- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവർണ്ണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അവതരിപ്പിച്ചത് പിടിക്കാത്ത കാലം; ആദ്യ മലയാള സിനിമാ നായികയെ ചാലയിൽ വസ്ത്രാക്ഷേപവും ചെയ്തു; പേടിച്ച് നാടുവിട്ട അവരെ പിന്നീട് ആരും കണ്ടില്ല; നാഗർകോവിലിൽ താമസിച്ച രാജമ്മയ്ക്ക് ഒടുവിൽ ആദരം; വിഗത കുമാരനിലെ നായിക പികെ റോസി ഗൂഗിൾ ഡൂഡിൽ നിറയുമ്പോൾ
തിരുവനന്തപുരം : മലയാള സിനിമയിലെ ആദ്യ നായിക പികെ റോസിയുടെ 120-ാം ജന്മദിനത്തിൽ ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിലിന്റെ ആദരം. 1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്തായിരുന്നു പികെ റോസിയുടെ ജനനം. സവർണ്ണ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിന് അപമാനിക്കപ്പെടുകയും, ആട്ടിയോടിക്കപ്പെടുകയും ചെയ്ത കീഴ്ജാതിക്കാരിയായ ആദ്യ മലയാള നായികയാണ് റോസി. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായരുന്നു രാജമ്മ എന്ന പി.കെ. റോസി .
1903-ൽ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം. ജെ.സി. ഡാനിയൽ സംവിധാനം ചെയ്ത ആദ്യമലയാള ചലച്ചിത്രമായ വി?ഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യൻ വനിത കൂടിയാണ് പി.കെ.റോസി. വിഗതകുമാരന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താൽ നായിക സ്‌ക്രീനിൽ വന്നപ്പോഴൊക്കെ കാണികൾ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്തിരുന്നു. സവർണർ അവരെ ഭ്രഷ്ട് കൽപ്പിച്ച് നാടുകടത്തി. പിന്നീട് ജെ.സി ഡാനിയേലിന്റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളം അംഗീകരിച്ചു.
സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത്, ചലച്ചിത്രത്തിൽ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു. റൗഡികൾ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് അക്രമികളെ ഒതുക്കിയത്. 1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. ഇതിന് ശേഷം തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.
നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ അവരെ വിവാഹം കഴിക്കാൻ പോലും ആരും തയ്യാറായില്ല. പിടിച്ചുനിൽക്കാനാവാതെ റോസി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല
റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരൻ ഗോവിന്ദൻ എന്നയാൾ വെളിപ്പെടുത്തുകയുണ്ടായി. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നുംമാണ് ഇദ്ദേഹത്തിന്റെ പക്ഷം. രാജമ്മ പേരുമാറ്റിയിരിക്കാമെങ്കിലും മതം മാറ്റിയിട്ടില്ലെന്നാണ് ഗോവിന്ദൻ അവകാശപ്പെടുന്നത്. രാജമ്മ മരിച്ചുവെന്നും സഹോദരൻ പറയുന്നുണ്ട്.
നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടുവിട്ടുപോവുകയും അമ്മാവന്റെ വീട്ടിൽ താമസിക്കുകയുമായിരുന്നു. ഗോവിന്ദൻ, കൊച്ചപ്പി, സരോജിനി എന്നിവരാണ് രാജമ്മയുടെ സഹോദരങ്ങൾ.
പികെ റോസി, രാജമ്മ, വിഗതകുമാരൻ
മറുനാടന് മലയാളി ബ്യൂറോ