തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങളോടു സർക്കാർ സ്വീകരിച്ച സമീപനത്തിൽ തൃപ്തരല്ലെന്നും വ്യക്തമാക്കി ലത്തീൻ അതിരൂപത. സമരം നിർത്തിവച്ചതു തൽക്കാലത്തേക്കാണെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി. 7 ആവശ്യങ്ങളിൽ ആറെണ്ണം നടപ്പാക്കിത്തുടങ്ങിയെന്ന് അവകാശവാദമുന്നയിക്കുന്ന സർക്കാർ ഭാഗികമായി മാത്രമാണ് ഈ ആറും നടപ്പാക്കുന്നത്. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാൻ വേണ്ട ഇടപെടൽ തുടർന്നുമുണ്ടാകുമെന്ന്, ഇന്നു പള്ളികളിൽ വായിക്കുന്ന ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയുടെ സർക്കുലറിൽ പറയുന്നു.

140 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നതാണു സർക്കുലർ. സമരത്തിനു പരിഹാരമുണ്ടാകാത്തതിലുള്ള ആശങ്ക പല മേഖലകളിൽ നിന്നുമുയർന്നു. ഇതിനിടെയാണു മുല്ലൂർ, വിഴിഞ്ഞം പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടായത്. തുറമുഖ കവാടത്തിൽ സമരം തുടരുന്നതു കൂടുതൽ അനിഷ്ട സംഭവങ്ങൾക്കു കാരണമായേക്കാം. സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിനാണ് മുൻതൂക്കം നൽകേണ്ടതെന്ന ചിന്തയാണു സമരം നിർത്തുന്നതിലേക്കു നയിച്ചത്. ക്യാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വാടകവീട് കണ്ടെത്തുന്നതിനും മറ്റും സഹായം നൽകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

സമരം പരിഹാരം കാണാതെ തുടരുന്നതിൽ പൊതുസമൂഹത്തിനുള്ള ആശങ്കയും ചർച്ചകൾക്കായുള്ള സർക്കാരിന്റെ ക്ഷണവും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചതായും ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പുറത്തിറക്കുന്ന ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

നവംബർ 26, 27 തീയതികളിലായി മുല്ലൂർ, വിഴിഞ്ഞം പ്രദേശങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ തദ്ദേശീയരും പൊലീസുമുൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു. ഇതോടെ സമരം തുടരുന്നത് കൂടുതൽ അനിഷ്ടസംഭവങ്ങൾക്കു കാരണമാകുമെന്ന് സമരസമിതിക്ക് ആശങ്കയുണ്ടായി. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനാണ് തത്കാലം സമരം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നും ഇടയലേഖനം വിശദീകരിക്കുന്നു.

കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ, കേരള കത്തോലിക്ക മെത്രാൻ സമിതി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ലെയ്സണിങ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് സർക്കാരുമായുള്ള ചർച്ചകൾക്കു ശ്രമിച്ചിരുന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ ഇടപെടൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കും സാഹചര്യമൊരുക്കി. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ തുറമുഖനിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്നത് ഒഴികെയുള്ളവ അംഗീകരിച്ചുവെന്നാണ് സർക്കാർ വാദം. എന്നാൽ, ഇതു ഭാഗികമായാണ് സർക്കാർ നടപ്പാക്കിയത്. പാരിസ്ഥിതികപ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ചവരിൽ സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണ്.

സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകളും ഇടയലേഖനത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്. പാരിസ്ഥിതികപഠനത്തിന് സമരസമിതി നിയോഗിച്ച ജനകീയസമിതിയുടെ പഠനവും മത്സ്യത്തൊഴിലാളികൾ കോടതിയിൽ നൽകിയ ഹർജിയിലെ വാദവും പുരോഗമിക്കുന്നുവെന്നും വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ സമരസമിതിയുടെ ഒരു യോഗം ശനിയാഴ്ച ലത്തീൻ അതിരൂപതാ ആസ്ഥാനത്തു ചേർന്നിരുന്നു. ഇതിലാണ് വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന സമീപനമുണ്ടാകണമെന്ന തീരുമാനമെടുത്തത്. കൂടാതെ വിശദമായ ചർച്ചകൾക്കായി ഭാവിയിൽ വിപുലമായ യോഗം ചേരാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.