- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലങ്കോട്-പരിത്തിയൂർ ഇടവകകളിൽ തീര ശോഷണത്തിൽ അനേകം വീടുകൾ കടലെടുത്തു; മുതലപ്പൊഴിയിലെ അശാസ്ത്രീയ പുലിമുട്ട് 50 മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തു; പുലിമുട്ട് നിർമ്മാണവും അശാസ്ത്രീയ ഡ്രജിംഗും കടലിന്റെ ആവാസ വ്യവസ്ഥയും മത്സ്യ സമ്പത്തും ഇല്ലാതായി; അദാനിയുമായി ഇനി നിയമ പോരാട്ടവും; വിഴിഞ്ഞത്ത് പ്രതിഷേധം തുടരും; ബിഷപ്പിന്റെ ഇടയലേഖനത്തിൽ നിറയുന്നത് അതിജീവനം
തിരുവനന്തപുരം: നിലനിൽപ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമെന്ന് ലത്തീൻ സഭ. പള്ളികളിൽ വായിച്ച സർക്കുലറിൽ നിലനിൽപ്പിനുള്ള സമരമാണ് നടക്കുന്നതെന്ന് വിശദീകരിക്കുന്നു. നിലവിലെ മത്സ്യബന്ധന തുറമുഖം തകർച്ചയുടെ വക്കിലാണ്. വലിയ കടപ്പുറം മുതൽ പൂവാർ വരെ കപ്പൽ ചാലിന്റെ പേരിൽ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് മത്സ്യ ബന്ധനം തടസ്സപ്പെടുത്താനുള്ള നിഗൂഢ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് തിരുവനന്തപുരം അതിരൂപതാ മെത്രോപ്പൊലീത്ത തോമസ് ജെ നെറ്റോ കുറ്റപ്പെടുത്തുന്നു.
ഇന്ന് ദിവ്യബലി മധ്യേ തിരുവനന്തപുരം അതിരൂപതയിലെ പള്ളികളിൽ ഈ കുറിപ്പ് വായിച്ചു. പ്രതിഷേധം തുടരുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. സർക്കാരിനെ പരസ്യമായി കുറ്റം പറയുന്നില്ലെങ്കിലും സമരക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നില്ലെന്ന് കുറിപ്പിൽ പറയുന്നുണ്ട്. നിയമ പോരാട്ടം തുടരുമെന്ന് തന്നെയാണ് വിശദീകരിക്കുന്നത്. തീരശോഷണവും ആവാസ വ്യസ്ഥയുടെ തകർച്ചയുമാണ് വിഴിഞ്ഞം തുറമുഖ സമരത്തിന് കാരണമെന്നും വിശദീകരിക്കുന്നുണ്ട്. ഴിഞ്ഞം തുറമുഖകവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാരും സഭാനേതൃത്വവും സമവായത്തിലെത്തുന്നില്ല. സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
ഞായറാഴ്ച മന്ത്രിസഭാ ഉപസമിതി അതിരൂപതാ പ്രതിനിധികളുമായി മൂന്നാംവട്ട ചർച്ച നടത്തും.തുറമുഖ നിർമ്മാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നതിൽ തീരുമാനമാകാത്തതിനാലാണ് ചർച്ചകൾ മുടങ്ങുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാകുന്ന പദ്ധതി നിർത്തിവയ്ക്കാനാകില്ലെന്ന് സർക്കാർ സമരക്കാരോട് വ്യക്തമാക്കി. രണ്ടുതവണ നടന്ന മന്ത്രിതല ചർച്ചകളിലും മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലും ഇക്കാര്യത്തിലാണ് അഭിപ്രായ ഐക്യം ഉണ്ടാകാത്തത്. നിർമ്മാണം പുരോഗമിക്കുന്ന അവസ്ഥയിൽത്തന്നെ ശാസ്ത്രീയപഠനത്തിന് തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കി. ഇതിനിടെയാണ് ഇടയലേഖനവുമായി സഭ എത്തുന്നത്. കുറച്ചുനാളെങ്കിലും നിർമ്മാണം നിർത്തിവച്ച് പഠനത്തിന് തയ്യാറാകണമെന്നതിൽ അതിരൂപതയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല.പല മേഖലയിലുള്ള ഇടനിലക്കാരും ജില്ലയിലെ മന്ത്രിമാരും സമവായ ചർച്ചകൾ നടത്തിയിരുന്നു. സിപിഎം. ജില്ലാ സെക്രട്ടറി ശനിയാഴ്ച അതിരൂപതാ വികാരി ജനറലുമായി ചർച്ച നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.
തീരശോഷണം ചർച്ചയാക്കുന്നതാണ് ഇടയലേഖനം. കൊല്ലങ്കോട് പരിത്തിയൂർ ഇടവകകളിൽ തീര ശോഷണം കാരണം അനേകം വീടുകൾ കടലെടുത്തു. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമ്മിച്ച പുലിമുട്ട് കാരണം 50 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം കടലിലെ പുലിമുട്ട് നിർമ്മാണവും അശാസ്ത്രീയ ഡ്രജിംഗും കാരണം കടലിന്റെ ആവാസ വ്യവസ്ഥയും മത്സ്യ സമ്പത്തും ഇല്ലാതായി. അടിക്കടി ഉയരുന്ന മണ്ണെണ്ണ വില കാരണവും കാലാവസ്ഥാ മുന്നറിയിപ്പ് കാരണവും മത്സ്യത്തൊഴിളാളികൾക്ക് കടലിൽ പോകാൻ പറ്റാത്ത സ്ഥിതി. സർക്കാരിനോട് ശാശ്വത പരിഹാരം ആവശ്യപ്പെടുമ്പോൾ ചലിത് ചെയ്യാമെന്ന് പറയുന്നു. ഓഗസ്റ്റ് 31വരെ നിശ്ചയിച്ചിരിക്കുന്ന സമരവുമായി മുമ്പോട്ട് പോകും. തുടർ പരിപാടികൾ വിവിധ സമിതികളുമായി ആലോചനകൾ നടത്തിയതിന്റെ വെളിച്ചത്തിൽ സെപ്റ്റംബർ നാലുവരെ ചുവടെ ചേർത്തിരിക്കുന്ന ക്രമപ്രകാരം സമര പരിപാടികൾ തുടരും. വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാറുകാരൻ ഇതിനകം കേസുകൾ നൽകി നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മളും നമുക്കാവശ്യപ്പെട്ട കാര്യങ്ങളിൽ നിയമത്തിന്റെ പരിരക്ഷ തേടും. അതിനായി സുമനസ്സുകളായ ധാരാളം അഭിഭാഷകർ മുമ്പോട്ടു വന്നിട്ടുണ്ട്.
ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് ധീരമായി നമുക്ക് മുന്നേറാം. ഈ ദിവസങ്ങളിൽ പ്രാർത്ഥനയുടെ ശക്തികൊണ്ട് നമ്മെ ബലപ്പെടുത്താൻ വിവിധ മേഖലകളിൽ നിന്ന് സന്യസ്ഥരും അൽമായ ശുശ്രൂഷകരും മുമ്പോട്ട് വന്നിട്ടുണ്ട്. എല്ലാവർക്കും നന്ദി-തിരുവനന്തപുരം അതിരൂപതാ മെത്രോപ്പൊലീത്ത തോമസ് ജെ നെറ്റോ വിശദീകരണ കുറിപ്പിൽ പറയുന്നു. ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് തുറമുഖ നിർമ്മാണമേഖലയിൽ സമരം തുടരുന്നത്. പദ്ധതികാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ സബ്‌സിഡി നടപ്പാക്കുക, കാലാവസ്ഥ മുന്നറിയിപ്പ് കാരണം ജോലിക്കു പോകാൻ കഴിയാത്തവർക്ക് മിനിമം കൂലി ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.
ഇതിൽ പുനരധിവാസത്തിന് നടപടികൾ തുടങ്ങിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമൊരുക്കണമെന്ന് അതിരൂപത ആവശ്യപ്പെടുന്നു. പുനരധിവസിപ്പിക്കുന്നതിന് വീട്ടുവാടക നിശ്ചയിക്കുന്നതിലും തർക്കം നിലനിൽക്കുന്നുണ്ട്. സമരം അവസാനിപ്പിക്കാനുള്ള ഏത് ചർച്ചയ്ക്കും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ തയ്യാറാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.30-ാം തീയതിവരെ ജില്ലയിലെ വിവിധ തീരദേശ ഇടവകകളിലെ അംഗങ്ങളെ തുറമുഖ നിർമ്മാണം നടക്കുന്നയിടത്ത് എത്തിച്ച് രാപകൽ സമരം നടത്താനാണ് അതിരൂപതയുടെ തീരുമാനം. രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ സെപ്റ്റംബർ നാലുവരെ സമരം തുടരുമെന്ന് ഇടയലേഖനത്തിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിനും കടലേറ്റത്തിനും കാരണമായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായെന്ന് കുറ്റപ്പെടുത്തുന്നുണ്ട്.പദ്ധതിക്കായി അദാനി കോടതിയെ സമീപിച്ചതോടെ സഭയും കോടതിയെ സമീപിക്കുമെന്നും ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ