- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്തേക്ക് കേന്ദ്രസേന എത്തുന്നതിൽ എതിർപ്പില്ലെന്ന സർക്കാർ നിലപാട് വിരട്ടി വരുതിയിലാക്കൽ തന്ത്രം! കേന്ദ്രസേന സുരക്ഷ ഒരുക്കാൻ എത്തണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ചീഫ് സെക്രട്ടറിയോ ഡിജിപിയോ കത്തു നൽകേണ്ടിയും വരും; വിഴിഞ്ഞം തുറമുഖം നിർമ്മാണ ഘട്ടത്തിലായതിനാൽ സിഐഎസ്എഫിന് സ്വമേധയാ ചുമതല ഏറ്റെടുക്കാനുമാകില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേയുള്ള സമരത്തിൽ നിലപാട് കടുപ്പിക്കുന്ന
കേരള സർക്കാർ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ വിരട്ടി വരുതിയിൽ നിർത്തുന്ന തന്ത്രമാണ് ഒടുവിൽ പയറ്റുന്നത്. സമരസമിതിയുടെ സമ്മർദങ്ങൾക്ക് ഒരുതരത്തിലും വഴങ്ങേണ്ടതില്ലെന്നാണ് നിലപാട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും സിപിഎം. സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളും ഇതു വ്യക്തമാക്കുന്നു. ഇതിന് പുറമേയാണ് ഇതുവരെ കേന്ദ്രസേന എത്തേണ്ടെന്ന നിലപാട് സ്വീകരിച്ച സർക്കാർ ഹൈക്കോടതി മുമ്പാകെ കേന്ദ്ര സേന എത്തുന്നതിൽ പ്രശ്‌നമില്ലെന്നും വ്യക്തമാക്കിയത്. കേന്ദ്രസേനയെ വിഴിഞ്ഞത്തേക്ക് വിളിച്ചു വരുത്തുന്നത് റിസ്‌ക്ക് ആണെന്ന് സർക്കാറിനും സിപിഎമ്മിനും ബോധ്യമുണ്ട്. എങ്കിലും കേന്ദ്രസേന വന്നോട്ടെ എന്ന നിലപാട് സ്വീകരിച്ചു സമരക്കാരെ വിരട്ടുക എന്ന തന്ത്രമാണ് സർക്കാറും സ്വീകരിക്കുന്നത്.
സമരം കലാപത്തിന് വഴിവെക്കുന്നതരത്തിലേക്ക് നീങ്ങിയപ്പോൾ പ്രശ്‌നം സങ്കീർണമാക്കാതെ സംയമനം പാലിക്കണമെന്ന നിർദ്ദേശമാണ് പൊലീസിന് നൽകിയത്. സമരം അക്രമത്തിലേക്ക് കടന്നപ്പോൾ പൊലീസ് സംയമനം പാലിച്ചെങ്കിലും തുടർന്നുള്ള ശക്തമായ നടപടികളിലൂടെ രംഗം അനുകൂലമാക്കുകയെന്ന തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ളവർക്കെതിരേയുള്ള കേസുകൾ ഈ സമ്മർദതന്ത്രത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. കഴിഞ്ഞദിവസത്തെ സമരത്തിന്റെയും സ്റ്റേഷൻ ആക്രമണത്തിന്റെയും ദൃശ്യങ്ങൾ കോടതിയിൽ ഹജരാക്കിയത് സമരത്തിന്റെപേരിൽ നടക്കുന്നത് നിയമലംഘനവും അക്രമവുമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു.
വിഴിഞ്ഞത്തും പരിസരത്തും കൂടുതൽ അക്രമം പടരാതിരിക്കാൻ കേന്ദ്രസേനയെ നിയോഗിക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതും എന്തുവന്നാലും തുറമുഖ നിർമ്മാണവുമായി മുന്നോട്ടുപോകുമെന്ന് സൂചിപ്പിക്കാനാണ്. അതേസമയം വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാന സർക്കാർ തന്നെ ആവശ്യപ്പെടണം. ചീഫ് സെക്രട്ടറിയോ ഡിജിപിയോ കത്തു നൽകിയാൽ സേന എത്തും. നിലവിൽ രാജ്യാന്തര തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ കേന്ദ്രവ്യവസായ സുരക്ഷാസേനയ്ക്കാണ് (സിഐഎസ്എഫ്). വിഴിഞ്ഞം തുറമുഖം നിർമ്മാണ ഘട്ടത്തിലായതിനാൽ സിഐഎസ്എഫിന് സ്വമേധയാ ചുമതല ഏറ്റെടുക്കാനാവില്ല.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദ്ദേശിച്ചു. ഹർജി 7നു പരിഗണിക്കാൻ മാറ്റി. അക്രമത്തിനു പ്രേരണ നൽകിയവർക്കെതിരെ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചു. ഹർജിയിലെ എതിർകക്ഷികളിൽ എത്ര പേരെ അറസ്റ്റു ചെയ്‌തെന്നും കോടതി ആരാഞ്ഞു. 5 പേർക്കെതിരെ കേസെടുത്തെന്നും ഗൗരവമായി നടപടികൾ എടുക്കുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ആർച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. അക്രമം തടയാൻ വെടിവയ്പ് ഒഴികെയുള്ള നടപടികൾ സ്വീകരിച്ചു. വെടിവയ്പിൽ കലാശിച്ചിരുന്നെങ്കിൽ നൂറുകണക്കിനുപേർ മരിക്കുമായിരുന്നു. കേന്ദ്രസേനയുണ്ടായിരുന്നെങ്കിലും ഇതുതന്നെയാകും സ്ഥിതിയെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്.
തുറമുഖ മേഖലയിൽ അതിക്രമിച്ചു കടക്കരുതെന്നു കോടതിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും 64 പൊലീസുകാർക്ക് ഉൾപ്പെടെ പരുക്കുണ്ടാക്കിയ അക്രമമാണു നടന്നതെന്നും അദാനിയുടെ അഭിഭാഷകൻ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പുപോലും പൊലീസ് നൽകുന്നില്ല. പൊലീസ് നിസ്സഹായരായിരിക്കാം. എന്നാൽ പൊലീസിനു കഴിയില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാമെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
നേരത്തെ വെള്ളപ്പൊക്ക സമയത്ത് കേന്ദ്രസേനയെ വിളിക്കണമെന്ന ആവശ്യം ശക്തമായിട്ടും അതിനൊന്നും സർക്കാർ തുടക്കത്തിൽ വൈമുഖ്യം കാണിച്ചിരുന്നു. അങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കേയാണ് ഇപ്പോൾ കേന്ദ്ര സേന ആയാലും കുഴപ്പമില്ലെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തുന്നത്. ഇതെല്ലാം മത്സ്യത്തൊഴിലാളികളെ ശത്രുക്കളോടെന്ന പോലെ പെരുമാറുന്നതെന്ന വിമർശനത്തിനാണ് ഇടയാക്കുന്നത്. വെള്ളപ്പൊക്ക കാലത്ത് കേരളത്തിന്റെ അഭിമാനമുയർത്തിയ സേനയായാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്. ഇതെല്ലാം പിണറായി സർക്കാർ മറക്കുകയാണ്.
അതേസമയം വിഴിഞ്ഞം പദ്ധതി മേഖലയുടെ സുരക്ഷാ ചുമതല നിലവിൽ കേരള പൊലീസിനാണ്. സംഘർഷത്തിന്റെ സാഹചര്യത്തിൽ 700 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് എസ്‌പിമാരുടെ സേവനവും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാറിനു ലഭ്യമാക്കി. അതേസമയം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്നു മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എ.ജെ.വിജയൻ പറഞ്ഞു. ഇടതു സർക്കാർ മോദിക്കു പഠിക്കുകയാണ്. കർഷക സമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നത്. തീവ്രവാദിയെന്നു വിളിച്ചാലും സമരത്തിൽനിന്നു പിന്നാക്കം പോകില്ല. മന്ത്രിയുടെ സഹോദരൻ എന്ന പരിഗണന വേണ്ട; ഇത് കുടുംബപ്രശ്‌നമല്ല. ആന്റണി രാജു യുഡിഎഫിലായിരുന്നപ്പോഴും എൽഡിഎഫിലായിരുന്നപ്പോഴും ഞാൻ വിഴിഞ്ഞം പദ്ധതിക്ക് എതിരായിരുന്നു. വിജയൻ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ തീവ്രവാദബന്ധം ആരോപിച്ച് സിപിഎം മുഖപത്രത്തിൽ 9 പേരുടെ ചിത്രവും വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊരു ചിത്രം ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ.ജെ.വിജയന്റേതാണ്. അതേസമയം വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്നു കരുതുന്നില്ലെന്നും അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഗൂഢാലോചനയും ബാഹ്യ ഇടപെടലും ഉണ്ടെന്നു മറ്റു മന്ത്രിമാരും ഇടതു നേതാക്കളും ആരോപിക്കുമ്പോഴാണ് ആന്റണി രാജുവിന്റെ വേറിട്ട നിലപാട്.
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘർഷക്കേസുകളിലെ പ്രതികളിൽ സ്ത്രീകൾ ഉൾപ്പെടെ 1400 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. അക്രമത്തിൽ പങ്കെടുത്ത കുട്ടികളെക്കുറിച്ചും വിവരം ലഭിച്ചെന്ന് പൊലീസ് പറയുന്നു. ഒരാൾ തന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് 189 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന നാലായിരത്തിൽപരം പേർക്കെതിരെ നേരത്തേ വധശ്രമം ഉൾപ്പെടെ വകുപ്പുകളിൽ കേസെടുത്തിരുന്നു. ക്രമസമാധാനപാലനത്തിനായി സ്‌പെഷൽ ഓഫിസറായി ഡിഐജി ആർ.നിശാന്തിനിയെയും കേസുകളിൽ തുടർനടപടിക്ക് ഡപ്യൂട്ടി കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആറ് ആവശ്യങ്ങളും അംഗീകരിച്ച് അത് നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്നാണ് സർക്കാർ വാദം. തുറമുഖനിർമ്മാണം നിർത്തിവെക്കണമെന്ന ഏഴാമത്തെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണവും മന്ത്രിമാർക്കെതിരേയുള്ള സമരസമിതി നേതാക്കളുടെ പരാമർശങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇത് പരമാവധി ചർച്ചയാക്കി നിർത്താനാണ് സർക്കാരിന്റെയും പാർട്ടിയുടെയും നീക്കം. ഇതിലൂടെ തുറമുഖസമരത്തിനുള്ള പിന്തുണ ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമുണ്ട്. സമരപ്പന്തൽ പൊളിച്ചുമാറ്റുന്നതുവരെ സമരക്കാർക്കെതിരേ കേസുകൾ രജിസ്റ്റർചെയ്യാനുള്ള നിർദ്ദേശവും പൊലീസിന് നൽകിയിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ