- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലെ പാഴ്‌സി സമുദായത്തിന്റെ ജനസംഖ്യ കൂട്ടാൻ മുന്നിട്ടിറങ്ങി പ്രവർത്തിച്ചയാൾ; എല്ലാറ്റിലും ക്യത്യമായ അഭിപ്രായമുള്ള ആക്റ്റിവിസ്റ്റ്; ഗൈനക്കോളജിസ്റ്റായും മിടുമിടുക്കി; ആരാണ് സൈറസ് മിസ്ത്രിയുടെ കുടുംബ സുഹൃത്തായ ഡോ.അനാഹിത പണ്ടോളെ?
മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ(54) ദാരുണാന്ത്യത്തിൽ കലാശിച്ച കാറപകടം അമിത വേഗവും തെറ്റായ ദിശയിലുള്ള ഓവർടേക്കിങ്ങും മൂലമായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കാറിന്റെ അമിതവേഗവും, പിൻസീറ്റിലെ യാത്രികർ സീറ്റ് ബൽറ്റ് ധരിക്കാതിരുന്നതും, ഡ്രൈവറുടെ തെറ്റായ നിഗമനവുമാണ് അപകടത്തിന് ഇടയാക്കിയത്. പാൽഗറിലെ ചരോട്ടി ചെക് പോസ്റ്റ് ക്രോസ് ചെയ്ത ശേഷം വെറും 9 മിനിറ്റിൽ കാർ 20 കിലോമീറ്റർ കടന്നതായും കണ്ടെത്തിയിട്ടുണ്ട്. മെർസിഡസ് ബെൻസ് കാർ ഓടിച്ചത് മിസ്ത്രിയുടെ സുഹൃത്തായ വനിതാ ഡോക്ടർ ആയിരുന്നു എന്നും പുറത്തുവന്നു. മുംബൈയിൽ നിന്ന് 120 കിലോമീറ്റർ അകലെ പാൽഘറിൽ, സൂര്യനദിക്ക് കുറുകെയുള്ള പാലത്തിൽ ഡിവൈഡറിൽ ഇടിച്ചുകയറിയായിരുന്നു അപകടം. പിൻ സീറ്റിലിരുന്ന മിസ്ത്രിയും, ജെഹാംഗീർ പണ്ടോളെ എന്നയാളുമാണ് മരിച്ചത്.
കാർ ഓടിച്ചത് മുംബൈയിലെ ഉന്നത ഗൈനക്കോളജിസ്റ്റും, ഒബ്‌സ്റ്റട്രീഷ്യനുമായ ഡോ.അനാഹിത പണ്ടോള(54) ആയിരുന്നു. മുൻസീറ്റിൽ, ഭർത്താവ് ഡാരിയസ് പണ്ടോളെയും ഉണ്ടായിരുന്നു. ഡാരിയസിന്റെ സഹോദരനാണ് ജെഹാംഗീർ പണ്ടോളെ. മിസ്ത്രിയും, ജെഹാംഗീറും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ അന്തരിച്ച പണ്ടോളെ സഹോദരന്മാരുടെ പിതാവിന് വേണ്ടി പ്രാർത്ഥിക്കാൻ, പാഴ്‌സി സമുദായക്കാരുടെ ഉദ്വദയിലെ അഗ്നിക്ഷേത്രത്തിൽ പോയി വരുമ്പോഴാണ് അപകടം ഉണ്ടായത്. മിസ്ത്രിയുടെ കുടുംബ സുഹൃത്താണ് അനാഹിത പണ്ടോളെ.
ആരാണ് അനാഹിത പണ്ടോളെ?
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയുമായി ബന്ധപ്പെട്ടാണ് അനാഹിത പ്രവർത്തിക്കുന്നത്. വന്ധ്യത ചികിത്സ, പ്രസവ ചികിത്സ, എൻഡോസ്‌കോപിക് സർജറി എന്നിവയാണ് സ്‌പെഷ്യാലിറ്റികൾ. പാഴ്‌സി സമുദായത്തിന്റെ ജനസംഖ്യ വർദ്ധിപ്പിക്കാൻ അനാഹിത മുന്നിട്ടിറങ്ങിയിരുന്നു. 2004 ൽ ബോംബെ പാഴ്‌സി പഞ്ചായത്തുമായി സഹകരിച്ച് പാഴ്‌സി സമുദായത്തിൽ നിന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വന്ധ്യതാ ചികിത്സയ്ക്കും, സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് അനാഹിത.
2013 ൽ ന്യൂനപക്ഷ കാര്യ മന്ത്രാലയം, ജിയോ പാഴ്‌സി പദ്ധതി കൊണ്ടുവന്നപ്പോൾ അതിലും അനാഹിത സുപ്രധാന പങ്കുവഹിച്ചു. ഇപ്പോഴും അത് തുടരുന്നു. ജോലിയിലെ മികവിന് പുറമേ, ആക്റ്റിവിസ്റ്റ് കൂടിയാണ് അനാഹിത. മുംബൈയിലെ അനധികൃത ഹോർഡിങ്ങുകളും, പോസ്റ്ററുകളും മറ്റും നീക്കം ചെയ്യുന്നതിന് വേണ്ടി പ്രചാരണം നടത്തി. അനാഹിതയുടെ പോരാട്ടത്തെ തുടർന്ന് ബ്രിഹന്മുംബൈ മുൻസിപ്പൽ കോർപറേഷൻ ഹോർഡിങ്ങുകളും പോസ്റ്ററുകളും റിപ്പോർട്ട് ചെയ്യാൻ ടോൾ ഫ്രീ നമ്പറുകൾ സ്ഥാപിച്ചിരുന്നു.
പണ്ടോളെ സഹോദരന്മാർ
അനാഹിത പണ്ടോളെയുടെ ഭർത്താവ് ഡാരിയസ് പണ്ടോളെ( 60) മുംബൈ കേന്ദ്രമായുള്ള ജെഎം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ സ്വതന്ത്ര ഡയറക്ടറായിരുന്നു. മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർത്തവരിൽ ഒരാൾ. 2016 ൽ മിസ്ത്രിയെ പുറത്താക്കിയപ്പോൾ ഡാരിയസും ഡയറക്ടർ സ്ഥാനം രാജി വച്ചു. ഇൻവസ്റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ അറിയപ്പെടുന്ന ആളാണ് ഡാരിയസ്.
ഡാരിയസ് പണ്ടോളെയും സൈറസ് മിസ്ത്രിയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ടാറ്റ ഗ്ലോബൽ ബവ്‌റിജസ് ലിമിറ്റഡിന്റെ ബോർഡ് അംഗമായിരുന്നു. മിസ്ത്രിയെ പുറത്താക്കിയതോടെ ഡാരിയസും ഒഴിഞ്ഞു. മിസ്ത്രിക്കൊപ്പം മരണമടഞ്ഞ ഡാരിയസിന്റെ സഹോദരൻ ജഹാംഗീർ പണ്ടോളെ, കെപിഎംജി ലണ്ടൻ ഓഫീസ് ഡയറക്ടറായിരുന്നു.
സോഫ്റ്റ് ഡ്രിങ്ക്‌സ് നിർമ്മാതാക്കളായ ഡ്യൂക്‌സിന്റെ ഉടമസ്ഥായിരുന്നു പണ്ടോളെ കുടുംബം. ബാങ്കിങ് രംഗത്തേക്ക് ഇറങ്ങും മുമ്പ്, ഡാരിയസ് കുടുംബ ബിസിനസ് നോക്കി നടത്തിയിരുന്നു. 1994 ൽ ഡ്യൂക്കിനെ പെപ്‌സികോയ്ക്ക് വിൽക്കുന്നതിനുള്ള ചർച്ചകളെ നയിച്ചത് ഡാരിയസായിരുന്നു.
പണ്ഡോളെ സഹോദരന്മാർ ചെറുപ്പത്തിൽ സ്‌ക്വാഷ് ചാമ്പ്യന്മാരായിരുന്നു. ജെഹാംഗീർ പ്രൊഫഷണൽ സ്‌ക്വാഷ് കളിക്കാരനായിരുന്നു. 1991 ലെ ഏഷ്യൻ ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മിസ്ത്രി-പണ്ടോളെ സൗഹൃദം
ഇരുകുടുംബങ്ങളും ദീർഘകാല സുഹൃത്തുക്കളാണ്. മിസ്ത്രിയും ഡാരിയസും ബാല്യകാല സുഹൃത്തുക്കളും. മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോണൺ സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. മിസ്ത്രിക്കും, പണ്ടോളെ സഹോദരന്മാർക്കും, അവരുടെ പിതാക്കന്മാരെ നഷ്ടപ്പെട്ടത് ഈ വർഷാദ്യമാണ്. പല്ലോൺജി മിസ്ത്രി ജൂണിലും, ഡിൻഷോ പണ്ടോളെ ഒരാഴ്ച മുമ്പുമാണ് അന്തരിച്ചത്.
അപകടത്തിൽ, അനാഹിതയ്ക്ക് ഇടുപ്പെല്ലിൽ പൊട്ടലുണ്ടായിട്ടുണ്ട്. അവരുടെ ആരോഗ്യനില ഭദ്രമാണ്. ഡാരിയസിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു. മിസ്ത്രിയുടെയും ജഹാംഗീറിന്റെയും മൃതദേഹങ്ങൾ മുംബൈയിലെ ജെജെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. മിസ്ത്രിയുടെ സംസ്‌കാരം, വോർളിയിലെ ശ്മശാനത്തിൽ ചൊവ്വാഴ്ച നടക്കും.
മറുനാടന് മലയാളി ബ്യൂറോ