തിരുവനന്തപുരം:കമ്പ്യൂട്ടർ എൻജിനിയർ ആകുക.മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്ന് പഠിക്കുക ഇപ്പോൾ ഇത് മാത്രമാണ് ലക്ഷ്യം ബാക്കി പിന്നാലെ റാങ്കുകളുടെ രാജകുമാരൻ തോമസ് ബിജു ചീരംവേലിൽ മറുനാടനോട് പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ മൂന്ന് റാങ്കുകൾ നേടി തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിനും അഭിമാനമായിരിക്കുകയാണ് ഈ വിദ്യാർത്ഥി. കേരളത്തിന് ആദ്യമായാണ് ആൾ ഇന്ത്യൻ എൻജിനിയറിഗ് പരീക്ഷയിൽ മൂന്നാം സ്ഥാനം ലഭിക്കുന്നത്.

കേരള എൻജിനിയറിങ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്കും ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 17--ാം റാങ്കും 100 പെർസെന്റൈൽ മാർക്കും. ജെഇഇ അഡ്വാൻസിഡ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ അഖിലേന്ത്യാ തലത്തിൽ മൂന്നാംറാങ്ക്. ഹാട്രിക്കടിച്ചാണ് റാങ്കുകളുടെ ഇന്നിങ്‌സിൽ തോമസ് ബിജു മാൻഓഫ്ദി സീരിയിസ് ആവുന്നത്.

അന്നന്നത്തെ പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചുതീർക്കുന്ന ശീലമാണ്. ഓർമിച്ചുവെക്കാനുള്ള കാര്യങ്ങൾ പ്രത്യേകം ചാർട്ടാക്കിവെയ്ക്കും. ദിവസവും 150 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാണ് പരിശീലനം. സംശയങ്ങൾ അപ്പപ്പോൾത്തന്നെ അദ്ധ്യാപകരുടെ സഹായത്തോടെ പരിഹരിക്കും. മൊബൈൽഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കി. പഠനാവശ്യങ്ങൾക്കുമാത്രമാണ് ഇന്റർനെറ്റ് ഉപയോഗിച്ചത്- ജെ.ഇ.ഇ. മെയിൻ ആദ്യ സെഷനിലും രണ്ടാം സെഷനിലും മുഴുവൻ സ്‌കോറും നേടി സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു.

എൻജിനിയറിങ് ലക്ഷ്യമാക്കിയാണ് പ്ലസ്ടു പഠനം ആരംഭിച്ചതെന്ന് തോമസ് ബിജു പറയുന്നു. പാലാ ബ്രില്യന്റ്, തിരുവനന്തപുരം മാത് ഐ.ഐ.ടി. എന്നിവിടങ്ങളിലായിരുന്നു പ്രവേശനപരീക്ഷയ്ക്ക് പരിശീലനം തേടിയത്.ആദ്യസ്ഥാനത്ത് എത്തണമെന്ന ലക്ഷ്യത്തോടെയാണ് പഠനം തുടങ്ങിയത്. സിലബസ് കൃത്യമായി പിന്തുടർന്നതും പരീക്ഷകൾ സമയാസമയത്ത് എഴുതിയതും ഗുണംചെയ്തു. ദിവസവും 12 മണിക്കൂർ പഠനത്തിനായി മാറ്റിവെയ്ക്കുമെന്ന് തോമസ് ബിജു പറഞ്ഞു.

പത്താംക്ലാസ് വരെ മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിലും പ്ലസ്ടു തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്‌കൂളിലുമായിരുന്നു. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 98.2ഉം പ്ലസ്ടു പരീക്ഷയിൽ 99.4ഉം ശതമാനം മാർക്കുംനേടി.വായനയും ചെസ്‌കളിയും പിയാനോ വായനയും ഒക്കെയാണ് തോമസ് ബിജുവിന്റെ വിനോദങ്ങൾ അത് പഠനത്തിൽ മടുക്കുമ്പോൾ മാത്രം.

കേശവദാസപുരം കാക്കനാട് ലെയ്ൻ 'കാവ്യാഞ്ജലി'യിലാണ് താമസം. ഐഎസ്ആർഒയിൽ എൻജിനിയറായ ആലപ്പുഴ മുട്ടാർ ചീരംവേലിൽ വേലിപ്പറമ്പിൽ ബിജു സി തോമസിന്റെയും തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ അസി. പ്രൊഫസറായ പത്തനംതിട്ട മല്ലശേരിമുക്ക് റാവുർവീട്ടിൽ റീനി രാജന്റെയും മകനാണ്.പ്ലസ്വൺ വിദ്യാർത്ഥിയാണ് സഹോദരൻബിജു