- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിൽ ചർച്ചക്ക് തയ്യാറായി മന്ത്രിമാർ കാത്തിരുന്നു; അതിരൂപത പ്രതിനിധികൾ എത്തിയില്ല; ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിരൂപത നേതൃത്വം; സമവായം ഇല്ലാതെ വിഴിഞ്ഞം സമരം തുടരുന്നു; അദാനിക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: വിഴിഞ്ഞം സമരം തട്ടുകേടില്ലാതെ തീർക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടി. സമരത്തിൽ ലത്തീൻ അതിരൂപത വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി രംഗത്തുവന്നതാണ് പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്ത അവ്സ്ഥയിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നിശ്ചയിച്ചിരുന്ന മന്ത്രിതല ചർച്ച നടന്നില്ല. സെക്രട്ടേറിയറ്റിൽ ചർച്ചക്ക് തയാറായി മന്ത്രിമാർ കാത്തിരുന്നെങ്കിലും അതിരൂപത പ്രതിനിധികൾ എത്തിയില്ല. ചർച്ചക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.
മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരാണ് ഞായറാഴ്ച ചർച്ചക്കായി എത്തിയത്. സമരക്കാരുമായി ഏതു സമയത്തും ചർച്ചക്ക് തയാറാണെന്ന് മന്ത്രിമാർ അറിയിച്ചു. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാറിനും സഭാ നേതൃത്വത്തിനും വിഷയത്തിൽ സമവായത്തിലെത്താനായിട്ടില്ല. തുറമുഖ നിർമ്മാണം നിർത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നതിൽ തട്ടിയാണ് ചർച്ചകൾ മുടങ്ങുന്നത്. നിർമ്മാണം നിർത്തിവെച്ച് ആഘാത പഠനം നടത്തുകയെന്ന ആവശ്യമാണ് ഇതിൽ ഒന്നാമത്തേത്. തുറമുഖ നിർമ്മാണം നിർത്തിവെക്കാനാവില്ലെന്നും നിർമ്മാണം നടക്കുന്നതിനൊപ്പം പഠനവും നടത്താമെന്നുമാണ് സർക്കാർ നിലപാട്. ഇതിനോട് മത്സ്യത്തൊഴിലാളികൾ യോജിക്കുന്നില്ല.
പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ അടുത്തദിവസം കോടതിയെ സമീപിച്ചേക്കും. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാൽ കോടതിയെ സമീപിക്കുമെന്ന് അതിരൂപത ഞായറാഴ്ച പുറത്തിറക്കിയ ഇടയലേഖനത്തിൽ സൂചിപ്പിച്ചിരുന്നു. നാളെ ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം.
30ാം തീയതിവരെ നിശ്ചയിച്ചിരുന്ന സമരം സെപ്റ്റംബർ നാലുവരെ തുടരാനാണ് നിലവിൽ അതിരൂപതയുടെ തീരുമാനം. ഇതിനായുള്ള രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം നിർമ്മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. അതേസമയം സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖം -പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ വിഴിഞ്ഞം, വെങ്ങന്നൂർ, കോട്ടുകാൽ വില്ലേജുകളിൽ കടകമ്പോളങ്ങൾ സ്വമേധയാ അടച്ചു കരിദിനം ആചരിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും തുറമുഖ നിർമ്മാണം ഉടൻ പൂർത്തിയാക്കി രാജ്യത്തിനു ഗുണകരമാക്കണമെന്നും അവശ്യ പെട്ടാണ് ഈ പരിപാടി.വൈകുന്നേരം 5മണിക്ക് മുക്കോല ജംഗ്ഷനിൽ പൊതുയോഗവും ഉണ്ടാകുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ സമരത്തിൽ വിട്ടുവീഴ്ചയില്ലാതെ ലത്തീൻ അതിരൂപത.ആർച്ച്ബിഷപ് ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ കുർബാനയ്ക്കിടെ പള്ളികളിൽ വായിച്ചു.നിലനിൽപ്പിന് വേണ്ടിയാണ് വിഴിഞ്ഞം സമരം. തീരത്ത് ജീവിക്കാനും മീൻപിടിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണ്. അതിനായി നിയമപരിരക്ഷ തേടും.പ്രധാനപ്പെട്ട ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാർ മടിക്കുന്നു. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങലിൽ വീഴാതെ മുന്നേറണമെന്നും സർക്കുലറിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ