- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനി പറഞ്ഞ തീവ്രവാദ ബന്ധം തള്ളി നിശാന്തിനി; വിഴിഞ്ഞം സംഘർഷത്തിൽ തീവ്രസംഘടനകൾ ഉള്ളതായി ഇപ്പോൾ വിവരമില്ലെന്ന് ഡിഐജി; വിദേശബന്ധമുള്ള ഒരു മുതിർന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമുണ്ടെന്നത് കെട്ടുകഥയോ? പോപ്പുലർ ഫ്രണ്ട് ഇടപടെലിൽ വ്യക്തത വരണമെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കണം; വിഴിഞ്ഞത്ത് ഒന്നും പറയാതെ പിണറായി
തിരുവനന്തപുരം: വിഴിഞ്ഞം ഗൂഢാലോചനയിൽ തീവ്രവാദ സംഘടനകളുടെ പങ്ക് തള്ളി പൊലീസ്. വിഴിഞ്ഞം സംഘർഷത്തിൽ തീവ്രസംഘടനകൾ ഉള്ളതായി ഇപ്പോൾ വിവരമില്ലെന്നും ഡിഐജി നിശാന്തിനി പറഞ്ഞു. ഫലത്തിൽ ദേശാഭിമാനി വാർത്ത തള്ളുകയാണ് ഡിഐജി നിശാന്തിനി. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോൾ പറയാനാവില്ല. താൻ പങ്കെടുത്ത യോഗത്തിൽ എൻഐഎ ഉണ്ടായിരുന്നില്ലെന്നും ഡിഐജി വിശദീകരിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിൽ ഒമ്പതംഗ സംഘം. സമരനേതാവ് വികാരി ജനറൽ യൂജിൻ പെരേരയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ടന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ് സർവീസ് സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങൾ. അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ടെന്നായിരുന്നു ദേശാഭിമാനി വാർത്ത. ഇതാണ് ഡിഐജി നിഷേധിക്കുന്നത്.
ഇതോടെ ദേശാഭിമാനിയിലെ ഇന്റലിജൻസ് റിപ്പോർട്ട് വാർത്ത ദുരൂഹമാകുകയാണ്. പോപ്പുലർഫ്രണ്ടിന് സംഭവത്തിൽ പങ്കുണ്ടെന്ന് കേരള കൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിണറായി സർക്കാരുമായി അടുത്തു നിൽക്കുന്ന ദേശാഭിമാനി കൂടി ഇതിന് ബലം നൽകുന്ന തരത്തിൽ വാർത്ത എഴുതിയത് ചർച്ചകൾ പുതിയ തലത്തിലെത്തിച്ചു. ഇതാണ് നിശാന്തിനി നിഷേധിക്കുന്നത്. ദേശാഭിമാനി വാർത്തയിലെ വസ്തുത വ്യക്തമാകണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണം. എന്നാൽ തൊണ്ട വേദന കാരണം പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറുമല്ല. അതുകൊണ്ട് സംഭവത്തിൽ വ്യക്തത വരണമെങ്കിൽ കാത്തിരിക്കേണ്ടതുണ്ട്.
വിഴിഞ്ഞത്ത് ഇന്ന് നടക്കുന്ന ഹിന്ദു ഐക്യവേദി മാർച്ച് പൊലീസ് തടയുമെന്നും ഡി ഐ ജി കൂട്ടിച്ചേർത്തു. തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയുമാണ് മാർച്ച് നടത്തുന്നത്. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് സംഘടനയായിരിക്കും ഉത്തരവാദിയെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.വിഴിഞ്ഞം സമരം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ കരുതിക്കൂട്ടിയ ശ്രമമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് തീരദേശ സുരക്ഷയ്ക്ക് നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചത്. സംഘർഷം നിയന്ത്രിക്കലും മറ്റു മേഖലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനുള്ള മേൽനോട്ടച്ചുമതലയും അഞ്ച് എസ് പി മാരും എട്ടു ഡിവൈ എസ് പി മാരും അടങ്ങിയ സംഘത്തിനുണ്ട്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തി പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും അതിന്റെ തുടർച്ചയായി ആസൂത്രിതമായി വൻ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) മുൻ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുവെന്ന് കേരള കൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. വിദേശബന്ധമുള്ള ഒരു മുതിർന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്മെന്റിലെ മുൻ അംഗങ്ങളാണ് സമരത്തിൽ നുഴഞ്ഞുകയറി കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നായിരുന്നു വാർത്ത. ഇതാണ് നിശാന്തിനി തള്ളിക്കളയുന്നത്.
കേരള കൗമുദി വാർത്ത വിശദീകരിക്കുന്നത് ഇങ്ങനെ. വിഴിഞ്ഞത്ത് അട്ടിമറി നടത്തുന്ന വൈദികന്റെ സംഘത്തിന് വിദേശ സംഘടനകളുമായി ബന്ധമുണ്ട്. ഈ വൈദികൻ ഡൽഹിയിൽ പോയി വന്നതിന് ശേഷമാണ് തീവ്ര പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് ശംഖുംമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഒക്ടോബർ 29ന് ജനറൽ ആശുപത്രിക്ക് സമീപമുള്ള ഐക്കഫിൽ യോഗം ചേർന്ന് മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസൈ പാക്യത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരുത്താനും പദ്ധതിയിട്ടു. വൈകാരികത സൃഷ്ടിച്ച് തീരജനതയെ ഇളക്കിവിടുകയാണ് ലക്ഷ്യം. എന്നാൽ ഈ നീക്കത്തെ ആർച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോയും മറ്റ് മുതിർന്ന വൈദികരും എതിർത്തു.
ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകൾ, മാവോയിസ്റ്റ് ഫ്രോണ്ടിയർ ഓർഗനൈസേഷൻ, തീവ്ര ഇസ്ലാമിക ചിന്താഗതിക്കാർ തുടങ്ങിയവരുമുണ്ട്. പൊലീസുകാരെ വരെ ക്രൂരമായി ആക്രമിച്ച കലാപത്തിന് ആസൂത്രിത സ്വഭാവം ഉണ്ടായതും ഇതിന്റെ ഭാഗമാണ്. തുറമുഖ നിർമ്മാണം മുടക്കാൻ ക്വാറികൾ കേന്ദ്രീകരിച്ച് സമരം നടത്തി പാറ കിട്ടാത്ത സാഹചര്യം ഉണ്ടാക്കാൻ ഇവർ രൂപരേഖ തയ്യാറാക്കിയെന്നും റിപ്പോർട്ടിലുണ്ട്.പശ്ചിമഘട്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച് പുതിയ സമരപരമ്പരയ്ക്ക് രൂപം നൽകാനും പദ്ധതിയിട്ടു. ഈ ഗുരുതര സാഹചര്യം മനസിലാക്കിയാണ് വിഴിഞ്ഞം സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ഡി.ഐ.ജി നിശാന്തിനിക്ക് ചുമതല നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡി.ജി.പിയോടും നിർദ്ദേശിച്ചു. പി.എഫ്.ഐ മുൻ പ്രവർത്തകർ സ്ഥിരമായി വിഴിഞ്ഞത്തും സമരപ്പന്തലിലും എത്തുന്ന വിവരം ഇന്റലിജൻസ് ശേഖരിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും പെട്ടെന്ന് പ്രകോപനം ഉണ്ടായാൽ വീണ്ടും സംഘർഷം ഉണ്ടാകുമെന്നും സ്ഥിതി വഷളാകുമെന്നും മുന്നറിയിപ്പുണ്ട്.സമരത്തിന് നേതൃത്വം നൽകുന്നവരുടെ സാമ്പത്തിക ഇടപാടുകൾ ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. സമരസമിതിക്ക് പിന്തുണ നൽകുന്ന സന്നദ്ധസംഘടനകൾക്ക് വിദേശഫണ്ട് ലഭിക്കുന്ന വിവരം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ