- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി മുടങ്ങിയിട്ട് നൂറു ദിവസം; നഷ്ടം 200 കോടിയോട് അടുത്തെന്ന നിലപാടിലേക്ക് അദാനി ഗ്രൂപ്പ്; പ്രതിഷേധത്തിന്റെ നൂറാം ദിനം കരയിലും കടലിലും സമരക്കാരെ നിറയ്ക്കാൻ ലത്തീൻ രൂപത; വെള്ളിയാഴ്ച കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും; വിഴിഞ്ഞത്ത് കേന്ദ്ര സേനയെത്താൻ സാധ്യത ഏറെ; അദാനിയുടെ നഷ്ടം സഭയിൽ നിന്ന് ഈടാക്കുമോ?
തിരുവനന്തപുരം: വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണ പ്രവർത്തനം നിലച്ചിട്ട് നാളെ നൂറ് ദിവസം. തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ നിർമ്മാണ വിരുദ്ധ സമിതി നടത്തുന്ന അതിജീവന പ്രക്ഷോഭം തുടങ്ങിയതോടെയാണ് പണി നിലച്ചത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 20 ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് സമരം തുടങ്ങിയത്. ഓഗസ്റ്റ് 16ന് സമരമുഖം തുറമുഖ നിർമ്മാണ കവാടത്തിലേക്കു മാറ്റി. ഇതോടെ തുറമുഖ നിർമ്മാണവും നിലച്ചു. അതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള ഉത്തരവുകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്നു ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.
ഹൈക്കോടതി കേസിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. കേന്ദ്ര സേനയെ വിഴിഞ്ഞത്തിന്റെ സുരക്ഷ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സും നൽകിയ ഹർജികളും കോടതി ഉത്തരവ് പാലിച്ചില്ലെന്നുള്ള കോടതി അലക്ഷ്യ ഹർജികളുമാണു ജസ്റ്റിസ് അനു ശിവരാമൻ പരിഗണിച്ചത്. പദ്ധതി പ്രദേശത്തേക്കു പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും തടസ്സമുണ്ടാകരുതെന്നു കോടതി നിർദേശിച്ചിരുന്നു. ക്രമസമാധാനം നിലനിർത്താനും റോഡ് തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശിച്ച കോടതി പൊലീസിന് ഇതു കഴിയുന്നില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ തുറമുഖം തടസ്സപ്പെടുത്തുന്ന സമരത്തിൽ ഇടപെടാൻ പൊലീസിന് ആയില്ല. അവർ കാഴ്ചക്കാരായി നിന്നു. സമര പന്തൽ പോലും പൊളിക്കാനായിട്ടില്ല. 200 കോടിയുടെ നഷ്ടം ഇതുമൂലമുണ്ടായി എന്നാണ് അദാനിയുടെ നിലപാട്. ഈ തുക സർക്കാരിനോട് അദാനി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ നഷ്ടം ലത്തീൻ സഭയിൽ നിന്ന് ഈടാക്കാൻ കോടതി ആവശ്യപ്പെടാൻ ഇടയുണ്ട്. അങ്ങനെ വ്ന്നാൽ കേസ് നിർണ്ണായക വഴിത്തിരുവുകളിലേക്ക് എത്തും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തു നിലപാട് എടുക്കുമെന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും തിരുവനന്തപുരത്തെ വമ്പൻ വികസന പദ്ധതി അട്ടിമറിക്കപ്പെടുന്ന അവസ്ഥയിലാണ്.
തീരശോഷണത്തിനു പരിഹാരം കാണുക എന്നതു കൂടാതെ തീരശോഷണം മൂലം വീടുകൾ നഷ്ടപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം, സാമൂഹികപരിസ്ഥിതി ആഘാത പഠനം നടത്തുക, മണ്ണെണ്ണ വില വർധന പിൻവലിക്കുക തുടങ്ങി 7 ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. പ്രശ്‌നം പരിഹരിക്കാൻ ഗവർണർ, മുഖ്യമന്ത്രി എന്നിവരുമായി ഒരു തവണയും മന്ത്രിസഭാ ഉപസമിതിയുമായി 5 തവണയും ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്നും മറ്റ് ആറ് ആവശ്യങ്ങളും അംഗീകരിച്ചുവെന്നുമാണ് സർക്കാരിന്റെ അവകാശവാദം.
സമരം 100ാം ദിവസം തികയുന്ന നാളെ കടലിലും കരയിലും ഒരേ സമയം സമരം നടത്താനാണ് തീരുമാനം. മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 8.30 മുതൽ 5.30 വരെയാണു സമരമെന്നു സമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര പറഞ്ഞു. എല്ലാ ഇടവകകളിൽ നിന്നും ജനങ്ങളെ പങ്കെടുപ്പിക്കണമെന്ന് ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഞായറാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. ഇതുവരെ അനുരഞ്ജന ചർച്ചയ്ക്ക് സർക്കാർ തയാറായിട്ടില്ല.
വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ്. എന്നാൽ സമരപന്തൽ സ്വകാര്യ ഭൂമിയിലാണ് എന്നും പൊളിച്ചുമാറ്റില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലത്തീൻ അതിരൂപത.
മറുനാടന് മലയാളി ബ്യൂറോ