തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. സ്‌ഫോടനാത്മകം എന്ന് വിശേഷിപ്പിക്കാൻ പറ്റിയ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ മാറുന്നു എന്ന സൂചനയാണുള്ളത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർത്തുള്ള സമരം ശക്തമാക്കുമെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കിയതോടെ പോർമുഖവും തുറക്കുകയാണ്. തുറമുഖ നിർമ്മാണത്തെ എതിർത്തുള്ള ഇടയലേഖനം അതിരൂപതയ്ക്ക് കീഴിലെ സഭകളിൽ വായിച്ചു. സമരം ശക്തമാക്കുമെന്നും വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ ജാഗ്രത വേണമെന്നും സർക്കുലറിൽ പറയുന്നു.

''സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും സർക്കാർ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ, ഏഴിന ആവശ്യങ്ങളിൽ ഒന്നിൽപോലും രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്വസ്ഥയ്ക്ക് തന്നെ ആഘാതം സൃഷ്ടിക്കും'' മോൺസിഞ്ഞോർ യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. തുടർ സമര പരിപാടികളുടെ സമയക്രമവും സർക്കുലറിലൂടെ വിശ്വാസികളെ അറിയിക്കും.

സമരത്തിന്റെ 130ാം ദിവസമായ ഇന്നലെ, തുറമുഖ നിർമ്മാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസ് കിണഞ്ഞു ശ്രമിച്ചിട്ടാണ് ഇരു വിഭാഗവും കൂടുതൽ അനിഷ്ട സംഭവങ്ങളിലേയ്ക്ക് പോകാതിരുന്നത്. എന്നാൽ, വിഷയത്തിൽ സമര സമിതിയുമായി ഇനി ചർച്ചയില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കോടതി വിധി വരുന്നതു കാക്കാനാണ് സർക്കാർ തീരുമാനം.

അതേസമയം വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ സജ്ജരായിരിക്കാൻ തിരുവനന്തപുരത്തെ പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശിച്ചു. വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

ശനിയാഴ്ച, വിഴിഞ്ഞം തുറമുഖനിർമ്മാണ പ്രദേശത്തേക്ക് നിർമ്മാണസാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടെ വൻ സംഘർഷമുണ്ടായിരുന്നു. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. മൂന്നര മണിക്കൂർ നീണ്ടുനിന്ന സംഘർഷത്തിൽ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാർക്ക് ഉൾപ്പടെ അഞ്ചുപേർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് പാറയുമായി എത്തിയ ലോറികൾ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

അതേസമയം വഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു. ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ സമരം മൂലമുണ്ടായ നഷ്ടം ഇടാക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം നിർമ്മാണക്കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ഈ നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് സൂചന.

അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണനക്ക് വരും. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടഞ്ഞതിൽ സമരക്കാർക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നതും സർക്കാർ നോക്കുന്നുണ്ട്. അതിന് ശേഷമാകും തുടർ നീക്കങ്ങൾ. അതേസമയം സർക്കാരും സമരസമിതിയും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചുകൊണ്ട് പഠനമെന്ന ആവശ്യത്തിൽ സമര സമിതിയിലെ ഭൂരിഭാഗവും ഉറച്ചു നിൽക്കുന്നതാണ് പ്രതിസന്ധി നീളാൻ കാരണം.