ ധാർിമകമായ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം റാന്നിയിൽ പന്ത്രണ്ട് വയസ്സുകാരി മരണപ്പെട്ടതിന് പിന്നാലെ ഇന്ന് തെരുവുനായയുടെ അക്രമണത്തിൽ 12 വയസ്സുകാരന് കടിയേറ്റു.വരോട് അത്താണിയിൽ മനാഫിനെയാണ് നായ കടിച്ചത്. മദ്രസയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. പ്രദേശത്ത് മറ്റ് രണ്ടുപേർക്ക് കൂടി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വിജയൻ, ഹുസൈൻ എന്നിവർക്കാണ് കടിയേറ്റത്.

പിറകിൽ നിന്നെത്തിയ നായ മഹ്നാസിനെ കടിക്കുകയായിരുന്നു. വലതുകാലിന് ആഴത്തിൽ മുറിവേറ്റു. മഹ്നാസ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ ആറ്റിങ്ങലിൽ എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ചിറ്റാറ്റിൻകരയിലും പാലമൂട്ടിലുമുള്ളവർക്കാണ് കടിയേറ്റത്. ചിറ്റാറ്റിൻകരയിലുള്ള പ്രഭാവതി (70), ഗോകുൽരാജ് (18), പൊടിയൻ (58), ലിനു (26) എന്നിവർക്കും പാലമൂട്ടിലുള്ള നാലുപേർക്കുമാണ് കടിയേറ്റത്.

ഇതിൽ 60 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മയും ഉൾപ്പെടുന്നു.പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും പരിക്കേറ്റു.