- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 സെന്റിൽ താഴെയുള്ള ഭൂമിയുടെ കാര്യത്തിൽ 2017-നുശേഷം വാങ്ങി എന്നതിന്റെ പേരിൽ തരംമാറ്റുന്നതിന് ഫീസ് ഈടാക്കാൻ ഇനി സർക്കാരിനാകില്ല; നിലമെന്ന് വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥയിൽ വ്യക്തത വരുമ്പോൾ
കൊച്ചി: നിലമെന്ന് വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥ ഇനി എല്ലാവർക്കും കിട്ടും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി വാങ്ങിയതു 2017 നു ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരം മാറ്റാൻ ഫീസ് ഇളവു നൽകണമെന്ന് ഹൈക്കോടതി വിധിയാണ് ഇതിന കാരണം.
25 സെന്റിന് താഴെയാണെങ്കിലും 2017 നു ശേഷം വാങ്ങിയതാണെങ്കിൽ ഫീസിളവ് നൽകാനാകില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതിരെ പാലക്കാട് സ്വദേശികളായ യു.സുമേഷ്, യു.സുധീഷ്, സരേഷ് ശങ്കർ എന്നിവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഭൂമി തരം മാറ്റാൻ ഫീസിളവിന് അപേക്ഷ നൽകിയത്.
എന്നാൽ 2017 ഡിസംബർ 30 വരെ ഒന്നായി കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവയ്ക്കു സൗജന്യം ബാധകമല്ലെന്നും അവ ഒന്നായി കണക്കാക്കിയാണു ഫീസ് ഈടാക്കേണ്ടതെന്നും സർക്കാർ ഉത്തരവിലുണ്ട്. ഹർജിക്കാർ 2017 നുശേഷമാണ് ഭൂമി വാങ്ങിയത്. അതിനാൽ ഫീസിളവു നൽകാൻ കഴിയില്ലെന്നാണ് റവന്യു അധികൃതർ നിലപാടു സ്വീകരിച്ചത്.
എന്നാൽ മുൻപ് 25 സെന്റിൽ താഴെയുള്ള ഭൂമിയാണെങ്കിലും 2017 ഡിസംബറിനു ശേഷമാണു വാങ്ങിയതെങ്കിൽ ഇളവ് ലഭിക്കില്ലെന്ന നിലപാട് നിയമപ്രകാരവും ചട്ടപ്രകാരവും അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തുടർന്നു 2 മാസത്തിനകം ഹർജിക്കാരുടെ അപേക്ഷകൾ ആർഡിഒ പരിഗണിച്ചു തീരുമാനം എടുക്കാനും നിർദേശിച്ചു.
25 സെന്റിൽ കൂടുതലുള്ള ഭൂമിയിൽനിന്ന് പ്ലോട്ട് തിരിച്ചുവാങ്ങിയ ഭൂമിയുടെ കാര്യത്തിലേ തരംമാറ്റുന്നതിന് ഫീസ് നൽകേണ്ടതുള്ളൂയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലം 2017 ഡിസംബർ 30-ന് 25 സെന്റിൽ താഴെയാണെങ്കിൽ ഫീസില്ലാതെ തരംമാറ്റാനാകും. എന്നാൽ, ഹർജിക്കാർ ഭൂമി വാങ്ങിയത് 2017-നുശേഷമാണെന്ന കാരണത്താൽ തരംമാറ്റുന്നതിന് ഫീസടയ്ക്കണമെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
എന്നാൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ച കോടതി 2017 ഡിസംബർ 30-വരെ ഒന്നായിക്കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ അതിനുതാഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിലേ ഫീസിളവ് ലഭിക്കാതിരിക്കൂയെന്ന് വിലയിരുത്തി. അതിന്റെയടിസ്ഥാനത്തിൽ മുൻപേ 25 സെന്റിൽ താഴെയുള്ള ഭൂമിയുടെ കാര്യത്തിൽ 2017-നുശേഷം വാങ്ങി എന്നതിന്റെ പേരിൽ തരംമാറ്റുന്നതിന് ഫീസ് നൽകേണ്ടതില്ലെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റൽ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂവകുപ്പ് ഉത്തരവിറക്കിയത് 2021ലാണ്. 25 സെന്റ് വരെയുള്ള നെൽവയൽ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി. അതിന് മുമ്പ് ഈ ആനുകൂല്യം 2021 ഫെബ്രവുരി 25 മുതലുള്ള അപേക്ഷകൾക്കായിരുന്നു അനുവദിച്ചിരുന്നത്. ഇത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സൗജന്യം അതിനു മുമ്പുള്ള അപേക്ഷകൾക്കും ബാധകമാക്കി പുതിയ ഉത്തരവിറക്കിയത്.
2018ലെ ഭേദഗതി പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളിൽ തരം മാറ്റാൻ 2017 ഡിസംബർ 30വരെ കൈവശമുള്ളവരെയാണ് അനുവദിച്ചിരുന്നത്. ഇതിനുശേഷം ഈ ഭൂമി വാങ്ങിയവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇതൊഴിവാക്കി, നിയമാനുസൃതം കൈമാറ്റം ചെയ്ത് കിട്ടുന്നവർക്കും തരം മാറ്റാൻ അനുമതി നൽകിയിരുന്നു. അപേക്ഷകന്റെ കൈവശം മറ്റു തരത്തിലുള്ള ഭൂമിയുണ്ടാകാൻ പാടില്ലെന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ അത് പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു ഇതാണ് ഇപ്പോൾ ഹൈക്കോടതിയും ഉയർത്തി പിടിക്കുന്നത്.
സർവേ ചെയ്യപ്പെടാത്ത വില്ലേജുകളിലെ ഭൂമികളുടെ സ്വഭാവ വ്യതിയാനത്തിന് അനുമതി നൽകുമ്പോൾ, പ്രസ്തുത ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്റർ, ബിടിആർ എന്നിവയും കൈവശവും പരിശോധിച്ചും കൂടാതെ, 2008 കാലഘട്ടത്തിലുള്ള ഭൂമിയുടെ സ്ഥിതിവിവരം സംബന്ധിച്ച കെഎസ്ആർഇസി റിപ്പോർട്ട് പരിശോധിച്ചും വ്യതിയാനത്തിന് അനുമതി നൽകുന്നതിൽ ആർഡിഒമാർക്ക് തീരുമാനമെടുക്കാം എന്നാണ് നിയമം.
50 സെന്റിൽ കൂടുതലുള്ള ഭൂമിക്ക് സ്വഭാവ വ്യതിയാനം അനുവദിക്കുമ്പോൾ 10 ശതമാനം സ്ഥലം ജലസംരക്ഷണത്തിനായി പ്രത്യേകം നീക്കിവയ്ക്കണമെന്ന് വ്യവസ്ഥ ഉടമപാലിക്കണമെങ്കിലും വകുപ്പ് സംരക്ഷണ നടപടി സ്വീകരിക്കേണ്ടതില്ല. 1967ലെ കേരള ഭൂ വിനിയോഗ ഉത്തരവ് വരുന്നതിനു മുമ്പ് നികത്തപ്പെട്ട നിലത്തിന്റെ കാര്യത്തിലാണിത്.
മറുനാടന് മലയാളി ബ്യൂറോ