ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും, കാരവൻ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ മലയാളിയായ വിനോദ് കെ ജോസ് ചുമതല ഒഴിഞ്ഞു. ഫേസ്‌ബുക്കിലെ പോസ്റ്റ് വഴിയാണ് ചൊവ്വാഴ്ച രാവിലെ വിനോദ് രാജി വിവരം അറിയിച്ചത്. ഒന്നര പതിറ്റാണ്ടോളം നീണ്ട യാത്രയ്ക്ക് ശേഷം തന്റെ കാരവൻ ബൂട്ടുകൾ അഴിച്ചുവയ്ക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.

29 ാം വയസിലാണ് വിനോദ് കാരവനിൽ ചേർന്നത്(2009). ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, കോമൺവെൽത്ത് ഗെയിംസ് അഴിമതി, അദാനിയുടെ കോൾഗേറ്റ് കുംഭകോണം, ഹിന്ദുത്വ ഭീകരവാദ ശൃംഖലകൾ തുടങ്ങി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളുമായി കാരവന്റെ എഡിറ്റോറിയൽ ടീമിനെ നയിച്ച ശേഷമാണ് വിനോദിന്റെ പടിയിറക്കം.

കാരവന്റെ ഉടമയും, പബ്ലിഷറും എഡിറ്ററുമായ അനന്ത് നാഥിനും, അനന്തിന്റെ പിതാവ്, പരേഷ് നാഥിനും, സഹോദരി റിച്ചാ ഷായ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് വിനോദിന്റെ എഫ്ബി കുറിപ്പ്. 2009 ൽ കാരവന് ഡൽഹിയിലെ ഏറ്റവും ചെറിയ ന്യൂസ് റൂം ആയിരുന്നിരിക്കണം. എന്റെ ചെറിയ കാറിനുള്ളിൽ കൊള്ളാവുന്ന ജീവനക്കാർ മാത്രം. ഇന്ന് പക്ഷേ ടീം പത്ത് മടങ്ങ് വലുതായി, പഴയ കാലം വിനോദ് ഓർമിച്ചു.

'2023 എനിക്ക് മാധ്യമപ്രവർത്തനത്തിൽ 25-ാമത്തെ വർഷമാണ്. ഇനിയുള്ള ലക്ഷ്യം തന്റെ ഒരു പുസ്തകം പൂർത്തിയാക്കുകയെന്നുള്ളതാണ്. പതിനൊന്ന് വർഷം മുൻപ് ഞാൻ മോദിയെക്കുറിച്ച് എഴുതിയ പുസ്തകം പൂർത്തിയാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിയാത്ത ചരിത്ര പ്രാധാന്യമർഹിക്കുന്ന പുസ്തകം ഉടൻ പൂർത്തിയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.' വിനോദ് കെ ജോസ് കുറിച്ചു. ജേണലിസം റിപ്പോർട്ടിങ് രംഗത്ത് കൂടുതൽ സജീവമാകാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മാഗസനിന്റെ അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കുക രസകരമായിരുന്നു, കാരണം അവ അധികാരികളോട് സത്യം തുറന്നുപറഞ്ഞു, വിനോദ് കുറിച്ചു. തനിക്കൊപ്പം ജോലി ചെയ്ത നിരവധി റിപ്പോർട്ടർമാരുടെയും കോൺട്രിബ്യൂട്ടർമാരുടെയും പേരുകൾ പറഞ്ഞ് അദ്ദേഹം നന്ദി രേഖപ്പെടുത്തി. താൻ ഒരു എഡിറ്ററുടെ സുന്ദരമായ മുറിയിൽ അടച്ചിടപ്പെട്ടിരിക്കുകയായിരുന്നെങ്കിലും, സ്വയം ഒരു റിപ്പോർട്ടറായാണ് കണക്കാക്കുന്നതെന്നും വിനോദ് എഴുതി.

വയനാട് സ്വദേശിയാണ് വിനോദ് കെ. ജോസ്. മണിപ്പാൽ സർവകലാശാലയിൽനിന്ന് കമ്മ്യൂണിക്കേഷനിലും കൊളംബിയ സർവകലാശാലയിൽനിന്ന് ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് മാധ്യമ സാമൂഹികശാസ്ത്രത്തിൽ പി.എച്ച്.ഡിയും പൂർത്തിയാക്കി. നിലവിൽ ഹാർവാഡ് സർവകലാശാലയിൽ റാഡ്ക്ലിഫ് ഫെലോയാണ്. കാരവനിൽ ചേരുന്നതിനുമുൻപ് ഇന്ത്യൻ എക്സ്പ്രസ്, എൻ.പി.ആർ, ബി.ബി.സി, പസിഫിക് റേഡിയോ എന്നിവയ്ക്കായി ഫ്രീലാൻസ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പസിഫിക് റേഡിയോ ഗ്രൂപ്പ് പ്രൊഡ്യൂസറുമായിരുന്നു.