- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ മാറി നിൽക്കുമ്പോഴും കടൽക്ഷോഭത്തിന്റെ ഭീതി; തീരത്ത് ഒന്നര മീറ്ററോളം തിരമാല ഉയർന്നേക്കും; പകൽ താപനിലയും സമാനതകളില്ലാത്തത്; നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതിരിക്കാൻ ജാഗ്രതാ നിർദ്ദേശങ്ങൾ; മെഡിക്കൽ കോളജുകളിൽ ബേൺസ് യൂണിറ്റുകൾ; ഇത് കരുതൽ അനിവാര്യമായ കാലാവസ്ഥാക്കാലം
തിരുവനന്തപുരം: കേരളത്തിൽ ചൂടും കടൽക്ഷോഭവും. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വലിയ മുൻകരുതൽ എടുക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇന്നു മഴ മുന്നറിയിപ്പ് ഇല്ല. എന്നിട്ടും തിരമാലകൾ ഉയരുന്നു. മഴ മാറി നിൽക്കുമ്പോൾ കേരളം ചുട്ടു പൊള്ളുകയാണ്. താപനില ഉയരുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ 3 വരെ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. കടലിലെ ജാഗ്രത തിരമാലയെ കുറിച്ചാണെങ്കിൽ കര ചുട്ടു പൊള്ളുന്നു. അതിനും ജാഗ്രതാ നിർദ്ദേശം ഇറക്കിയിട്ടുണ്ട്. നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതിരിക്കാനാണ് ജാഗ്രതാ നിർദ്ദേശങ്ങൾ.
ഇന്നലെ കേരളത്തിലെ ശരാശരി താപനില 34.4 ഡിഗ്രി സെൽഷ്യസാണ്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ് 38.5 ഡിഗ്രി സെൽഷ്യസ്. കോട്ടയം കുമരകം 34.21, കോഴിക്കോട് 33.4, തിരുവനന്തപുരം 32.4, കൊച്ചി 31.8 എന്നിങ്ങനെയായിരുന്നു താപനില. ഏറ്റവും കുറവ് മൂന്നാറിൽ 25.21 ഡിഗ്രി. കുറച്ചു ആഴ്ച മുമ്പ് മൂന്നാറിൽ കൊടും തണുപ്പായിരുന്നു. അതാണ് പെട്ടെന്ന് മാറുന്നത്.
ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൊള്ളലിനു പ്രധാന ആശുപത്രികളിൽ ചികിത്സാ സംവിധാനമുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ചൂട് നേരിടാൻ സംസ്ഥാന ദുരന്തനിരവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ
പകൽ യാത്ര ചെയ്യുന്നവർ നിശ്ചിത ഇടവേളകളിൽ പരമാവധി ശുദ്ധജലം കുടിക്കണം; ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതണം.
മദ്യവും നിർജലീകരണമുണ്ടാക്കുന്ന മറ്റു പാനീയങ്ങളും പകൽ ഒഴിവാക്കുക.
കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് നിർബന്ധം.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിപ്പോകരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം. പരീക്ഷാ ഹാളിലും വെള്ളം ലഭ്യമാക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം വേണം.
സ്‌കൂൾ അസംബ്ലിയും മറ്റും ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ വേണം.
സ്‌കൂളിൽനിന്നുള്ള വിനോദയാത്രകളിൽ പകൽ 11 മുതൽ 3 വരെ കുട്ടികൾക്കു നേരിട്ടു ചൂടേൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും കഠിന ജോലികൾ ചെയ്യുന്നവരും ജോലി സമയം ക്രമീകരിക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉറപ്പാക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണനിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ മുൻകരുതൽ സ്വീകരിക്കണം.
അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനമുണ്ടാക്കാൻ പഞ്ചായത്തും ജീവനക്കാരും ശ്രദ്ധിക്കണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരും രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവരും 11 മുതൽ 3 വരെ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കന്നുകാലികളെ തുറസ്സായ സ്ഥലത്ത് കെട്ടിയിടരുത്.
കാട്ടു തീ സാധ്യതയുള്ളതിനാൽ വനത്തിനു സമീപം താമസിക്കുന്നവരും സഞ്ചാരികളും ജാഗ്രത പാലിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഡെലിവറി നടത്തുന്നവർ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മറുനാടന് മലയാളി ബ്യൂറോ