- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്ക കാലത്തെ ക്യാപ്ടനും ക്രൂവും കളിയുമെല്ലാം പഴയകഥ! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ കൺകണ്ട ശത്രു; ലത്തീൻ സഭയെ പ്രകോപിപ്പിച്ച പിണറായിയുടെ പ്രസംഗത്തോടെ സമരം കൈവിട്ടു പോകുന്നു; വിഴിഞ്ഞം മോഡൽ സമരം സംസ്ഥാന വ്യാപകമാക്കും; തുടക്കം ചെല്ലാനത്ത്
തിരുവനന്തപുരം: വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കാൻ ഒരുങ്ങി ലത്തീൻ സഭ. മുഖ്യമന്ത്രിയുടെ പ്രകോപന പ്രസംഗത്തോടെയാണ് സമരം കൈവിട്ടുപോകുമെന്ന സൂചനയുമായി സഭ രംഗത്തുവന്നത്. വെള്ളപ്പൊക്ക കാലത്ത് പിണറായി വിജയനെ ക്യാപ്ടനെന്ന് വാഴ്‌ത്തിയവരാണ് ഇപ്പോൾ നേരെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ ബന്ധം തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ഗുണകരമായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് കൈവിട്ടു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച ഇന്നലെയും പരാജയപ്പെട്ടിരുന്നു. ഇത് നാലാംതവണയാണ് സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയത്. മുഖ്യമന്ത്രി സമരക്കാരെ ആക്ഷേപിച്ചെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. സമരം സംസ്ഥാനവ്യാപകമാക്കും. കൊച്ചി ചെല്ലാനത്തുനിന്ന് സമരം തുടങ്ങുകയെന്നും സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയിൽ സർക്കാരിന് നിലപാടില്ലെന്നും സമരക്കാർ വിമർശിച്ചു. അതേസമയം, സമരം തുടരുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലത്തീൻ അതിരൂപതയെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിനു നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ എന്നു മുഖ്യമന്ത്രി പറഞ്ഞു. നല്ല ഉദ്ദേശ്യമുണ്ടായാലും എതിർക്കാൻ ആളുണ്ടാകും. അത് എതിർക്കുന്നവരുടെ മാനസികാവസ്ഥ വച്ചു ചെയ്യുന്ന കാര്യമാണ്. എന്തു കൊണ്ടാണ് എതിർക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. സർക്കാരിനെ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നാടിന്റെ ഏറ്റവും സജീവമായ പ്രശ്‌നങ്ങളാണ്. അതു പരിഹരിക്കുന്നതിന് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ല. നാട്ടിലെ ജനങ്ങൾ എല്ലാ കാര്യങ്ങളിലും സർക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. നല്ല ഉദേശമുള്ളൂ എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു. ആരും ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വൻ ചതി എന്നും പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കാൻ മത്സ്യത്തൊഴിലാളികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടയലേഖനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ക്യാമ്പുകളിൽ കഴിയുന്ന 284 കുടുംബങ്ങൾക്ക് 5500 രൂപ വീതം വാടക നൽകുന്ന പദ്ധതിയാണ് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
'5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി നൽകുന്നതിനായി ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചു. ഈ സമയത്ത് ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിൽ പോയി. 'ഇത് പറ്റിക്കലാണ്. നിങ്ങളുടെ കൈയിൽ ഇപ്പോൾ തന്ന 5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി പറ്റിക്കലാണ് എന്നാണ് പറയുന്നത്. എങ്ങനെയാണ് ഇത് പറ്റിക്കലാകുന്നത് എന്ന് അദ്ദേഹം തന്നെ പറയേണ്ടതാണ്. നമ്മളാരു മേപ്പടി ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് അടുത്ത ആഹ്വാനം. ഇവിടെ എത്തിയ നിങ്ങളോടെല്ലാരോടും നന്ദിയുണ്ട്. ഇത്തരം ചില ആളുകൾ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാൽ നാട്ടിലെ ജനങ്ങൾ എല്ലാ കാര്യങ്ങളിലും സർക്കാരുമായി സഹകരിക്കുന്നവരാണ്. ഞങ്ങളുടെ ഈ പ്രവർത്തനത്തിലുള്ള ആത്മാർത്ഥത ശരിയായ രീതിയിൽ മത്സ്യത്തൊഴിലാളികൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞത്' മുഖ്യമന്ത്രി പറഞ്ഞു.
ആരേയും പരിപാടിയിലേക്ക് അയക്കരുത്, നമ്മൾ കൂടുതൽ കരുതലോടെ ചടങ്ങിനെ അവഗണിക്കണം. ഇത് വൻ ചതിയാണെന്നുമാണ് പ്രചാരണത്തിലെ അടുത്ത വാചകം. ചതി ശീലമുള്ളവർക്കേ ഇങ്ങനെ പറയാൻ സാധിക്കൂ. ഞങ്ങളുടെ അജണ്ടയിൽ ചതിയില്ല. എന്താണോ പറയുന്നത് അത് ചെയ്യും. ചെയ്യാൻ പറ്റുന്നത് എന്താണോ അതേ പറയൂ. ആരേയും പറ്റിക്കാനോ ചതിക്കാനോ ഞങ്ങളില്ല. ഈ സ്ഥാനത്തിരുന്ന് കൊണ്ട് ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല. ഇതുപോലുള്ള പൊള്ളത്തരങ്ങളിൽ സഹോദരങ്ങൾ ബലിയാടാകാതിരിക്കട്ടെ എന്നും സന്ദേശത്തിൽ പറയുന്നു. ഇതൊരു വലിയ കാര്യമല്ല. എന്നാൽ ഇതൊരു പ്രചരിക്കുന്ന സന്ദേശം ആയതുകൊണ്ടാണ് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ചെയ്ത കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
മത്സ്യത്തൊഴിലാളികൾക്കുള്ള ഭാവനസമുച്ചയം ഉടൻ നിർമ്മാണം ആരംഭിക്കും. കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥലം കണ്ടെത്തി. ഉടൻ ഏറ്റെടുക്കും. 343 ഫ്ളാറ്റുകൾ മത്സ്യത്തൊഴിലാളികൾക്കായി ഇതിനകം നിർമ്മിച്ചു. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സർക്കാർ നൽകിയത്. പ്രതിസന്ധികളിൽ മത്സ്യത്തൊഴിലാളികൾ ഒറ്റക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണമാണ് നടന്നത്. 102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.
ഓണത്തിന് മുമ്പ് ക്യാന്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാർപ്പിക്കും എന്നായിരുന്നു ചർച്ചയിലെ തീരുമാനം. എന്നാൽ നിസ്സാര ധനസഹായം നൽകി മത്സ്യത്തൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീൻ അതിരൂപത ആരോപിച്ചു. ധനസഹായ വിതരണ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ലത്തീൻ അതിരൂപത അറിയിച്ചു. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങൾ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.
മറുനാടന് മലയാളി ബ്യൂറോ