- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സാഖറെക്ക് കേന്ദ്ര ഡെപ്യൂട്ടെഷൻ; നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദിച്ച സാഖറെക്ക് നിയമനം ലഭിച്ചത് ദേശീയ അന്വേഷണ ഏജൻസിയിൽ; ഇടതു സർക്കാറിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ ഐജിയായുള്ള നിയമനം അഞ്ച് വർഷത്തേക്ക്; ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന് നൽകിയേക്കും
തിരുവനന്തപുരം: ഇടതു സർക്കാറിന്റെ അതിവിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായി കണക്കാക്കുന്ന എഡിജിപി വിജയ് സാഖറെക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചു. വിജയ് സാഖറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചുമതലകളിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തുനൽകി.
നിലവിൽ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ. എൻഐഎയിൽ ഇൻസ്‌പെക്ടർ ജനറലായാണ് നിയമനം. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് നിയമിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചത്. പക്ഷെ എൻഐഎയിലേക്ക് അനുവദിക്കുകയായിരുന്നു. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഇദ്ദേഹത്തെ എൻഐഎയിൽ നിയമിക്കുന്നത്. ആവശ്യമെന്ന് തോന്നിയാൽ കേന്ദ്ര സർക്കാരിന് അതിന് മുൻപ് തന്നെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കാവുന്നതുമാണ്.
1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് എഡിജിപി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴി ഇദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു.
സംസ്ഥാനത്ത് ആലപ്പുഴയിലും പാലക്കാടും അടക്കം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കം ക്രമസമാധാന പാലന രംഗത്ത് പൊലീസിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്ന കാലത്ത് കൂടിയായിരുന്നു അദ്ദേഹം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചത്. അടുത്തകാലത്തായി സർക്കാരുമായി ഇദ്ദേഹം സ്വരചേർച്ചയിലായിരുന്നില്ല എന്നും വിവരങ്ങളുണ്ട്. നിലവിൽ നരബലി കേസിന്റെ അന്വേഷണ ചുമതലയും സാഖറെ വഹിക്കാൻ തീരുമാനിച്ചിരുന്നു. അതിവിടെയാണ് പുതിയ നിയമന ഉത്തരവ് പുറത്തിരങ്ങിയത്.
കേന്ദ്രസർക്കാറുമായി പലകാര്യങ്ങളിൽ ഏറ്റുമുട്ടലിന്റെ പാതയിലാണ് സംസ്ഥാന സർക്കാർ. ഇഡിക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോൾ തന്നെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി കൊമ്പു കോർക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തിൽ സംസ്ഥാനവും കേന്ദ്രവും ഏറ്റുമുട്ടുന്ന വഴിയിൽ പോകുമ്പോഴാണ് കേരളത്തിലെ ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത് എന്നതും ്ശ്രദ്ധേയമാണ്.
കൊച്ചി കമ്മിഷണറായിരിക്കെ എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിച്ചാണ് വിജയ് സാഖറെ ക്രമസമാധാനച്ചുമതലയിലേക്ക് എത്തിയത്. സമീപകാലത്ത് ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ പൊലീസ് മേധാവിക്കെതിരേയും ക്രമസാമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരേയും വിമർശനങ്ങളുയർന്നിരുന്നു. എസ്ഡിപിഐ- ബിജെപി പ്രവർത്തകരുടെ കൊലപാതക കേസുമായി ബന്ധപ്പെട്ടു വിമർശനങ്ങൾ സാഖറെ നേരിട്ടു. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടാൻ വൈകിയതിലും പഴികേൾക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
ക്രമസമാധാന എ.ഡി.ജി.പി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽപോയാൽ തലപ്പത്ത് അഴിച്ചുപണിയുണ്ടായേക്കും. നിലവിൽ സേനയ്ക്കുപുറത്തുള്ള ഒരു എ.ഡി.ജി.പി. ക്രമസമാധാനപാലനച്ചുമതലയിലേക്ക് എത്തുമെന്നാണ് വിവരം. ഇടക്കിടെ സേനയിൽ ഉണ്ടാകുന്ന അഴിച്ചുപണിയിൽ സേനക്കുള്ളലും അതൃപ്തി ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ