- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
9.45ന് സെക്രട്ടറിയേറ്റിൽ എത്തിയ ചീഫ് സെക്രട്ടറി ഒരു മണിക്കൂറിലേറെ കാത്തിരുന്ന് നിരാശനായി; വൈകിട്ട് ക്ലിഫ് ഹൗസിൽ രൂപതാ നേതാക്കളെ മുഖ്യമന്ത്രിയും പ്രതീക്ഷിച്ചത് വെറുതെയായി; സമരം പിൻവലിക്കാനുള്ള ധാരണ അട്ടിമറിച്ചത് സമര സമിതിയിലെ അതിതീവ്രവാദക്കാർ; പിണറായിയെ ലത്തീൻ രൂപത പറ്റിച്ചുവോ? സമരസമിതിയിൽ ഭിന്നതയെന്നും വിലയിരുത്തൽ; വിഴിഞ്ഞത്ത് എല്ലാം കൈവിടുമ്പോൾ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണത്തിൽ ഇനി നിർണ്ണായകം ഹൈക്കോടതി ഇടപെടൽ. തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് ലോറികളെ കയറ്റി വിടുമെന്ന് ഹൈക്കോടതിയിൽ സമര സമിതി നിലപാട് എടുത്തിരുന്നു. ഇതാണ് വെറുതെയാകുന്നത്. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഫലത്തിൽ തുറമുഖ നിർമ്മാണ ശ്രമം വീണ്ടും തടസ്സപ്പെട്ടു. ഇത് ഹൈക്കോടതി നിർദ്ദേശത്തിന് എതിരാണ്. ഹൈക്കോടതിയെ അനുസരിക്കണമെന്നും വേണ്ടെന്നുമുള്ള രണ്ടു കൂട്ടർ സമര സമിതിയിലുണ്ട്. ഇത് ലത്തീൻ സഭാ നേതൃത്വത്തേയും വെട്ടിലാക്കുന്നുണ്ട്.
വിഴിഞ്ഞം സമരസമിതിക്കുള്ളിലെ ഭിന്നിപ്പിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലത്തീൻ അതിരൂപത അധികൃതരുമായി ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ച നടന്നിരുന്നില്ല. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസും ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയും തമ്മിൽ അനൗദ്യോഗിക ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സമരം അവസാനിപ്പിക്കാമെന്നായിരുന്നു ധാരണ. വെള്ളിയാഴ്ച ഔദ്യോഗിക ചർച്ച നടത്താനുള്ള സമയമടക്കം നിശ്ചയിച്ചാണ് അനൗദ്യോഗിക ചർച്ച അവസാനിപ്പിച്ചത്.
രാവിലെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വൈകിട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പുമായി ഔദ്യോഗിക ചർച്ച നടത്തി സമരം അവസാനിച്ചതായുള്ള സംയുക്ത പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. രാവിലെ പത്ത് മണിക്കുള്ള ചർച്ചയ്ക്കായി ചീഫ്സെക്രട്ടറി വി.പി.ജോയി 9.45ന് സെക്രട്ടേറിയറ്റിലെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ചേംബറിൽ കാത്തിരുന്നിട്ടും സമരസമിതി നേതാക്കളെത്തിയില്ല. രൂപത അധികൃതർ വൈകിട്ട് ക്ലിഫ് ഹൗസിലെത്തുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിയും ഇവരെ കാത്തിരുന്നു. ആരും വന്നില്ല.
പിന്നീട് സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നതയുണ്ടെന്നായിരുന്നു അതിരൂപത അധികൃതർ സർക്കാരിനെ അറിയിച്ചത്. പദ്ധതിപ്രദേശത്ത് കരിങ്കല്ല് എത്തിക്കാനായിരുന്നു അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ തീരുമാനമെങ്കിലും സമരസമിതി പന്തൽ നീക്കാത്തതിനാൽ ലോഡ് നീക്കം കഴിഞ്ഞ ദിവസം നടന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് സുരക്ഷയിൽ ഇന്നെത്തിയത്. ഇതോടെ പ്രതിഷേധക്കാർ തുറമുഖ നിർമ്മാണത്തിൽ എടുക്കുന്ന നിലപാട് വ്യക്തമാകുകയും ചെയ്തു. ഇനി ഹൈക്കോടതിയിലെ കേസിൽ സമര സമിതി കൂടുതൽ പ്രതിരോധത്തിലാകും.
അദാനി ഗ്രൂപ്പിന്റെ ലോറികൾ എത്തിയപ്പോൾ പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്തതരത്തിലുള്ള ആൾക്കൂട്ടമാണ് സംഘർഷത്തിലുണ്ടായിരുന്നത്. പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതൽ പൊലീസുകാരെ നിയോഗിച്ചു രാവിലെ പത്തരയോടെ തുറമുഖനിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയിൽ നിർമ്മാണസാമഗ്രികൾ എത്തിച്ചപ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാർ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവർ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
തുറമുഖനിർമ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള കല്ലേറിലാണ് പൊലീസുകാർക്കുള്ളപ്പെടെ പരിക്കേറ്റത്. സംഘർഷത്തിലുള്ളവർ സമരപന്തലിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ട് സംയമനനീക്കവുമായി വൈദികർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികൾ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിർക്കുന്നവർ. വാഹനം കടത്തിവിടണമെങ്കിൽ സമരപന്തൽ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാർ പ്രതിരോധിച്ചതോടെയാണ് സംഘർഷമുണ്ടായത്.
ലോറികൾക്ക് മുന്നിൽ കിടന്നും പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് വാഹനങ്ങൾ അവിടെനിന്നും മാറ്റി. നിർമ്മാണാവശ്യത്തിനുള്ള പാറക്കല്ലുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിലിരുന്നു കിടന്നും പ്രതിഷേധിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിക്കുയും പാറയുമായി ലോറികൾ എത്തുകയും ചെയ്തതോടെയാണ് രൂക്ഷമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാൻ പൊലീസ് ബുദ്ധിമുട്ടി. തുടർന്ന് കല്ലേറും ആരംഭിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് സർക്കാരിനെ കമ്പനി അറിയിച്ചത്. തുടർന്ന് ഇന്നു സാമഗ്രികളുമായി വാഹനങ്ങൾ എത്തിയതോടെയാണ് രൂക്ഷമായ സംഘർഷം ആരംഭിച്ചത്. ഇരുകൂട്ടരേയും പൊലീസ് അടിച്ചോടിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ