- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ; സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരിക്കേറ്റു; നാല് ജീപ്പും, രണ്ടുവാനും, 20 ബൈക്കുകളും നശിപ്പിച്ചു; സ്റ്റേഷന് ഉള്ളിൽ വയർലെസ് സെറ്റുകൾ തകർത്തും അതിക്രമം; കളക്ടറുടെ നേതൃത്വത്തിൽ അനുനയചർച്ച; പ്രദേശത്ത് കനത്തസുരക്ഷ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് എഡിജിപി; ആദ്യഘട്ട സമാധാന ചർച്ച പൂർത്തിയായെന്ന് യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞത്ത് തൽക്കാലം സ്ഥിതി നിന്ത്രണ വിധേയമെന്ന് എഡിജിപി എം ആർ അജിത്കുമാർ. സംഘർഷത്തിനിടെ ഗുരുതര പരിക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 36 പൊലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി വിശദമാക്കി.
വിഴിഞ്ഞ് പൊലീസ് സ്റ്റേഷൻ പരിസരത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. സമീപ ജില്ലകളിൽ നിന്ന് പൊലീസ് വിഴിഞ്ഞത്തെത്തിച്ചിട്ടുണ്ട്. തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കുമായിരിക്കും ക്രമസമാധാന ചുമതല. അതേസമയം, സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സമാധാന ചർച്ച നടന്നു.
വിഴിഞ്ഞത്തെ സംഘർഷം അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിലാണ് അനുനയ ചർച്ച നടന്നത്. സംഘർഷം നടന്ന പ്രദേശത്തിന് സമീപത്തായാണ് അനുനയ ചർച്ച നടന്നത്. കളക്ടർ, സബ് കളക്ടർ, കമ്മിഷണർ എന്നിവർ ആദ്യം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ വികാരി ജനറൽ ഫാദർ യുജിൻ പെരേരയുമായി ചർച്ച നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടുകിട്ടണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
കളക്ടറടക്കമുള്ളവരുമായി ആദ്യഘട്ട ചർച്ച പൂർത്തിയായതായി ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരേര മാധ്യമങ്ങളോട് പ്രതികരിച്ചു. വിഴിഞ്ഞത്ത് സമാധാനം പുലരണമെന്നും യൂജിൻ പെരേര പറഞ്ഞു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ട സമവായ ചർച്ചകൾക്ക് ശേഷം യൂജിൻ പെരേര വിശദമാക്കി. സമരക്കാരുമായി സംസാരിച്ച ശേഷം അടുത്ത ഘട്ടം ചർച്ചയെന്നും യൂജിൻ പെരേര വിശദമാക്കി. വിഴിഞ്ഞത് കനത്ത പൊലീസ് സന്നാഹമാണ് നിലവിലുള്ളത്.
കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരും നിരപരാധികളെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വൈദികർ അടക്കമുള്ളവർ തടിച്ചുകൂടിയത്. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. മുപ്പതിലേറെ പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ പൊലീസുകാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു.
ചിതറിയോടിയ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ വീണ്ടും തിരികെയെത്തി. പിന്നാലെ ലാത്തിച്ചാർജ് നടത്തി. സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അവധിയിലായിരുന്ന പൊലീസുകാരെ തിരികെ വിളിപ്പിച്ചു. കൂടുതൽ ആംബുലൻസുകളെ എത്തിക്കാൻ നിർദ്ദേശം നൽകി. ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റയാളുടെ ചിത്രം പകർത്തുന്നതിനിടെ ഫൊട്ടോഗ്രാഫർക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു. ദ്രുതകർമ സേനാംഗമാണ് അടിച്ചത്. സംഘർഷത്തിനിടെ സമീപത്തെ കടകൾക്കു നേരെയും തുറമുഖ നിർമ്മാണ വിരുദ്ധ സമരസമിതി പ്രവർത്തകർ കല്ലെറിഞ്ഞു. കടകൾ അടപ്പിക്കാനും ശ്രമം നടന്നു. സ്റ്റേഷൻ പരിസരത്ത് 600 പൊലീസുകാരെ അധികമായി വിന്യസിച്ച് പ്രതിഷേധത്തെ നേരിടാനാണ് തീരുമാനം.
തുറമുഖ നിർമ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ തുറമുഖ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. 21 പേർക്കാണ് പരുക്കേറ്റത്. ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പത്തോളം കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഈ കേസിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണു നടപടിയെന്നും അറിയിപ്പിൽ പറയുന്നു.
സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. സംഘർഷത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിറ്റിയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. കമ്മീഷണർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി.
രണ്ടായിരത്തോളം പേർ പ്രതിഷേധവുമായെത്തിയിരുന്നതായാണ് വിവരം. ഇവർ സ്റ്റേഷനിലെ ഒരു ഷെഡ് തകർത്തു. ഒരു ഫ്‌ളെക്‌സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പൊലീസുകാരുടെ തലയ്ക്ക് അടിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ സ്റ്റേഷനുള്ളിൽ കയറി അക്രമം കാണിച്ചുവെന്നും വയർലെസ് സെറ്റുകൾ അടിച്ചു തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകൾ ആക്രമിക്കുകയും വാൻ തടയുകയും ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെയും കരമന സ്റ്റേഷനിലെയും ജീപ്പുകളാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു. സമര സ്ഥലത്ത് വന്ന് നിന്നാൽ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും സമര സമിതി കൺവീനർ ഫാ. യുജിൻ പെരേര പ്രതികരിച്ചു. വൈദികരെ അടക്കം പൊലീസ് മർദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ദിവസം മദ്യനിരോധനം
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു..
ക്രമസമാധാന പാലനത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വി.മുരളീധരൻ
വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാൽ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടു. ക്രമസമാധാനപാലനമെന്നാൽ കേസെടുക്കല്ലെന്നും സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. എന്നാൽ വിഴിഞ്ഞത്ത് പൊലീസ് സംവിധാനം പൂർണമായും പരാജയപ്പെട്ടു. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്. കേന്ദ്രസേനയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബോധപൂർവം കലാപം സൃഷ്ടിക്കുന്നുവെന്ന് സർക്കാർ
അതേസമയം, വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരുത്. യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയ്യാറാകണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.പൊലീസും സർക്കാരും ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാകില്ല. ഇത് ദൗർബല്യമായി കാണരുത്. സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തെന്നും ആന്റണി രാജു പറഞ്ഞു.
ആർച്ച് ബിഷപ്പ് അടക്കം ഉള്ളവർക്കെതിരെ കേസ്
വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെ അടക്കം 50 ഓളം വൈദികർക്കെതിരെ കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് അതിരൂപത രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണു നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയായി ആണ് പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. സഹായമെത്രാൻ ഡോ.ആർ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.
കേസെടുത്തത് അംഗീകരിക്കാനാവില്ലെന്ന് വി ഡി സതീശൻ
അതേസമയം, വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടിയെന്നും സതീശൻ വിമർശിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ