- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുറമുഖത്ത് കപ്പലടുപ്പിക്കും; കൂടുതൽ ഉപകരണമെത്തിച്ച് അതിവേഗ നിർമ്മാണം; ബാർജുകളും ക്രെയിനുകൾക്കുമൊപ്പം എക്സലേറ്ററും പദ്ധതി പ്രദേശത്തേക്ക് അധികമായി എത്തിക്കുന്നു; കരിങ്കല്ല് കൊണ്ടു വരുന്നത് റിക്കോർഡ് ലോഡും; ഇനിയൊരു പ്രതിഷേധം ഉയരും മുമ്പ് പണി പൂർത്തിയാക്കും; വിഴിഞ്ഞത്ത് എല്ലാം അതിവേഗതയിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് അതിവേഗം. അടുത്ത വർഷം അവസാനത്തോടെ കപ്പൽ എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ വികസന വിജയമാക്കി വിഴിഞ്ഞത്തെ മാറ്റും. ഇതിനാണ് ധാരണ. രാജ്യാന്തര തുറമുഖത്തേക്ക് കൂടുതൽ ബാർജുകൾ, ക്രെയിനുകൾ എന്നിവ എത്തിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ഇനി ഒരിക്കൽ കൂടി പ്രതിഷേധത്തിന് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാകും നിർമ്മാണം പൂർത്തിയാകുക. 2018ൽ തീരേണ്ടതായിരുന്നു നിർമ്മാണം. അത് 2019ലേക്ക് സർക്കാർ നീട്ടിക്കൊടുത്തു. അതാണ് ഇപ്പോഴും നീളുന്നത്.
തീരശോഷണം അടക്കമുള്ള വിഷയങ്ങളിലേക്ക് ഇത് ചർച്ചകളെത്തിച്ചു. ഇനി ഇത്തരം പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമം. അതിവേഗം പണി പൂർത്തിയാക്കി അദാനി വിഴിഞ്ഞത്ത് കപ്പലെത്തിക്കും. ഇതിന് വേണ്ടിയാണ് കൂടുതൽ ഉപകരണം എത്തിക്കുന്നത്. പുലിമുട്ടു നിർമ്മാണത്തിന് കടലിലൂടെയുള്ള കല്ലു നിക്ഷേപത്തിനായിട്ടാണ് നിലവിലുള്ള രണ്ടു ബാർജുകളെ കൂടാതെ കൊല്ലത്തു എത്തിച്ച പത്തിലേറെ ബാർജുകളും എത്തുന്നത്. മുക്കോലയിൽ എത്തിച്ച കൂറ്റൻ ക്രെയിനുകൾ, എസ്‌കലേറ്ററുകൾ എന്നിവയുടെ ഭാഗങ്ങൾ തിങ്കളാഴ്ചയോടെ തുറമുഖത്തുകൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച് സജ്ജീകരിക്കും. കൊല്ലത്തു എത്തിച്ച ശാന്തിസാഗർ 10 എന്ന ഡ്രജർ അടുത്ത ആഴ്ചയോടെ വിഴിഞ്ഞത്ത് എത്തും.
ബെർത്തിനും കരക്കും മധ്യേയുള്ള കടൽ നികത്തുന്നതിനാണ് ഡ്രജിങ്. തുറമുഖത്തേക്ക് രണ്ടു ദിവസങ്ങളിലായി റെക്കോർഡ് എണ്ണത്തിലാണ് ലോറികളിൽ കരിങ്കല്ല് ലോഡ് എത്തുന്നത്. പ്രതിദിനം 126 ലോഡ് കല്ലാണ് എത്തുന്നത്. ആദ്യ ഘട്ടത്തിൽ 7000 മെട്രിക് ടൺ കല്ലുകൾ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. നിർമ്മാണം പൂർണതോതിൽ ആകുമ്പോൾ നിക്ഷേപം ദിവസം 10,000 ടൺ ആയി ഉയർത്തും. പുലിമുട്ടു നീളം കരയിൽ 1350 ഉം ആഴക്കടലിൽ 1850 മീറ്ററും പിന്നിട്ടു. 2500 മുതൽ 2600 മീറ്റർ വരെ എത്തുന്നതോടെ ആദ്യ ഘട്ടം പൂർത്തിയാവും. അതിവേഗം ഇത് പൂർത്തിയാക്കി ശേഷം. കരയിലുള്ള നിർമ്മാണം തുടങ്ങും.
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരമവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്താൻ ലത്തീൻ അതിരൂപതയുടെ പള്ളികളിൽ ഞായറാഴ്ച ഇടയലേഖനം വായിച്ചിരുന്നു. വിഴിഞ്ഞം പള്ളിയിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേരിട്ടെത്തി വിശ്വാസികളുമായി സംസാരിച്ചിരുന്നു. കുർബാനയ്ക്ക് ശേഷമാണ് ആർച്ച് ബിഷപ്പ് വിശ്വാസികളോട് സംസാരിച്ചത്. നൂറുദിവസത്തിലധികം നീണ്ടസമരം, കൃത്യമായ ഉറപ്പുലഭിക്കാതെ ഏകപക്ഷീയമായി അവസാനിപ്പിച്ചുവെന്ന അഭിപ്രായം വിശ്വാസികൾക്കുണ്ട്. ഇതോടെയാണ് സമരത്തിന്റെ പ്രഭവകേന്ദ്രമായ വിഴിഞ്ഞത്ത് ആർച്ച് ബിഷപ്പ് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചത്.
തുടർസമരങ്ങൾക്ക് പുരോഹിതർ നേരിട്ട് നേതൃത്വം നൽകേണ്ടെന്ന് സമരസമിതി തീരുമാനിച്ചു. വിശ്വാസികളുടെയും അൽമായരുടെയും നേതൃത്വത്തിലുള്ള സമരമായിരിക്കും ഇനിയുണ്ടാകുക. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പ്രത്യേകസമിതിയെയും സമരസമിതി നിയമിച്ചിട്ടുണ്ട്. വൈദികർ സമരത്തിന് മുന്നിലുണ്ടായിരുന്നത് സർക്കാർ ആയുധമാക്കി. അവരെ സമ്മർദ്ദത്തിലാക്കിയാണ് സമരം പിൻവലിച്ചത്. അതുകൊണ്ട് തന്നെ വൈദികർ സമരത്തിൽ പ്രത്യക്ഷമായി ഇനി അത് വേണ്ടി വന്നാൽ ഉണ്ടാകില്ല. ഇതിലൂടെ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ മാത്രം സമരമാക്കി ഇതിനെ മാറ്റും. അല്ലാത്ത പക്ഷം നഷ്ടം പോലും ലത്തീൻ സഭ നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കും.
തുടർച്ചയായ രണ്ടുദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം നിർത്തിവെച്ചതെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരരംഗത്തെത്തുമെന്നും ആർച്ച് ബിഷപ്പ് വിശ്വാസികളോട് വിശദീകരിച്ചു. പ്രദേശത്ത് വർഗീയസംഘർഷമുണ്ടാകുമെന്ന ആശങ്ക സമരമവസാനിപ്പിക്കാൻ കാരണമായി. വിഴിഞ്ഞത്തെ ജനങ്ങളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ടായതും സഭാനേതൃത്വം പരിഗണിച്ചെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ ഇടയലേഖനത്തിലൂടെ വിശ്വാസികളെ ബോധ്യപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ