- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഹുൽഗാന്ധിയും നേതാക്കളും ബാറിൽ നിന്നിറങ്ങി വരുന്ന ദൃശ്യം'; ഭാരത് ജോഡോയെ അപമാനിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്സ്; വീഡിയോ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിക്ക് പൊലീസിൽ പരാതി സമർപ്പിച്ചതായി വി ടി ബലറാം
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെയും പങ്കെടുക്കുന്ന നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്സ്.വ്യാജ വീഡിയോ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കോൺഗ്രസ്സ് നേതാക്കൾ പൊലീസിൽ പരാതി നൽകി.പരാതി നൽകിയ വിവരം വിടി ബലറാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുമുണ്ട്.
ഭാരത് ജോഡോ യാത്രയെ അപമാനിക്കുന്നതിനായി ദുരുദ്ദേശ്യത്തോടെ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ കോൺഗ്രസ് പാർട്ടി നിയമനടപടികൾ സ്വീകരിക്കുകയാണ്.ഇതിന്റെ ഭാഗമായുള്ള ക്രിമിനൽ പരാതി പൊലീസിന് സമർപ്പിച്ചുവെന്ന് വി ടി ബലറാം സമൂഹമാധ്യമത്തിൽ കുറിച്ചു.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിനിടെ രാഹുൽഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ബാറിൽ നിന്നും ഇറങ്ങിവരുന്ന ദൃശ്യം എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്.
സിപിഎം സൈബർ ഗ്രൂപ്പുകളിലടക്കം ദൃശ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.ഇത് വൻവിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് നിയമനടപടികളുമായി കോൺഗ്രസ്സ് നേതൃത്വം രംഗത്ത് വരുന്നുത്.
അതേസമയം ഇതാദ്യമായല്ല ഭാരത് ജോഡോയാത്രക്കെതിരെ ഇത്തരത്തിൽ വ്യാജപ്രചരണങ്ങൾ നടക്കുന്നത്.തമിഴ്‌നാട്ടിലെ പര്യടന സമയത്തും സമാന രീതിയിൽ മറ്റൊരു വീഡിയോ പ്രചരിച്ചിരുന്നു.എന്നാൽ തുടരന്വേഷണത്തിൽ ആ വീഡിയോ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ സ്ത്രീ അപമാനിക്കപ്പെട്ടു എന്ന അവകാശവാദവുമായാണ് നേരത്തെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനു മധ്യത്തിലായി നിൽക്കുന്ന സ്ത്രീയെ തൊട്ടടുത്ത് നിൽക്കുന്ന പുരുഷൻ അനുചിതമായി സ്പർശിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
വീഡിയോയിലുള്ള സ്ത്രീ ഒരു കാവി ഷാൾ കഴുത്തിൽ അണിഞ്ഞിട്ടുള്ളതായി കാണാം. കാവിനിറത്തിലുള്ള ഷാളുകൾ പൊതുവെ കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കാറില്ല. അതിനാൽ, ഇത് ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന സംഭവമാകാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ മറ്റൊരു മാധ്യമത്തിൽ വന്ന യഥാർത്ഥ വാർത്ത കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി. നേതാവ് ശശികല പുഷ്പയെ അവിടുത്തെ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി പൊൻ ബാലഗണപതി അപമാനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള വാർത്തയാണിത്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്നതെന്ന തരത്തിൽ പ്രചരിച്ചത്.
നിരവധിപേരാണ് വനിത കമ്മീഷനെയും അധ്യക്ഷയെയും മെൻഷൻ ചെയ്തുകൊണ്ട് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിനെത്തുടർന്ന്, പൊൻ ബാലഗണപതിയോട് ദേശീയ വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 26-ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ, പ്രചരിക്കുന്ന വീഡിയോയ്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ലെന്ന് ഉറപ്പിച്ചു.
പാർട്ടി പരിപാടിക്കിടെ സ്ത്രീ അപമാനിക്കപ്പെട്ടതിന്റെ വീഡിയോ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതല്ല. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പരമക്കുടിയിൽ ഈ മാസം 11-ന് നടന്ന സംഭവമാണിത്. തമിഴ്‌നാട്ടിലെ ബിജെപി. നേതാവായ ശശികല പുഷ്പയെ അവിടുത്തെ ബിജെപി. ജനറൽ സെക്രട്ടറി അനുചിതമായി സ്പർശിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിവ. വീഡിയോ വൈറലായതോടെ പൊൻ ബാലഗണപതിയോട് ദേശീയ വനിത കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ