തൃശൂർ: കസവുമുണ്ടും, മേൽമുണ്ടും ധരിച്ച്, തനി മലയാളി വേഷത്തിൽ, കോൺഗ്രസിന്റെ യുവ നേതാവ് കനയ്യകുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. തൃശൂരിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ കണ്ണനെ കാണാൻ പോയത് കനയ്യ കുമാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മുൻ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കനയ്യ പങ്കുവെക്കുന്നുണ്ട്. തന്റെ ഗുരുവായൂർ ദർശനം വാർത്തയായതോടെ വിശദീകരണവുമായി കനയ്യകുമാർ തന്നെ രംഗത്തെത്തി. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്റെ ഭാഗമാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ സത്യത്തിനുവേണ്ടിയാണെന്ന് കനയ്യ കുമാർ പറഞ്ഞു. ബിജെപിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ യാത്ര സത്യത്തിനുവേണ്ടിയാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും കനയ്യ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലെ സജീവ സാന്നിധ്യമാണ് കനയ്യ കുമാർ.

രാജസ്ഥാനിലെ പ്രശ്‌നത്തിലും അദ്ദേഹം പ്രതികരിച്ചു. അവിടുത്തെ പ്രശ്‌നം പാർട്ടി പരിഹരിക്കും. നിലവിലെ പ്രശ്‌നങ്ങൾ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജസ്ഥാനിലെ പ്രശ്‌നങ്ങൾ ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്തു മാറ്റം കൊണ്ടുവരുമെന്നും കനയ്യകുമാർ പറഞ്ഞു.

ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ കുമാർ ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിൽ ചേരുകയായിരുന്നു.