കോട്ടയം: വിവിധങ്ങളായ അഴിമതി ചൂണ്ടിക്കാട്ടി മത്സ്യഫെഡിന്റെ കോട്ടയം ജില്ല ജനറൽ മാനേജർക്കെതിരെ വിജിലൻസിന് പരാതി നൽകി ജില്ല മത്സ്യഫെഡ് എംപ്ലോയീസ് കോൺഗ്രസ്സ്. മത്സ്യഫെഡിന്റെ മുഴുവൻ കരാറുകളെയും കാറ്റിൽ പറത്തി തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം പോലും ഡിജിഎം ആയ അനിൽകുമാർ ഇല്ലാതാക്കുന്നുവെന്നാണ് പ്രധാനപരാതി. അനിൽകുമാർ ചാർജ്ജെടുക്കുന്ന 2017 വരെ മികച്ച രീതിയിൽ പോയിരുന്ന വ്യവസായത്തെ അദ്ദേഹത്തിന്റ വരവോടെ താറുമാറെയന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.

വലിയ അഴിമതിക്കാരനായ അനിൽകുമാറിനെ ഫിഷ്മാർട്ടിന്റെ ചുമതലകളിൽ നിന്ന് നീക്കി അന്വേഷണം നടത്തി ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും പർച്ചെസിങ്ങിന്റെ പൂർണ്ണ ചുമതല ജില്ല മാനേജർക്ക് നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് ഇറങ്ങുമെന്നും ജില്ല മത്സ്യഫെഡ് എംപ്ലോയീസ് കോൺഗ്രസ്സ് മുന്നറിയിപ്പ് നൽകുന്നു.

പരാതിയിൽ ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങൾ ഇങ്ങനെ.. 2017 വരെ മത്സ്യഫെഡ് കോട്ടയം ജില്ലയിൽ നന്നായി പ്രവർത്തിച്ചു വന്നതാണ്.എന്നാൽ കോട്ടയം ഫിഷ്മാർട്ടുകളുടെ ചുമതല ഡിജിഎം അനിൽ ഏറ്റെടുത്തതോടെ പ്രവർത്തനം മുഴുവൻ താറുമാറായി.ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളിൽ നിന്ന് മത്സ്യം ശേഖരിച്ച് കുറഞ്ഞ വിലയ്ക്ക് നല്ലയിനം മത്സ്യങ്ങൾ വിൽപ്പന നടത്തിയിരുന്ന രീതി പാടേ മാറ്റിക്കൊണ്ട് ഇതരസംസ്ഥാനത്ത് നിന്നും മത്സ്യം വരുത്തി അതാത് ദിവസത്തെ കമ്പോള വിലയേക്കൾ കൂടിയ വിലക്കാണ് വിൽപ്പന നടത്തുന്നത്.ഇത് മത്സ്യഫെഡിനും തൊഴിലാളികൾക്കും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്.

മാത്രമല്ല മുൻപ് അതാത് ദിവസത്തെ വാങ്ങിയ വില ബൂത്തുകളിൽ കൃത്യമായി ലഭിച്ചിരുന്നതും നിർത്തലാക്കി.വില ചോദിക്കുന്ന തൊഴിലാളികളെ അനിൽകുമാർ ഭീഷണിപ്പെടുത്തുന്നുവെന്നും തൊഴിലാളികൾ പറയുന്നു.മത്സ്യഫെഡിന്റെ നഷ്ടം നികത്തുന്നത് തൊഴിലാളികൾക്ക് ലഭിക്കുന്ന 20 ശതമാനം ഇൻസെന്റീവ്‌സിൽ നിന്നും മുഴുവൻ ചെലവും മത്സ്യഫെഡ് എടുത്താണ് ഇതോടെ തൊഴിലാളികൾക്ക് മാസം 1000 രൂപപോലും കിട്ടാത്ത അവസ്ഥയിലേക്ക് എത്തിച്ചതായും പരാതിയുണ്ട്.

മാത്രമല്ല മത്സ്യഫെഡിന്റെ കരാറിന്റെ ലംഘനവും തൊഴിലാളികൾ ഉയർത്തിക്കാട്ടുന്നു. ഇതരസംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കമ്മീഷൻ കൈപ്പറ്റിയാണ് അനിൽ കരാർ നടത്തുന്നത്.എത്തിക്കുന്നതാകട്ടെ ഗുണനിലവാരം ഇല്ലാത്തതും മായം കലർന്നുമായ മത്സ്യം.ചോദ്യം ചെയ്ത തൊഴിലാളികളെ പിരിച്ചുവിടുമെന്നായിരുന്നു അനിലിന്റെ ഭീഷണിയെന്നും ഇവർ പറയുന്നു.മാത്രമല്ല ജില്ലാ മാനേജർക്ക് പർച്ചേസിന് അധികാരം കൊടുരക്കാതെ എല്ലാം അദ്ദേഹം തന്നെ നേരിട്ട് ചെയ്യുന്നതാണ് രീതി.അതിന് വിഘാതം നിൽക്കുന്നവരെ അപ്പോൾ തന്നെ സ്ഥലം മാറ്റുമെന്നും അങ്ങിനെ അഞ്ചോളം പേരെയാണ്് സ്ഥലം മാറ്റിയതെന്നും പറയുന്നു.

ഒപ്പം മത്സ്യം വാങ്ങുന്നതിന് ടെൻഡർ കൊടുക്കുന്നില്ലെന്നും മത്സ്യം കൊണ്ടുപോകുന്ന വാഹനത്തിന് പോലും ടെൻഡർ ഒഴിവാക്കി ഇടനിലക്കാരെ ചുമതലപ്പെടുത്തി അമിതകൂലി ഈടാക്കുന്നത് തൊഴിലാളികൾക്ക് വൻ നഷ്ടം വരുത്തുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിൽ മൊത്തം ഈ രീതിയാണെന്നാണ് മറുപടി ലഭിച്ചതെന്നും അംഗങ്ങൾ പറയുന്നു.