തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയായി എഫ്‌ഐആർ. സഹായമെത്രാൻ ഡോ.ആർ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആർ. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.

വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.

അതേസമയം വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം. അദാനി പറഞ്ഞ നഷ്ടപരിഹാരത്തുക ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ തീരുമാനിച്ചു. 104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനിയുടെ കണക്ക്. ലത്തീൻ സഭയിൽ നിന്നും തുക ഈടാക്കണമെന്ന് നേരത്തെ വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനി ആവശ്യപ്പെട്ടപ്പോൾ എരിതീയിൽ എണ്ണയൊഴിക്കേണ്ടെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം.

വിഴിഞ്ഞത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര പ്രതികരിച്ചു. വൈദികർക്ക് എതിരെ ഗൂഢനീക്കം നടക്കുന്നതായും യൂജിൻ പെരേര പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറുമായ ഫാ. യൂജിൻ പെരേര പറഞ്ഞു. തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഫാ. യൂജിൻ പെരേര ആരോപിച്ചു.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെയാണ് ശനിയാഴ്ച വിഴിഞ്ഞത്ത് സംഘർഷമുണ്ടായത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. വിഴിഞ്ഞത്ത് നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.

തുറമുഖ നിർമ്മാണത്തിന് കല്ലുമായി എത്തുന്ന ലോറികൾ തടയില്ലെന്ന് ലത്തീൻ അതിരൂപത ഹൈക്കോടതിയെ അറിയിച്ച് പിറ്റേദിവസമാണ് ലോറികൾ സമരക്കാർ തടഞ്ഞത്. രാവിലെ 10ഓടെ 20 ലോറികളാണ് മുല്ലൂരിൽ എത്തിയത്. ലത്തീൻ അതിരൂപതയുടെ സമരപ്പന്തലിന് മുന്നിൽ വെച്ച് സമരക്കാർ ലോറികൾ തടഞ്ഞു. ഇതിനെതിരെ സമീപത്ത് സമരത്തിൽ ഏർപ്പെട്ടിരുന്ന ജനകീയ സമര സമിതി പ്രവർത്തകർ തിരിഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

പിന്നീട് ഇരുചേരികളായി തിരിഞ്ഞുള്ള അക്രമങ്ങളും നടന്നു. ശക്തമായ കല്ലേറും ഉണ്ടായി.എതിർപ്പ് ശക്തമായതോടെ നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.