- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരക്കാർക്ക് വിദേശ സംഘടനകളിൽ നിന്ന് പണം കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണം; കെ.സുരേന്ദ്രന് പിന്നാലെ വിദേശ സഹായ ആരോപണം സജീവമാക്കി മന്ത്രി വി.ശിവൻകുട്ടി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപണമുനയിൽ നിർത്തിയത് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനെ; പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാരും
കണ്ണൂർ: വിഴിഞ്ഞം സമരക്കാർക്ക് വിദേശ സംഘടനകളിൽ നിന്ന് പണം ലഭിക്കുന്നുന്നുവെന്ന ആരോപണവുമായി മന്ത്രി വി.ശിവൻകുട്ടി. വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായത് കലാപത്തിനുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സമരക്കാർക്കു വിദേശ സംഘടനകളിൽനിന്നു പണം ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് കേസെടുത്തത്. ആരെയും മാറ്റി നിർത്താൻ കഴിയില്ല. ഇനിയും ചർച്ചയ്ക്കു തയാറാണെന്നും സമരക്കാരോടു സഹതാപം മാത്രമാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
''സമരം തുടങ്ങിയ അന്നു മുതൽ അക്രമസംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഒരുഘട്ടം കഴിഞ്ഞപ്പോൾ സമരസമിതിക്കെതിരായി നാട്ടുകാർ പ്രത്യേക യോഗം ചേർന്നു. പൊലീസ് സമാധാനത്തിന്റെ അങ്ങേയറ്റം വരെ സഹിക്കുകയാണ്. ഒരു സംസ്‌കാരമുള്ള സമൂഹം നടത്താൻ പാടില്ലാത്ത പ്രവൃത്തികളാണു പൊലീസിനുനേർക്ക് അവിടെ കാണിച്ചിട്ടുള്ളത്. എന്നിട്ടും പൊലീസും സർക്കാരും അങ്ങേയറ്റം സമാധാനത്തോടെയുള്ള സമീപനം സ്വീകരിക്കാൻ തയാറായി.
വിഴിഞ്ഞത്തെ സമരസമിതിക്കാർ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാമത്തേത്തു വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടുക എന്നുള്ളതാണ്. ഒരു പത്തു പ്രാവശ്യമെങ്കിലും മന്ത്രിസഭ ഉപസമിതിയും ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖ സമരസമിതിയോടു സംസാരിച്ചു. ഏറ്റവും ഒടുവിൽ സംസാരിച്ചപ്പോൾ അവർ രേഖാമൂലം എഴുതി തന്നതിൽ വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ബാക്കി അതിൽ പറഞ്ഞ ആറു കാര്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു'' മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും വിഴിഞ്ഞം സമരത്തിന് പിന്നിൽ വിദേശസഹായ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി ആന്റണിരാജുവിന് നിക്ഷിപ്ത താൽപര്യമുണ്ട്. പദ്ധതി അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിൽക്കുന്നു. ആന്റണി രാജുവിന്റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും കമ്മീഷണറും കലാപത്തെ സഹായിക്കുന്ന രീതിയിൽ ഇടപെടുന്നു:. കൂടംകുളം സമരക്കാരും വിഴിഞ്ഞം സമരത്തിന് പിന്നിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ, വിഴിഞ്ഞം സംഘർഷത്തിൽ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയത് നിയമപരമായെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാലാണെന്നും കമ്മിഷണർ പറഞ്ഞു.
സമരക്കാർക്കുനേരെ പൊലീസ് കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന സമരക്കാരുടെയും ലത്തീൻ സഭയുടെയും ആരോപണം പൊലീസ് നിഷേധിച്ചു. മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സമരക്കാർ തുടക്കം മുതൽ പ്രകോപനപരമായാണ് പെരുമാറിയത്. 40 ലധികം പൊലീസുകാരെ ആക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല. പൊലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികൾ ഇടപെട്ടോയെന്ന് അറിയില്ലെന്നും കമ്മിഷണർ പറഞ്ഞു.
അതേസമയം, സമരം ചെയ്തതിന് ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനപ്പൂർവം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സമരക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാൻ പോയ പള്ളിക്കമ്മിറ്റിക്കാരായ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒത്തുതീർപ്പിന് പോയവരെ അറസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയായിരുന്നു? ഇതൊക്കെ മനപ്പൂർവം പ്രകോപനം ഉണ്ടാക്കി സംഘർഷം ഉണ്ടാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ച ചെയ്ത് തീർത്തില്ലെങ്കിൽ അപകടകരമായ നിലയിലേക്ക് സമരം പോകുമെന്നു സെക്രട്ടേറിയറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
മറുനാടന്‍ മലയാളി ബ്യൂറോ