തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ ക്ഷോഭം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് പ്രതിമാസം 5500 രൂപ വീതം അനുവദിക്കുന്നത് അടക്കം സമാശ്വാസ നടപടികൾ പ്രഖ്യാപിച്ചെങ്കിലും, നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ സഭ.

ഏത് കോടതി പറഞ്ഞാലും വിഴിഞ്ഞത്ത് അദാനി കല്ലിടില്ലെന്നും കേരള സർക്കാറിനെ താഴെയിറക്കാനും തങ്ങൾക്ക് അറിയാമെന്ന് ലത്തീൻ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ് പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞത്ത് തീരശോഷണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന 335 കുടുംബങ്ങൾക്ക് 5500 രൂപ വീതം മാസം വീടിന് വാടക നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ളാറ്റ് നിർമ്മിക്കാനും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ഇതിനായി നിർമ്മാതാക്കളുടെ ടെൻഡർ വിളിക്കും. ദുരിത ബാധിതരുടെ പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ മന്ത്രിസഭ തീരുമാനിച്ച വീട്ടുവാടക അപര്യാപ്തമാണെന്നും തിരുവനന്തപുരം കോർപറേഷനിൽ 5500 രൂപക്ക് വീട് കിട്ടില്ലെന്നും വിഴിഞ്ഞം സമരസമിതി പറഞ്ഞു. സർക്കാർ പാക്കേജ് അംഗീകരിക്കുന്നില്ലെന്നും ലത്തീൻ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ് വ്യക്തമാക്കി.

കൂടുതൽ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്നവന്റെ വാക്ക് കേട്ട് തീരുമാനിക്കുന്ന കോടതി വിധി തങ്ങൾ സ്വീകരിക്കില്ലെന്നും വിളപ്പിൽശാലയിലും കർഷക സമരത്തിലും കോടതി വിധി എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞത്ത് ഒരു കല്ല് ഇടണമെങ്കിൽ തങ്ങളുടെ
പുറത്തുകൂടെ അവരുടെ ക്രെയിൻ കയറിയിറങ്ങേണ്ടി വരുമെന്നും അധികാരത്തിൽ കയറ്റിയ തങ്ങൾക്ക് ഇറക്കാനുമറിയാമെന്നും ഫാ. തീയോഡോഷ്യസ് പറഞ്ഞു.

വിഴിഞ്ഞത്ത് 5500 രൂപ വീതം അനുവദിക്കാനുള്ള തുക റവന്യു (ഡിസാസ്റ്റർ മാനേജ്മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

വിഴിഞ്ഞം സമരം ഇനിയും തീർപ്പാകാതെ പോകുന്നത് സർക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവർ ഉന്നയിച്ച ആവശ്യങ്ങളിൽ ബഹുഭൂരിപക്ഷവും സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണം. യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്ത് ഇറക്കുകയായിരുന്നു.

പുനരധിവാസത്തിന് മുട്ടത്തറയിൽ എട്ടേക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് വീട് ആകുന്നതുവരെ 5,500/ രൂപ പ്രതിമാസ വാടക, വീട് വയ്ക്കുന്നവർക്ക് സ്ഥലത്തിനും വീടിനുമായി 10,00,000/ രൂപ. മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് ലാന്റിങ് സ്റ്റേഷൻ, സബ്‌സിഡി നിരക്കിൽ ഇന്ധനത്തിന് ഊർജ്ജ പാർക്ക് തുടങ്ങിയവ ഉൾപ്പെട്ട പുനരധിവാസ പാക്കേജാണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്.

സമരം ഒത്തുതീർപ്പാക്കാൻ മന്ത്രതല സമിതി രണ്ട് തവണ ലത്തീൻ അതിരൂപത പ്രതിനിധികളടക്കമുള്ളവരായി ചർച്ച നടത്തിയിരുന്നു. ഒരു തവണ നിശ്ചയിച്ചുറപ്പിച്ച ചർച്ചയിൽ അവർ പങ്കെടുക്കുകയും ചെയ്തില്ല. ഇതിനിടെ അതിരൂപതാ പ്രതിനിധികളിൽ നിന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പരാമർശവുമുണ്ടായി.

ഇക്കാര്യത്തിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തുറമുഖ നിർമ്മാണം നിർത്തി വെയ്‌ക്കേണ്ട ഒരു സാഹചര്യവും ഇല്ലായെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിപ്രായപ്പെടുകയുണ്ടായി. വിഴിഞ്ഞം തുറമുഖം എത്രയും പെട്ടെന്ന് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട ലത്തീൻ അതിരൂപതാ പ്രതിനിധികൾ തന്നെയാണ് ഇപ്പോൾ സമരരംഗത്തുള്ളത്.

രാജ്യാന്തര നിലവാരമുള്ള വികസന പ്രവർത്തനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇത് നടപ്പാക്കരുത് എന്ന ഗൂഢാലോചന കൂടി സമരവുമായി ബന്ധപ്പെട്ടുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.