- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്':മന്ത്രി വി.അബ്ദുറഹ്മാന് എതിരായ തീവ്രവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം തെറ്റായി പോയെന്ന് സമിതി വക്താവ്
-തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യദ്രോഹികൾ നടത്തുന്നതാണെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോ ഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പ്രതികരിച്ചു. 'അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാൻ യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങൾ രാജ്യദ്രോഹികളായിരുന്നെങ്കിൽ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
വിവാദമായതോടെ, മന്ത്രിക്ക് നേരെ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമർശത്തിൽ വിഴിഞ്ഞം സമരസമിതി ഖേദം പ്രകടിപ്പിച്ചു. സമരസമിതി നേതാവ് ഫാദർ മൈക്കിൾ തോമസാണ് ഖേദപ്രകടനം നടത്തിയത്. അബ്ദുറഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച ഡിക്രൂസിന്റെ പരാമർശം തെറ്റാണെന്ന് മൈക്കിൾ തോമസ് ചാനൽ ചർച്ചയിൽ സമ്മതിക്കുകയായിരുന്നു. 'പദപ്രയോഗങ്ങൾ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങൾ മടി കാണിക്കില്ല. ഉദേശിച്ച രീതിയിൽ അല്ല പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.''-മൈക്കിൾ തോമസ് പറഞ്ഞു.
വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. വിഴിഞ്ഞം പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇതിലും വലിയ തടസം നീക്കിയിട്ടുണ്ടെന്നും രാജ്യദ്രോഹികളാണ് നിർമ്മാണം തടയുന്നതെന്നും പറഞ്ഞു. സർക്കാറിനു താഴാവുന്നതിനു പരിധിയുണ്ട്. ഒരിഞ്ച് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് പരിഹാരം നിർദ്ദേശിച്ച് കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഞങ്ങൾക്ക് പദ്ധതി പ്രവർത്തനത്തിൽ സംശയമില്ല. പുറത്തുള്ളവർക്ക് സംശയമുണ്ടാകാം. എന്നാൽ, അതൊക്കെ വെറുതെയാണെന്ന് ബോധ്യപ്പെടും. പ്രത്യേകിച്ച്മത്സ്യത്തൊഴിലാളികളുടെ കണ്ണീർ വീഴില്ല. ഈ പദ്ധതിയിൽ നിന്നും ഒരുകാരണവശാലും പിന്നോട്ട് പോകില്ല. സർക്കാർ പറഞ്ഞ സമയത്ത് പദ്ധതി പൂർത്തീകരിക്കും. പത്ത് പേരും കുറച്ച് ഗുണ്ടകളും ചേർന്ന് വികസനം തടസപ്പെടുത്താൻശ്രമിച്ചാൽ നടക്കില്ല. ദേശീയപാത വികസനം, എയർപോർട്ടുകളുടെ വിപുലീകരണം, ഗെയിൽ പെപ്പ് ലൈൻ ഉൾപ്പെടെ വികസന പ്രവൃത്തിയിൽ സർക്കാർ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ്. ഹാപ്പിനക്‌സ് ഇൻഡക്‌സിലേക്കാണ് കേരളം പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസിലാക്കി സമരത്തിൽ നിന്നും പിന്മാറണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുസ്ലിം വിരുദ്ധ പരാമർശമെന്ന് ഡിവൈഎഫ്‌ഐ
അതേസമയം, അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദമെന്നത് തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മുസ്ലിം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവർ നടത്തിയത്. അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതൽ അധിക്ഷേപിക്കുന്ന നിലപാടുകൾ മതപുരോഹിതർ സ്വീകരിക്കുന്നത് അപലപനീയമാണ്. അബ്ദുറഹ്മാനെതിരായ പരാമർശം പിൻവലിച്ച് തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രസ്താവന: 'വിഴിഞ്ഞത്ത് തുറമുഖം സമരത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷൻ അക്രമണമടക്കമുള്ള കലാപശ്രമം നടത്തിയവർ, ഇപ്പോൾ മുസ്ലിം വിരുദ്ധമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട മന്ത്രി വി. അബ്ദു റഹ്മാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നാണ് സമര സമിതി നേതാവായിട്ടുള്ള ഫാ: തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞിട്ടുള്ളത്. അബ്ദു റഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദം എന്നത് ഫാദർ വ്യക്തമാക്കണം. മന്ത്രിക്ക് സമരക്കാരോടല്ല അഹമ്മദ് ദേവർ കോവിലിനോടാണ് കൂറെന്ന് പറയുക വഴി എന്ത് സന്ദേശമാണ് ഈ വൈദികനും സമരക്കാരും പൊതു സമൂഹത്തിനു നൽകുന്നത്.
സംഘ പരിവാറിന്റെ ഹിന്ദുത്വ അധീശത്വ കാലത്ത് രാജ്യത്തെ ക്രിസ്ത്യൻ സമുദായം അടക്കമുള്ള ന്യൂന പക്ഷങ്ങൾ ആശങ്കയിലാണ് കഴിഞ്ഞു പോകുന്നത്. അതിൽ തന്നെ നിരന്തരം തീവ്രവാദ മുദ്ര ചാർത്തപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന ജന സമൂഹമാണ് മുസ്ലീങ്ങൾ. മണിപ്പാലിൽ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ, തീവ്രവാദിയാണെന്ന നിലയിൽ അയാളോട് പ്രതികരിച്ച അദ്ധ്യാപകന്റെ പെരുമാറ്റം വലിയ വിമർശനത്തിനിടയാക്കി. അദ്ധ്യാപകനെ നടപടി എടുത്ത വാർത്ത പുറത്ത് വന്നതും ഈ ദിവസമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതൽ അധിക്ഷേപിക്കുന്ന നിലപാടുകൾ മതപുരോഹിതർ സ്വീകരിക്കുന്നത് അപലപനീയമാണ്. മന്ത്രി അബ്ദു റഹ്മാനെതിരായ വംശീയ പരാമർശം പിൻവലിച്ച് ഫാ: തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
മറുനാടന്‍ മലയാളി ബ്യൂറോ