- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിപ്പട്ടികയോടും 'കടക്ക് പുറത്ത്'; അഴിമതിക്കെതിരായി വിജിലൻസ് ആരംഭിച്ച പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുളയിലെ നുള്ളി; പദ്ധതി പ്രാവർത്തികമായിരുന്നെങ്കിൽ 'കുട്ടി മേയറുടെ കത്ത് നിയമനം' ഉൾപ്പെടെ നടപ്പാക്കുന്നതെങ്ങനെ; പിണറായിയുടെ അഴിമതിരഹിത സുസ്ഥിരവികസനം പാഴ് വാക്കാകുമ്പോൾ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരത്തിലേക്കെത്തിയപ്പോൾ സർക്കാരിനെ ബ്രാന്റ് ചെയ്യുന്ന രണ്ട് പ്രധാന വാക്കുകളായിരുന്നു അഴിമതി രഹിത സുസ്ഥിര വികസനവും ,ചുവപ്പ് നാടയിൽ കുരുങ്ങാത്ത ജീവിതങ്ങളും എന്നിവ.പക്ഷേ ഇത് രണ്ടും കടലാസ് പുലികളായി മാറുന്ന സ്ഥിരം വാഗ്ദാനങ്ങളുടെ പട്ടികകളിലേക്ക് മാറുന്ന കാഴ്‌ച്ചയാണ് പിന്നീട് കേരളം കണ്ടത്.ഇന്നിതാ അതിന് ഏറ്റവും വലിയ ഉദാഹരണമെന്നോണം കുട്ടി മേയറും പാർട്ടിയും ചേർന്ന് നടത്തുന്ന നിയമന തട്ടിപ്പ് വിവരം പുറത്ത് വന്നതിലേക്കെത്തി നൽക്കുന്നു പിണറായി സർക്കാരിന്റെ അഴിമതിക്ക് കുടപിടിക്കുന്ന സ്വജനപക്ഷപാതപരമായ നിലപാടുകൾ.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ കാലത്ത് തന്നെ സർക്കാർ വകുപ്പുകളിലെ അഴിമതി ഇല്ലാതാക്കാൻ വിജിലൻസ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു 'അഴിമതിപ്പട്ടിക' തയ്യാറാക്കുക എന്നത്.എന്നാൽ അഴിമതിയുടെ കാര്യത്തിൽ പിണറായി സർക്കാരിലെ വകുപ്പുകൾ തമ്മിൽ നടന്ന കിടമത്സരം മൂലമാണോ എന്തോ ഈ പദ്ധതി സർക്കാർ തന്നെ ഇടപെട്ട് മുളയിലേ നുള്ളി.അന്ന് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ആയിരുന്നു.അതേ വകുപ്പിന് കീഴിൽ വരുന്ന തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പുറത്തുവരുന്നതാകട്ടെ സർവ്വത്ര അഴിമതി കഥകളും.പുറത്ത് വരാത്ത എത്രയോ സമാനമായ അഴിമതികളാകും അപ്പോൾ മറ്റ് വകുപ്പുകളുടെ കീഴിലും നടന്നിരിക്കുക.
ഇത്തരത്തിലുള്ള അഴിമതികൾക്ക് കൃത്യമായി തടയിടുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് 'കേരള ആന്റി കറപ്ഷൻ ഇൻഡക്‌സ്' തയാറാക്കാൻ അന്ന് വിജിലൻസ് തീരുമാനിച്ചത്.അന്ന് ആ കാര്യത്തിൽ കേരളത്തിലെ വിജിലൻസ് കാട്ടുന്നത് രാജ്യത്തിനാകെ മാതൃകയായ വിജിലൻസ് പ്രവർത്തനമെന്നായിരുന്നു പിണറായി വിജയൻ പരാമർശിച്ചത്.
എന്നാൽ അഴിമതി പട്ടിക പുറത്തുവന്നതോട് കൂടി സഖാക്കന്മാരടക്കം കുടുങ്ങുമെന്ന പേടികൊണ്ടോ എന്തോ അഴിമതി വിരുദ്ധ പദ്ധതിയിൽ നിന്നും പാടെ വലിയുന്ന കാഴ്‌ച്ചയാണ് കണ്ടത്.അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ റിസർച് ആൻഡ് ട്രെയ്‌നിങ് വിഭാഗം ഇൻഡക്‌സ് തയാറാക്കിയിരുന്നു.8 മാസത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണു 2017 മാർച്ചിൽ ആദ്യത്തെ 'അഴിമതിപ്പട്ടിക' പ്രസിദ്ധീകരിച്ചത്.3 മാസം കൂടുമ്പോൾ പട്ടിക പുതുക്കാനും അന്ന് തീരുമാനമെടുത്തിരുന്നു.
സംസ്ഥാനത്തെ 61 സർക്കാർ വകുപ്പുകളെ അഴിമതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചായിരുന്നു പട്ടിക പുറത്തിറക്കിയത്.പട്ടിക പ്രകാരം അഴിമതിയിൽ മുന്നിൽ നിന്ന ആദ്യ 13 വകുപ്പുകളിൽ നടപടികൾ ആരംഭിക്കാനും വിജിലൻസ് തീരുമാനിച്ചു.യഥാക്രമം ഒന്നാം സ്ഥാനത്തെ തദ്ദേശ സ്വയംഭരണത്തിൽ തുടങ്ങി 2. റവന്യു 3. പൊതുമരാമത്ത് 4. ആരോഗ്യം സാമൂഹികക്ഷേമം 5. ഗതാഗതം 6. പൊതുവിദ്യാഭ്യാസം 7. പൊലീസ് 8. ജലവിഭവം 9. ഭക്ഷ്യ സിവിൽ സപ്ലൈസ് 10. എക്‌സൈസ് 11. മൈനിങ് ആൻഡ് ജിയോളജി 12. വാണിജ്യ നികുതി 13. കൃഷി എന്നിങ്ങനെയായിരുന്നു അഴിമതി പട്ടികയിലെ വകുപ്പുകളുടെ റാങ്കിങ്.
പട്ടിക പുറത്തുവന്നതോടെ അതതു മന്ത്രിമാരും ഉത്തരം പറയാനാവാതെ കുഴങ്ങുകയും വകുപ്പുകളിൽ തിരുത്തൽ നടപടി ആരംഭിക്കുകയും ചെയ്തു. ഇതോടെ പുലിവാല് പിടിച്ച സർക്കാർ മാസങ്ങൾക്കകം 'അജ്ഞാത കാരണങ്ങളാൽ' നടപടികളിൽ നിന്നും പതിയെ തടിതപ്പി.അഴിമതി പട്ടിക തയ്യാറാക്കാൻ മുൻകൈയെടുത്ത ജേക്കബ് തോമസാകട്ടെ അതിനകം സർക്കാരിന് അനഭിമതനാകുകയും ചെയ്തു.
പിന്നീടിങ്ങോട്ട് പുറത്ത് വന്ന വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ചുള്ള അഴിമതിയുടെ കഥകൾ പരിശോധിക്കുമ്പോൾ അവിടെയെല്ലാം സർക്കാരിലെ ഉന്നതർക്കും ഭരണത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രധാനികൾക്കുമുള്ള പങ്ക് കൂട്ടി വായിക്കുമ്പോൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അഴിമതിപ്പട്ടികയോട് കടക്ക് പുറത്തെന്ന് പറഞ്ഞതിന് പിന്നിലെ വസ്തുതകൾ വ്യക്തമാകും.
മറുനാടന് മലയാളി ബ്യൂറോ