തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർക്കാൻ വേണ്ടി സർക്കാർ സമരക്കാരുമായി തയ്യാറാക്കിയ കരാറുകളിൽ ഉത്തരവിറങ്ങി. സമരക്കാർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് സർക്കാർ ചെയ്തത്. കടലേറ്റത്തിൽ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമിയുടെ കൈമാറ്റം, പുനരധിവാസം പൂർത്തിയാവുന്നതു വരെ മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം വാടക നൽകൽ, മുതലപ്പൊഴി ഹാർബറിന്റെ പിഴവു കണ്ടെത്തുന്നതിനുള്ള നിർദ്ദേശം, തുറമുഖനിർമ്മാണം തീരശോഷണത്തിനു കാരണമാവുന്നുണ്ടോയെന്നു പഠിക്കുന്നതിന് വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തൽ എന്നിവയാണ് ഉത്തരവായി പുറത്തിറങ്ങിയത്.

സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ തിരക്കിട്ട് ഉത്തരവിറക്കിയത്. ചർച്ചകളിൽ സമ്മതിക്കുന്നതല്ലാതെ ഉത്തരവിറങ്ങുന്നില്ലെന്ന് സമരക്കാർ ആരോപിച്ചിരുന്നു. അതേസമയം സമരക്കാർ ഇപ്പോഴത്തെ തീരുമാനത്തിലും തൃപ്തരല്ലെന്നാണ് ലഭി്കുന്ന വിവരം. മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് എട്ട് ഏക്കർ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മത്സ്യബന്ധന വകുപ്പിനു കൈമാറുന്നതിനുള്ള ഉത്തരവാണ് ഇതിൽ പ്രധാനം. നടപടിക്രമങ്ങൾ പാലിച്ച് ഭൂമി കൈമാറുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് ഭൂമിയുടെ രണ്ടു വർഷത്തെ ഉപയോഗാനുമതിയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള 'പുനർഗേഹം' പദ്ധതിക്കായാണ് ഈ കൈമാറ്റം.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അടിക്കടി അപകടമുണ്ടാവുന്നതിനെക്കുറിച്ചു വിശദമായി പരിശോധിച്ച് പരിഹാരനിർദ്ദേശം സമർപ്പിക്കുന്നതിന് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പഠന റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയർ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

വീടു നഷ്ടപ്പെട്ട കുടുംബത്തിന് പുനരധിവാസം പൂർത്തിയാകുന്നതു വരെ പ്രതിമാസം 5500 രൂപ വാടക അനുവദിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡീഷണൽ ഡയറക്ടർ എം.ഡി.കുദലെ, കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ, െബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. തേജൽ കനിത്കർ, കണ്ടള പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എൻജിനിയർ ഡോ. പി.കെ.ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന വിദഗ്ദ്ധസമിതിയെയാണ് തീരശോഷണത്തെക്കുറിച്ചു പഠിക്കാനായി ചുമതലപ്പെടുത്തിയത്.

മുൻ മന്ത്രി കെ.വി.തോമസ്, കർദിനാൾ ക്ലീമിസ് ബാവ തുടങ്ങിയവരുടെ മധ്യസ്ഥതയിൽ ലത്തീൻ സഭാ നേതൃത്വവും സമരസമിതി ഭാരവാഹികളുമായി സർക്കാർ നടത്തിയ ചർച്ചകളിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്. എന്നാൽ, വിഴിഞ്ഞം തുറമുഖനിർമ്മാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു പഠനം നടത്തണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങാത്തതിനാൽ സമരം അവസാനിപ്പിച്ചിട്ടില്ല. സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കടലും കരയും വളഞ്ഞു നടത്തിയ സമരം അക്രമത്തിലാണ് അവസാനിച്ചത്.

അതേസമം വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ആരംഭിച്ച് നൂറ് ദിവസം തികയുമ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ പ്രാദേശിക വികാരം ഉയരുന്നുണ്ട്. നിർമ്മാണഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് വിഴിഞ്ഞം തുറമുഖം നേരിടുന്നത്.സമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബിജെപിയും രംഗത്തെത്തിയതോടെ പ്രതിഷേധങ്ങളുടെ മുഖവും മാറുകയാണ്. അടുത്തയാഴ്ച മുതൽ ഇരുകൂട്ടരും ഒറ്റക്കെട്ടായി സമരം നടത്തുമെന്നാണ് വിവരം.

തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും കടലാസിലൊതുങ്ങി. ജില്ലാ കളക്ടർ നൽകിയ രണ്ട് ഉത്തരവുകളുടെയും സമയം കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ പന്തൽ പൊളിച്ചില്ലെങ്കിൽ തങ്ങൾ മുൻകൈയെടുക്കുമെന്ന തീവ്ര നിലപാടിലാണ് ജനകീയ കൂട്ടായ്മ.സമരംമൂലം ഇതുവരെ 150 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ അനൗദ്യോഗിക കണക്ക്. തുറമുഖ നിർമ്മാണത്തിന് ഏറ്റവും അനുകൂലമായി കടൽ ശാന്തമായിരിക്കെ നിർമ്മാണം നടക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.