തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമര മുന്നണിയിൽ പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് പത്ത് വർഷത്തിനിടെ വിദേശഫണ്ടായി 11 കോടി രൂപ ലഭിച്ചെന്ന ആരോപണം അന്വേഷണത്തിൽ. ഇതിനിടെ സമര സമിതിക്ക് ദുബായ് ഷെയ്ഖ് വലിയൊരു തുക സംഭാവന നൽകിയെന്ന സമരവേദിയിലെ പ്രഖ്യാപനമെന്നോണം വീഡിയോയും പ്രചരിക്കുന്നു. ഈ വീഡിയോയും നിരീക്ഷണത്തിലാണ്. ഈ വീഡിയോ യഥാർത്ഥമാണോ എന്നും പരിശോധിക്കുന്നുണ്ട്.

സമര വേദിയിൽ നേതാവ് നടത്തുന്ന ആമുഖവും തുടർന്നുള്ള പ്രവാസി മലയാളിയുടെ പ്രസംഗവുമാണ് വൈറലാകുന്നത്. വിഴിഞ്ഞം സമരം കണ്ട് ദുബായിലെ ഷേയ്ക് വലിയൊരു ഷേയ്ക് ഹാൻഡ് തന്നു വിട്ടിട്ടുണ്ടെന്നും ഈ ഷെയ്ക് ഹാൻഡിനൊപ്പം വലിയ തുക സംഭാവന നൽകിയെന്നും സമര സമിതി നേതാവ് പറയുമ്പോൾ കൈയടി ഉയരുന്നു. ഇതിനൊപ്പമാണ് സമര സമിതി നേതാവിന്റെ ഭാര്യയുടെ സംഘടനയ്‌ക്കെതിരൈ ഉയരുന്ന ആരോപണം. പരാതിയിൽ ഇന്റലിജൻസ് ബ്യൂറോ വിവരങ്ങൾ ശേഖരിക്കുന്നു.

സമരാവശ്യത്തിനും രാജ്യവിരുദ്ധ പ്രവർത്തനത്തിനും ഫണ്ട് ചെലവഴിച്ചോ എന്നാണ് പരിശോധിക്കുന്നത്.2018-19 സാമ്പത്തിക വർഷത്തിൽ നാല് കോടിയും, 2019-20 സാമ്പത്തിക വർഷം 1.35 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷം ലഭിച്ച തുകയുടെ കണക്ക് ആഭ്യന്തര മന്ത്രാലയത്തിന് ഇവർ സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരത്തെ ചിലരാണ് വിദേശ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഐ.ബിക്ക് കൈമാറിയത്. മറ്റ് രണ്ട് സംഘടനകളുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളും ഐ.ബി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പതിനൊന്ന് സംഘടനകൾ ഇന്റലിജൻസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് . കേരള കൗമുദിയും ന്യൂസ് 18 കേരളയുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഞെട്ടിക്കുന്ന വിവരങ്ങൾ ഇതിലുണ്ട്.

ന്യൂസ് 18 കേരളയുടെ വാർത്ത ചുവടെ

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന. ഇതേതുടർന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. സമരസമിതി നേതാവ് എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയൻ എന്ന എ ജെ വിജയൻ.

2017 മുതൽ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം (FCNRA) ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകൾക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങൾക്ക് കൈമാറിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നുണ്ട്. എ ജെ വിജയൻ നേതൃത്വം നൽകുന്ന കോസ്റ്റൽ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിന് ഇരുത്താൻ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പണം കൈമാറിയിരുന്നത് തിരുവനന്തപുരം വഞ്ചിയൂർ കോൺവെന്റ് റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖി(SAKHI )എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടംകുളം ആണവനിലയ പദ്ധതി അട്ടിമറിക്കാനായി ചില വിദേശരാജ്യങ്ങൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകളെ കരുവാക്കിയെന്ന് മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രസ്താവിച്ചിരുന്നു.

ഉറച്ച നിലപാടിൽ തുറമുഖ മന്ത്രി

അതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടു നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതു നാടിന്റെ പൊതു ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവർഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ ഇതിൽ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും.

തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽത്തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു. കണ്ടയ്‌നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകും.

അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിനു തൊഴിൽ സാധ്യതകളും വേറെയുമുണ്ടാകും. ഇതു കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റും. വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ഫീഡർ വെസലുകൾ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.