തിരുവനന്തപുരം: തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 3000 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്ന്ത. ശക്തമായ നടപടികളിലേക്ക് നീങ്ങാൻ പൊലീസ് തയ്യാറല്ല. ഇത്രയും വലിയ സംഭവം നടന്നിട്ടും മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞതായി പോലും പ്രതികരണം നടത്തിയിട്ടില്ല. പൊലീസ് സറ്റേഷൻ ആക്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മനോവീര്യമെല്ലാം തകർക്കും വിധമാണ് നടപടികളുണ്ടായത്.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയാണ് എഫ്‌ഐആർ. ആരുടെയും പേരു പറയുന്നുമില്ലല്ല. 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻ അറസ്റ്റു വേണ്ടെന്നാണ് ഉണ്ടായിരിക്കുന്ന ധാരണം. ശനിയാഴ്ച വിഴിഞ്ഞം മുല്ലൂരിലെ സംഘർഷത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനുള്ളിലിട്ടു ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു.

ഞായറാഴ്ചത്തെ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പൊലീസുകാരെ കൊല്ലുകയായിരുന്നു ഉദ്ദേശ്യമെന്നും എഫ്‌ഐആറിലുണ്ട്. വധശ്രമത്തിനു പുറമേ അതിക്രമിച്ചു കടന്നു കഠിനമായ ഉപദ്രവമേൽപ്പിക്കൽ, സ്റ്റേഷൻ ആക്രമിക്കാൻ കൂട്ടംചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തി.

മുല്ലൂർ സംഭവത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ആർ.ക്രിസ്തുദാസ് ഉൾപ്പെടെ 96 പേർക്കും കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെ കേസ് എടുത്തിരുന്നു. ഇതിൽ അറസ്റ്റിലായ 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ ഞായറാഴ്ച നടത്തിയ സ്റ്റേഷൻ മാർച്ചാണു വൻ സംഘർഷമായത്.

അതേസമയം 'സമാധാനപരമായി സമരം ചെയ്തവരെ ചിലർ പ്രകോപിപ്പിച്ചു. പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സെൽറ്റന് സംഘർഷവുമായി ബന്ധമില്ല. സമരത്തിനെതിരായ ഇടത് - ബിജെപി കൂട്ടുകെട്ടിൽ സംശയമുണ്ടെന്നാണ് സമര സമിതി കൺവീനർ യൂജിൻ പെരേര ആരോപിച്ചത്. എന്നാൽ, വിഴിഞ്ഞം സംഘർഷത്തിൽ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയത് അടക്കം നടപടികളിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ വ്യക്തമാക്കിയത്.

സമരക്കാർക്കുനേരെ പൊലീസ് കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന സമരക്കാരുടെയും ലത്തീൻ സഭയുടെയും ആരോപണം പൊലീസ് നിഷേധിച്ചു. മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സമരക്കാർ തുടക്കം മുതൽ പ്രകോപനപരമായാണ് പെരുമാറിയത്. 40 ലധികം പൊലീസുകാരെ ആക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല. പൊലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികൾ ഇടപെട്ടോയെന്ന് അറിയില്ലെന്നും കമ്മിഷണർ പറഞ്ഞു.

ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സിഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്.

വിഴിഞ്ഞത്ത് പൊലീസിന് നേരെയുണ്ടായ അക്രമസംഭവങ്ങളിലെ കേസുകൾ പിൻവലിക്കരുതെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞത്ത് നടന്നത് അവകാശ സമരമല്ല, കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിക നീക്കമാണ്. പൊലീസിനെ വെടിവെപ്പിലേക്ക് നയിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കലാപത്തിന് ശ്രമിച്ചത് മതമേലധ്യക്ഷന്മാരാണെന്നും അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

80 ലക്ഷം രൂപ വിലവരുന്ന വാഹനങ്ങളും കെട്ടിടത്തിന്റെ അഞ്ച് ലക്ഷം രൂപ മൂല്യമുള്ള ഭാഗങ്ങളുമാണ് തകർത്തത്. ഏഴ് വാഹനങ്ങളാണ് അക്രമത്തിൽ തകർന്നത്. അതേസമയം, പൊലീസ് ബോധപൂർവമായ സംയമനമാണ് പാലിച്ചതെന്നാണ് ഉന്നതോദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധക്കാർ കരുതിയിരുന്ന കമ്പിവടികളും പട്ടിക കഷണങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആർ. ചൂണ്ടിക്കാട്ടുന്നു. പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന വിഴിഞ്ഞം, ഫോർട്ട്, കരമന പൊലീസ് സ്റ്റേഷനുകളുടെ ജീപ്പ് അടിച്ചു തകർത്തു. റാപിഡ് റെസ്പോൺസ് ഫോഴ്സിന്റെ മിനിബസ്, ടിയർ ഗ്യാസ് യൂണിറ്റിന്റെ മിനി ബസ് എന്നിവയും തകർത്തു.

കരമന സ്റ്റേഷനിലെ തന്നെ ഒരു ജീപ്പും ടിയർഗ്യാസ് യൂണിറ്റിന്റെ മിനിബസും റോഡിൽ മറിച്ചിട്ടു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെയും സ്റ്റേഷന് ചുറ്റുമുള്ള കെട്ടിടങ്ങളുടെയും ജനൽ ഗ്ലാസുകളും വാട്ടർ പ്യൂരിഫയറും ലൈറ്റുകളും തകർത്തു. ഇതിനെത്തുടർന്ന് കൂടുതൽ സേനാംഗങ്ങൾ എത്തിയതോടെ അവരെ സമരക്കാർ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.

ശനിയാഴ്ചത്തെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലേക്ക് സമരക്കാർ എത്തുമെന്ന വിവരം പുറത്തു പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം മുൻകൂട്ടി കണ്ട് മുൻകരുതലുകൾ സ്വീകരിക്കാനാകാത്തത് വീഴ്ചയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ വീഴ്ചയൊന്നുമുണ്ടായില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ചെറിയ പ്രകോപനമുണ്ടായാൽ പോലും അത് പ്രശ്‌നങ്ങൾ സങ്കീർണമാക്കുമായിരുന്നു എന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതര ജില്ലകളിൽനിന്ന് കൂടുതൽ പൊലീസുകാരെ സജ്ജരാക്കിയെങ്കിലും അവരെ തിങ്കളാഴ്ച വ്യാപകമായി വിന്യസിച്ചിരുന്നില്ല.

അതിനിടെ തീരത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്. വൻ പൊലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിരിക്കുന്നത്. അതിനിടെ ഇന്ന് തീരത്ത് ഓഖി വഞ്ചനാദിനം ആചരിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ വഞ്ചനാദിനം ആചരിക്കുന്നത്. ഇതിനെയും കരുതലോടെയാണ് നേരിട്ടിരിക്കുന്നത്.