തിരുവനന്തപുരം: തലകുനിക്കാതെ പറഞ്ഞ സമയത്ത് തന്നെ പൊലീസിന് മുമ്പിൽ ഹാജരായി വിനു വി ജോൺ. ഏഷ്യാനെറ്റ് ന്യൂസിലെ പ്രധാന അവതാരകൻ കള്ളക്കേസിൽ കൺന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ ഹാജരായപ്പോൾ ഒപ്പമുണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ മറ്റൊരു മുഖമായ പിജി സുരേഷ് കുമാറും ബ്യൂറോ ചീഫ് കെജി കമലേഷും. ചിരിച്ച മുഖവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് കയറിയ വിനു വി ജോണിനൊപ്പം പിജിയും കമലേഷും സ്റ്റേഷനിലേക്ക് കയറി. അര മണിക്കൂറോളം സിഐയ്ക്ക് മുമ്പിൽ എല്ലാം വിശദീകരിച്ച് വിനു വി ജോൺ പുറത്തേക്ക് വന്നു. അവിടെ നിന്ന മാധ്യമ ക്യാമറകലെ കൈവീശി കാട്ടി ആശങ്കയൊന്നുമില്ലാത്ത മടക്കം. ഏഷ്യാനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടിയായ ഗം അവതാരകൻ നിഷാന്തും അവർക്കൊപ്പമുണ്ടായിരുന്നു.

വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ് രണ്ടു ദിവസം മുമ്പാണ് കിട്ടിയത്. എളമരം കരിം നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം കൺറ്റോൺമെന്റ് പൊലീസാണ് വിനു വി ജോണിനെതിരെ കേസെടുത്തിട്ടുള്ളത്. സി ഐ മുഹമ്മദ് ഷാഫിക്ക് മുമ്പിലാണ് വിനു ഹാജരായതും വിശദീകരണം നൽകിയതും. എളമരത്തിന്റേത് കള്ളപ്പരാതിയാണെന്ന് സമർത്ഥിച്ചാണ് വിനു സ്റ്റേഷൻ വിട്ടത്. വിനുവിനെ അറസ്റ്റു ചെയ്യാനും ജയിലിൽ അടയ്ക്കാനും ചിലർ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ കള്ളപ്പരാതിയിലെ അറസ്റ്റിന് നിയമോപദേശങ്ങൾ എതിരായി. എന്നിട്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാ തോരാതെ സംസാരിക്കുന്ന പത്രപ്രവർത്തക യൂണിയൻ നേതാക്കൾ പോലും വിനു പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ പരിസരത്ത് എത്തിയില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിന് തൊട്ടു താഴെയാണ് കൺന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ.

മറുനാടൻ അല്ലാതെ മനോരമയുടേയും ഇംഗ്ലീഷ് ചാനലായ റിപ്പബ്ലിക്കിന്റേയും ക്യാമറകൾ മാത്രമാണ് വിനു വി ജോണിന്റെ സ്‌റ്റേഷനിലെ ഹാജരാക്കൽ പകർത്താനെത്തിയത്. മറ്റ് മുഖ്യധാരക്കാർ ആരും വന്നില്ലെന്നതാണ് വസ്തുത. ആരോപണമെല്ലാം തെളിവുകളുടെ പി്ന്തുണയിൽ വിനു വി ജോൺ നിഷേധിച്ചതിനാൽ ഇനി കേസുമായി പൊലീസ് മുമ്പോട്ട് പോകുമോ എന്നതാണ് നിർണ്ണായകം. സിആർപിസിയിലെ 41 എ പ്രകാരമാണ് വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. മേലിൽ സമാന കുറ്റം ചെയ്യരുതെന്നും തെളിവുകൾ ഇല്ലാതാക്കരുതെന്നുമുള്ള നിർദ്ദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയിരുന്നു. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തിൽ കണ്ടെത്തിയെന്നും പറയുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം വിനു വി ജോൺ വീഡിയോ തെളിവാക്കി നിഷേധിച്ചു. കള്ളക്കേസാണെന്നും മൊഴി നൽകി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് വിനു വി ജോണിനെ പൊലീസ് പുറത്തേക്ക് വിട്ടത്.

കേസിലെ വിശദാംശങ്ങൾ നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. 2022 മാർച്ച് 28നാണ് സംഭവം നടന്നതെന്നും പരാതി അടുത്ത മാസം 28ന് പത്തരയ്ക്കാണ് കിട്ടിയതെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. 1955ൽ ജനിച്ച എളമരം കരീമാണ് പരാതിക്കാരൻ. അച്ഛൻ ഇസ്മാലുട്ടിയും. ആവലാതിക്കാരനെ ടി വി ചാനൽ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാൽ ്ആക്രമിക്കപ്പെണമെന്നും മനപ്പൂർവ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോൺ പ്രവർത്തിച്ചുവെന്നാണ് ആരോപണം. എളമരം കരിം പോകുന്ന വണ്ടി ഒന്ന് അടിച്ചു പൊട്ടിക്കണമായിരുന്നു, എന്നിട്ട് അതിലുള്ള ആളുകളെ എളമരം കരിം കുടുംബ സമേതമാണെങ്കിൽ അവരെയൊക്കെ ഒന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കിൽ നിന്നും ചോര വരുത്തണമായിരുന്നു എന്ന പ്രസ്താവന നടത്തിയെന്നാണ് എഫ് ഐ ആറിലെ കുറ്റാരോപണം.

പണിമുടക്കിന്റെ പേരിൽ നടന്ന അതിക്രമങ്ങളെ എളമരം കരിം ന്യായീകരിച്ചിരുന്നു. ഇതു സൂചിപ്പിച്ച് 'അദ്ദേഹം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് വിനു ജോൺ ചോദിച്ചിരുന്നു'. ഇതിനെയാണ് അപകീർത്തിപ്പെടുത്തലായി വ്യാഖ്യാനിക്കുന്നത്. എഫ് ഐ ആറിൽ സത്യം എഴുതിയതുമില്ല. ഇതോടെ കേസിൽ വകുപ്പുകൾ എത്തി. ഐപിസിയിലെ 107, 118, 504, 506 എന്നിവയാണ് വകുപ്പുകൾ. കെപി ആക്ടിലെ 120 ഒയും.

എളമരം കരിമിനെതിരെ വിനു പറഞ്ഞ അഭിപ്രായത്തെ വളച്ചൊടിച്ച് കേസിന് ഉതകുന്ന തരത്തിൽ ആക്കിയെടുത്തു എളമരവും സൈബർ സഖാക്കളും. അതിന് ശേഷം വിനുവിനെതിരെ അക്രമാഹ്വാനം നടന്നു. അതെല്ലാം തീർന്നുവെന്ന് വിനുവും കരുതി. അതിനിടെയാണ് കേസിനെ കുറിച്ച് അറിയുന്നത് എന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനു വി ജോൺ വിശദീകരിച്ചിരുന്നു. എന്റെ വീട്ടിലേക്ക് കടന്നു കയറി പോസ്റ്റ് ഒട്ടിച്ചു. നഗരത്തിൽ അടക്കം പോസ്റ്റർ വന്നു. ഐപിഎസുകാരൻ അടക്കം മൊഴി എന്റെ മൊഴി എടുത്തു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഇതിനിടെ കലാവധി തീർന്ന പാസ്‌പോർട്ട് പുതുക്കാൻ നൽകി. അടുത്ത ദിവസം പാസ്‌പോർട്ട് കൈയിൽ കിട്ടി. പിന്നാലെ പൊലീസ് വെരിഫിക്കേഷൻ നടന്നു. അതിൽ എതിരെ റിപ്പോർട്ട് വന്നു. താൻ കേസിൽ പ്രതിയാണെന്നായിരുന്നു അത്-വിനു വി ജോൺ മാസങ്ങൾക്ക് മുമ്പ് കേസിനെ കുറിച്ച് അറിഞ്ഞത് ഇങ്ങനെയാണ്.

ഇതോടെ കേസിനെ കുറിച്ച് അന്വേഷിച്ചു. ഐപിസിയിലെ നാലു വകുപ്പും കേരളാ പൊലീസ് ആക്ടിലെ ഒരു വകുപ്പും ചേർത്താണ് കേസ്. 2022 മാർച്ച് മാസം 28നായിരുന്നു സംഭവം. ഏപ്രിൽ മാസം 28ന് കേസെടുത്തു. ഏപ്രിൽ മാസത്തിൽ കേസെടുത്തെങ്കിൽ പ്രതി അറിയണ്ടേ എന്ന ചോദ്യമാണ് വിനു വി ജോൺ ഉയർത്തിയത്. ആൾട്ട് ന്യൂസ് സഹസ്ഥാപനകനെ അറസ്റ്റ് ചെയ്തപ്പോൾ കണ്ണീരൊഴുക്കുന്നവരുണ്ടല്ലോ പ്രതിഷേധിക്കുന്നവരുണ്ടല്ലോ... കുഞ്ഞിലയുടെ കേസ് ശ്രീ അഭിലാഷ് സൂചിപ്പിച്ചല്ലോ.. ഇതു പോലെ താഴ്‌ത്തി വച്ചിരിക്കുകയായിരുന്നു. പാസ്‌പോർട്ട് കാലാവധി തീർന്നതു കൊണ്ട് ഞാൻ അത് അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു പൊളിട്ടിക്കൽ പ്രഷർ ഉള്ളതു കൊണ്ട് കേസ് എടുത്തുവെന്ന്. അത് താഴ്‌ത്തി വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലും പിടിക്കാൻ-വിനു വി ജോൺ ആരോപിച്ചിരുന്നു,

അത് കേരളത്തിലും സംഭവിക്കും. ഫാസിസ്റ്റ് കേരളം ഭരിക്കുമ്പോൾ ഇതിൽ അപ്പുറവും സംഭവിക്കും. നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല. ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ-ഇങ്ങനെ പറഞ്ഞാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്. പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ, തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ആ ചർച്ച കണ്ടിരുന്നവർക്ക് എല്ലാം അറിയുന്ന കര്യമുണ്ട്. വിനു വി ജോൺ കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കിൽ സമരക്കാർ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.

എളമരം കരീം ആകട്ടെ യാസറിനെ ആക്രമിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ചു കൊണ്ടാണ് സംസാരിച്ചത്. 'ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന്' അദ്ദേഹം പരിഹസിച്ചു. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കിൽ സമരക്കാർ അങ്ങനെ ചെയ്യുമോ എന്ന പോയിന്റായിരുന്നു വിനു ഉന്നയിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോൾ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ'. എന്നാണ് വിനു പറഞ്ഞത്. ഇത് എളമരത്തിന്റെ വാദത്തിനുള്ള മറുവാദമാണ്. എന്നാൽ എളമരത്തെ വധിക്കാൻ ആഹ്വാനം ചെത്തുവെന്നാണ് സഖാക്കൾ പ്രചരിപ്പിച്ചത്.

ഈ വിഷയം ചർച്ച കഴിഞ്ഞ് മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിവാദമായില്ല. ഒടുവിൽ ആ സമരം തീർന്നതോടെയാണ് സൈബർ സഖാക്കൾ അടക്കം പൊടുന്നനേ വിനു എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്ന വിധത്തിൽ പ്രചരിപ്പിച്ചത്..