- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ; ഹൈക്കോടതി വിധി ലംഘിച്ചും സമരം തുടരാൻ ലത്തീൻ സഭ; നോക്കു കുത്തിയായി നിന്നാൽ പൊലീസിന് കോടതിയുടെ വിമർശനവും ഉറപ്പ്; സ്വയ രക്ഷയ്ക്ക് കേന്ദ്രസേനയെ ഇറക്കാനുള്ള ആലോചനയിൽ പിണറായി സർക്കാർ; വിഴിഞ്ഞത്ത് അദാനിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും
തിരുവനന്തപുരം: ഹൈക്കോടതി വിധി അംഗീകരിക്കാതെ സമരം തുടരാൻ ലത്തീൻസഭ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്‌നങ്ങൾക്കു പരിഹാരം തേടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാകുമ്പോൾ വെട്ടിലാകുന്നത് സർക്കാരാണ്. തുറമുഖ കവാടത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ, മുൻ ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ 10 മുതലാണ് ഉപവാസം.
അതിനിടെ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്കു തള്ളിവിടുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. തുറമുഖം നിർമ്മാണം തടസ്സപ്പെടുത്തരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം. സുരക്ഷ നൽകാൻ പൊലീസിനോട് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ തുറമുഖ ജോലിക്ക് തൊഴിലാളികൾ എത്തിയാൽ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അക്രമത്തിലേക്ക് കാര്യങ്ങൾ കടന്നാൽ പൊലീസിന് ഇനി നോക്കി നിൽക്കാനാകില്ല.
നിർമ്മാണം തടസ്സപ്പെടുത്തുന്നത് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നുവെന്ന് അദാനിയും വ്യക്തമാക്കി കഴിഞ്ഞു. നഷ്ടപരിഹാരം സർക്കാരിനോട് ചോദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരും സമ്മർദ്ദത്തിലാണ്. കോടതിയുടെ നിലപാടിനൊപ്പം നിൽക്കേണ്ട ഉത്തരവാദിത്തം നിറവേറ്റണം. ഇതൊന്നും വൈദിക സമരത്തെ അടിച്ചമർത്താനും കഴിയില്ല. അങ്ങനെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് പിണറായി. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് എന്താകുമെന്ന ആകാംഷയും സർക്കാരിനുണ്ട്.
അദാനിക്ക് പ്രതിദിനം കോടികളുടെ നഷ്ടപരിഹാരം കേരളത്തിന് നൽകേണ്ടി വരും. നിർമ്മാണം നിർത്തേണ്ടി വന്നാൽ ഇതുവരെ ചെയ്ത പണിക്കും പണം കൊടുക്കണം. ഇതെല്ലാം സർക്കാരിന് വലിയ ബാധ്യതയായി മാറും. നിർമ്മാണം നിലയ്ക്കുന്നത് പ്രതിസന്ധിയാണെന്നും അതുകൊണ്ട് നഷ്ടപരിഹാരം അനിവാര്യമാണെന്നും അദാനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയമപരമായി പോലും ഇത് നൽകേണ്ട ബാധ്യത കേരളത്തിനുണ്ടെന്നാണ് സർക്കാരിന് കിട്ടുന്ന പ്രാഥമിക നിയമോപദേശവും.
ഏന്തായാലും തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് ലത്തീൻ രൂപത. അതിനിടെ, സമരത്തിന്റെ 20ാം ദിവസമായ ഇന്നലെ ലത്തീൻ അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ തുറമുഖ നിർമ്മാണത്തിനെതിരെ സർക്കുലർ വായിച്ചു. തീരശോഷണം ഉൾപ്പെടെ പ്രശ്‌നങ്ങൾ തുറമുഖ നിർമ്മാണം നിർത്തിവച്ചു വിദഗ്ധ സമിതി പഠിക്കണമെന്നാണ് ഇതിലെ പ്രധാന ആവശ്യം. എന്നാൽ നിർമ്മാണം നിർത്തി വയ്ക്കുന്നത് സർക്കാരിന് ആലോചിക്കാൻ പോലും കഴിയുന്നില്ല. കേന്ദ്ര സേനയെ സുരക്ഷ ഏൽപ്പിക്കുന്നതും പിണറായിയുടെ ആലോചനയിലുണ്ട്. അതിനുള്ള നടപടികളിലേക്ക് സർക്കാർ കടന്നേക്കും.
മത്സ്യത്തൊഴിലാളികൾക്ക് എതിരായ കോടതി ഉത്തരവു നേടിയെടുക്കാൻ സർക്കാർ അദാനി കമ്പനിക്കു കൂട്ടുനിന്നുവെന്ന് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളും ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയുടെ പേരിൽ പുറപ്പെടുവിപ്പിച്ച സർക്കുലറിലുണ്ട്. മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങൾക്കും ചർച്ച നടത്തിയിട്ടും സർക്കാർ പരിഹാരത്തിനു ശ്രമിക്കുന്നില്ലെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ സമര സമിതിയുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തണമെന്നു സതീശൻ കത്തിൽ ആവശ്യപ്പെട്ടത്.
7 ആവശ്യങ്ങൾ ഉന്നയിച്ചാണു മത്സ്യത്തൊഴിലാളികളുടെ സമരം. മന്ത്രിതല സമിതി പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ സമിതിയുടെ ചർച്ചകൾ കൊണ്ടു ഫലമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇങ്ങനെ ലത്തീൻ സഭയ്‌ക്കൊപ്പം പ്രതിപക്ഷം നിൽക്കുന്നത് സർക്കാരിന് വലിയ പ്രതിസന്ധിയാണ്.
മറുനാടന് മലയാളി ബ്യൂറോ