തിരുവനന്തപുരം: ''ലീറ്ററിന് ഒരു പൈസയാണു കൂട്ടിയത്. സാധാരണക്കാർക്ക് ഒരു ബുദ്ധിമുട്ടുമില്ല. വെള്ളക്കരം കൂട്ടിയതിന്റെ പേരിൽ ഇതു വരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല.''-ഇതായിരുന്നു വെള്ളക്കരം കൂട്ടുമ്പോൾ ജലവിഭവ വന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. എന്നാൽ ബിൽ കൈയിൽ കിട്ടുമ്പോൾ ജനം ഞെട്ടുകയാണ്. വാട്ടർ ചാർജ് കൂട്ടിയശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ ഗാർഹിക ഉപയോക്താക്കൾക്കുള്ള വർധന മൂന്നര ഇരട്ടിവരെയാണ്.

ലീറ്ററിന് ഒരു പൈസയെന്ന നാമമാത്ര വർധനയേ ഉള്ളൂവെന്ന സർക്കാർ വാദം പൊളിയുകയും ചെയ്തു. ജനുവരി ഫെബ്രുവരി കാലയളവിലെ ബിൽ മാർച്ചിൽ വന്നപ്പോൾ വർധനയുടെ തോത് പൂർണ തോതിൽ പ്രതിഫലിച്ചിരുന്നില്ല. ഏപ്രിലിലും ഈമാസവുമായി ബിൽ ലഭിച്ചവർക്കാണ് നിരക്കിൽ ഇത്രത്തോളം വർധനയുണ്ടെന്നു മനസ്സിലായത്. ഡിസംബറിൽ 103 രൂപ അടച്ചവർക്ക് മേയിലെ ബില്ലിൽ 354 രൂപ അടയ്ക്കണം. എറണാകുളത്ത് 108 രൂപ നേരത്തെ അടച്ചയാൾക്ക് 648 രൂപ. ആറിരട്ടിയോളം വർദ്ധന. 48 രൂപ അടച്ചിരുന്നവർക്ക് 148 രൂപയും.

ഇതൊന്നും തുച്ഛമായ വർദ്ധനവല്ല. വലിയ തോതിൽ തന്നെ വെള്ളക്കരം കൂട്ടിയെന്നതാണ് വസ്തുത. വൈദ്യുതിയിൽ വില കൂട്ടൽ പതിവാണ്. ഇതിന്റെ ഭാരത്തിനൊപ്പമാണ് വെള്ളക്കരവും കൂടുന്നത്. സംസ്ഥാനത്താകെ 35.95 ലക്ഷം ഗാർഹിക കണക്ഷനുകളാണുള്ളത്. ഗാർഹിക, ഗാർഹികേതര, വ്യവസായ കണക്ഷനുകളിലെല്ലാം വർധനയുണ്ടെങ്കിലും ജല ഉപയോഗം കുറവുള്ളവർക്കാണ് ഇത്തവണ ബിൽ തുക മൂന്നിരട്ടിയിലേറെയായത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും നികുതിവർധനകൾക്കുമൊപ്പമാണു വാട്ടർ ചാർജ് വർധനയും സാധാരണക്കാർക്കു വലിയ ആഘാതമാകുന്നത്. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരമുള്ള 5% വർധന അടുത്ത ഏപ്രിലിൽ വീണ്ടുമുണ്ടാകുകയും ചെയ്യും. വെള്ളക്കരം ലിറ്ററിന് പത്തു പൈസ (1000 ലിറ്ററിന് 10 രൂപ) വർദ്ധിപ്പിച്ചതിലൂടെ 5000 മുതൽ 50,000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപാ വരെ കൂടുമെന്നായിരുന്നു വിലയിരുത്തൽ. രണ്ടര ഇരട്ടിയുടെ വർദ്ധനയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതിന് അപ്പുറത്തേക്ക ബിൽ പോവുകയാണ്.

1000 ലിറ്ററിന് നാല് രൂപ ആയിരുന്നത് 14 രൂപയായാണ് കൂടുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ കൂടിയ നിരക്ക് 44 രൂപയിൽ നിന്ന് 54ഉം. നാല് അംഗങ്ങളുള്ള കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റർ വെള്ളമാണ്. രണ്ടുമാസത്തേക്ക് 20,000 ലിറ്റർ. ഇതിലൂടെ വൻ ബാദ്ധ്യതയാകും സാധാരണക്കാർക്ക് ഉണ്ടാകുന്നത്. ദ്വൈമാസ ബിൽ 88 രൂപയാണെങ്കിൽ ഇനി മുതൽ 288 രൂപയാകും. താരിഫ് നിശ്ചയിച്ച് വാട്ടർ അഥോറിറ്റി ഉത്തരവ് ഇറക്കിയിരുന്നു.

ബി.പി.എൽ വിഭാഗത്തിന് 15,000 ലിറ്റർ വരെ സൗജന്യം തുടരും.നിരക്ക് വർദ്ധനയിലൂടെ 300 കോടിയാണ് വാട്ടർ അഥോറിറ്റിക്ക് ലഭിക്കുന്ന അധിക വരുമാനം. 4000 കോടിയിലേറെയാണ് ഇതുവരെയുള്ള അഥോറിറ്റിയുടെ നഷ്ടം. പിരിച്ചെടുക്കാനുള്ള കുടിശിക രണ്ടായിരം കോടിയും.