തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ വിഷയത്തിൽ സമാധാന ചർച്ച തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചർച്ച. പ്രദേശത്ത് ഉണ്ടായ വൻ സംഘർഷങ്ങളെത്തുടർന്ന് രണ്ടുഘട്ടങ്ങളിലായി ചർച്ച നടന്നിരുന്നു. ഉദ്യോഗസ്ഥ തലത്തിലാണ് ചർച്ചകൾ. പുലർച്ചെ രണ്ടു മണിവരെ നടന്ന ചർച്ചകളിൽ തീരുമാനമൊന്നുമായില്ല. സമാധാനം പുനഃസ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം.

മന്ത്രിമാരെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടർ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം ചർച്ചകളിൽ പങ്കെടുക്കുന്നില്ല. മന്ത്രിമാർക്ക് പോലും ചർച്ചയ്ക്ക് പോകാൻ ഭയമുണ്ടെന്നാണ് സൂചന. 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ പൂർണ്ണമായും സമരക്കാർ അടിച്ചു തകർത്തിരുന്നു. എട്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തിരുവനന്തപുരം തീരദേശത്ത് നിന്നുള്ള ആന്റണി രാജു മന്ത്രിയാണ്. ആന്റണി രാജു പോലും വിഷയത്തിൽ ഇടപെടാൻ വിമുഖത കാട്ടുകയാണ്. എല്ലാം ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമായി മാറി. പൊലീസ് സ്‌റ്റേഷനിൽ ക്രൂര ആക്രമണം നടന്നിട്ടും ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഘർഷ സ്ഥലത്ത് എത്തിയില്ലെന്നതും ശ്രദ്ധേയമായി. ഭരണപക്ഷത്തെ നേതാക്കളും മൗനത്തിലാണ്.

ഇന്ന് ഹൈക്കോടതിയിൽ വിഴിഞ്ഞം കേസ് എത്തും. അപ്പോൾ സംഘർഷം അടക്കം കോടതിയെ അറിയിക്കും. കോടതി എടുക്കുന്ന നിലപാടുകളാകും നിർണ്ണായകം. അക്രമത്തെ നേരിടാൻ കേന്ദ്ര സേനയും എത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കാനാണ് സർക്കാർ നീക്കം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ പ്രദേശത്ത് രൂപപ്പെട്ടത് വൻസംഘർഷാവസ്ഥയാണ്. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികൾ എത്തിയത്.

വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പൊലീസ് പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. സ്‌റ്റേഷൻ ആക്രമണത്തിന് പിന്നാലെയാണ് ചർച്ചകൾ തുടങ്ങിയത്.

ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ എന്നിവരാണ് സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേരയുമായി കോർപ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസിൽ ഞായറാഴ്ച രാത്രി പത്തരയ്ക്കു ശേഷം ചർച്ച നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടുകിട്ടണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇപ്പോഴത്തെ പ്രശ്നം അവസാനിച്ചെന്നും, വിഴിഞ്ഞത്ത് തടിച്ചു കൂടിയിരിക്കുന്നവർ പിരിഞ്ഞു പോകുമെന്നും സമരസമിതി പ്രവർത്തകർക്കെതിരെ എടുത്ത കേസുകളെക്കുറിച്ച് തുടർ ചർച്ചകൾ നടത്താമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ല. ചർച്ച തുടരും. സമിതി പ്രവർത്തകർക്കെതിരെ എടുത്ത കേസുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും വിഴിഞ്ഞം ഇപ്പോൾ പുറമേ ശാന്തമാണ്. എന്നാൽ എന്തും ഏതും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതാണ് വസ്തുത. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസും അറിയിച്ചു.

അതേസമയം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പുതിയ കേസ് എടുക്കമെന്ന് എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ പറഞ്ഞു. നിലവിൽ ക്രമസമാധനാനില പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് മറികടന്ന സാഹചര്യത്തിലാണ് ആർച്ച്ബിപ്പിനെതിരേ കേസ് എടുത്തത്. പൊലീസ് ആവശ്യത്തിന് സുരക്ഷയൊരുക്കിയിരുന്നു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികൾ എത്തിയത്. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.

ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെൽറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികർ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പൊലീസും ഈ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്റ്റേഷനിൽ തുടരാൻ പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് പൊലീസും ഇവരും തമ്മിൽ സംഘർഷം രൂപപ്പെടുകയായിരുന്നു.

പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകൾ ആക്രമിക്കുകയും വാൻ തടയുകയും ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെ ഉൾപ്പെടെയുള്ള ജീപ്പുകളാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. പ്രതിഷേധക്കാർ സ്റ്റേഷനിലെ ഒരു ഷെഡ് തകർത്തു. ഒരു ഫ്ളെക്സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പൊലീസുകാരുടെ തലയ്ക്ക് അടിച്ചുവെന്നുമാണ് വിവരം. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും പ്രതിഷേധക്കാർ സ്റ്റേഷനുള്ളിൽ കയറി അക്രമം കാണിച്ചുവെന്നും വയർലെസ് സെറ്റുകൾ അടിച്ചു തകർത്തു. ഫയലുകളും നശിപ്പിച്ചു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.