തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് സി പി എം അംഗങ്ങളായ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ കേരള പൊലീസ് , സംസ്ഥാനത്തുടനീളം ഭീകരമായ അക്രമം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ലാ എന്ന ചോദ്യം രാഷ്ടീയ - നിയമ വൃത്തങ്ങളിൽ സജീവമാണ്. ദേശവിരുദ്ധ ഇടപാടുകൾ നടത്തുന്ന - അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദ സംഘടനകൾക്കു വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുകയും സമുദായ സ്പർദ്ധ വളർത്തുന്ന ഇടപാടുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന പി എഫ് ഐ പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും പൊലീസ് അതിന് തയ്യാറാവാത്തതിന്റെ പിന്നിൽ ഭരണകക്ഷിയുമായുള്ള ഒത്തുകളി ഉണ്ടെന്നാണ് ആരോപണം.

ഹർത്താലിന്റെ മറവിൽ വ്യാപകമായ അക്രമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തു ഉടനീളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത്..രാവിലെ ആറുമണിയോടെ ആരംഭിച്ച ഹർത്താലിൽ ആദ്യ മണിക്കൂറിൽ തന്നെ വിവിധ ജില്ലകളിലായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കർശന സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിരുന്നെങ്കിലും അതിനെയൊക്കെ വെല്ലുവിളിച്ച് അക്രമികൾ അഴിഞ്ഞാടുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത അക്രമത്തിന്റെ പശ്ചാത്തലത്തിൽ 281 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ അക്രമങ്ങളിൽ പ്രതികളായി 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി.കോട്ടയത്തും കൊല്ലം സിറ്റിയിലുമാണ് കൂടുതൽ അറസ്റ്റ്. 215 പേരാണ് കോട്ടയത്ത് പിടിയിലായത്. അക്രമങ്ങളിൽ പിടിയിലായവരും കരുതൽ തടങ്കലിൽപെട്ടവരും ഉൾപ്പെടെയാണിത്.

ജില്ല തിരിച്ചുള്ള കണക്ക്

(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - , 24,40
തിരുവനന്തപുരം റൂറൽ -23,113
കൊല്ലം സിറ്റി - 27,169
കൊല്ലം റൂറൽ - 12,71
പത്തനംതിട്ട - 15,109
ആലപ്പുഴ - 15,19
കോട്ടയം - 28,215
ഇടുക്കി - 4,0
എറണാകുളം സിറ്റി - 6,4
എറണാകുളം റൂറൽ - 17,17
തൃശൂർ സിറ്റി - 10,2
തൃശൂർ റൂറൽ - 4,0
പാലക്കാട് - 6,24
മലപ്പുറം - 34,123
കോഴിക്കോട് സിറ്റി - 7,0
കോഴിക്കോട് റൂറൽ - 8,8
വയനാട് - 4,26
കണ്ണൂർ സിറ്റി -25,25
കണ്ണൂർ റൂറൽ - 6,10
കാസർഗോഡ് - 6,38

ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ളോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു.

കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് മാറ്റുന്നതിനു 8,000 രൂപയും എസി ലോഫ്ളോർ ബസിന് 40,000 രൂപയും കെ-സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചെലവാകും. ഈ ബസുകൾ ശരിയാക്കി പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞത് 2 ആഴ്ചയെടുക്കുമെന്ന് അധികൃതർ പറയുന്നു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയത്.

വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി, കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് ആക്രമികൾക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ഈടാക്കാൻ നിയമനടപടിയുമായി കെഎസ്ആർടിസി മുന്നോട്ടുപോവുകയാണ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 5.5 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കലക്ഷൻ. 3.3 കോടിയാണ് ഇന്ധന ചെലവ്. 1360 ഷെഡ്യൂളുകളാണ് ഹർത്താൽ ദിനത്തിൽ ഓപ്പറേറ്റ് ചെയ്തത്.

ഹർത്താൽ ദിനമായവെള്ളിയാഴ്‌ച്ച കണ്ണൂർ ജില്ലയിൽ വ്യാപക അക്രമവും ബോംബേറുമാണ് നടന്നത്. ഇതു ആസൂത്രിതമാണെന്നാണ് പൊലീസ് വിലയിരുത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബുപയോഗിച്ചത് എക്‌സ്‌പ്ലോസീവ് ആക്ടിൽ വരാതിരിക്കുന്നതിനാണെന്നാണ് പൊലീസ് വിലയിരുത്തൽ. വെടിമരുന്ന് ഉപയോഗിച്ചുള്ള സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്താൽ മാത്രമേ ആക്ടിൽ വരികയുള്ളുവെന്ന പോപുലർ ഫ്രണ്ട് ബുദ്ധി കേന്ദ്രങ്ങളുടെ ഒരുമുഴം മുൻപെയുള്ള തന്ത്രമാണ് പെട്രാൾ ബോംബ് ഉപയോഗിക്കാനുള്ള കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ.

ഹർത്താലിന്റെ ഭാഗമായി കെ.എസ്. ആർ.ടി.സി ബസുകൾ ഉൾപെടെ നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ട്.പലയിടങ്ങളിലും തടയാൻ ചെന്ന പൊലീസിനു നേരെയും അക്രമമുണ്ടായി. ഈ അക്രമങ്ങളുടെ സ്വഭാവം വച്ചു തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു എ പി എ ചുമത്താവുന്നതാണ്.

എന്താണ് യുഎപിഎ?

THE UNLAWFUL ACTIVITIES (PREVENTION) ACT, 1967 എന്ന നിയമമാണ് UAPA എന്ന് ചുരുക്കപേരിൽ പറയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിർത്തുന്നതിനുമായി ദേശീയോദ്‌ഗ്രഥന കൗൺസിൽ നിയമിച്ച കമ്മിറ്റി 1963 ൽ നൽകിയ ശിപാർശപ്രകാരമാണ് ഈ നിയമം അതേവർഷം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേൽ ഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം നൽകുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യ സുരക്ഷയുടെ പേരിൽ ഭരണഘടനക്കും മറ്റ് നിയമങ്ങൾക്കും അതീതമായ അധികാരം നൽകുന്നു.

1967 ൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ഈ നിയമം അതേവർഷം ഡിസംബർ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വർഷങ്ങളിൽ ഈ ബില്ലിൽ കൂടുതൽ കടുപ്പമേറിയ ഭേദഗതികൾ വരുത്തുകയുമുണ്ടായി. 2008 ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ UAPA വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.

എന്തായിരുന്നു 2008 ലെ ഭേദഗതി?

1967 ൽ നിയമം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഇടതുപക്ഷമടക്കം നല്ലൊരു വിഭാഗം ഈ നിയമത്തെ പാർലമെന്റിൽ എതിർത്തിരുന്നു. ആ എതിർപ്പ് മറികടന്നാണ് അന്നു പാർലമെന്റിൽ പാസായതെങ്കിൽ 2008 ൽ ഇടതുപക്ഷമടക്കമുള്ളവരുടെ പിന്തുണയോടെ പാർലമെന്റിൽ എതിർപ്പുപോലുമില്ലാതെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരത്തിന് കടുത്ത ഭേദഗതികൾ പാസാക്കിയെടുക്കാനായത്.

മുംബൈ ഭീകരാക്രമണമുണ്ടാകുന്നത് 2008 നവംബർ 26നാണ്. അതിന് മുമ്പ് രാജ്യത്തുണ്ടായിരുന്ന ടാഡ, പോട്ട എന്നീ സമാന നിയമങ്ങൾ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം കണക്കിലെടുത്താണ് എതിർപ്പൊന്നുമില്ലാതെ 2008 ഡിസംബർ 16 ന് പുതിയ ഭേദഗതികൾ അവതരിപ്പിക്കപ്പെടുന്നത്. ഈ ഭേദഗതിയോടൊപ്പം തന്നെയാണ് ദേശീയ അന്വേഷണ ഏജൻസി, എൻ.ഐ.എ യും രൂപപ്പെടുന്നത്. യു.എ.പി.എ പ്രകാരം കുറ്റം ചെയ്തിരിക്കു ന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നൽകുന്ന വിവരം വെച്ചോ അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരം അനുസരിച്ചോ ഏതൊരാളെയും തിരയാനും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്.

സംഘടനകളെ നിരോധിക്കുന്നതിനും അതിലെ പ്രവർത്തകരെ ശിക്ഷിക്കുന്നതിനും യു.എ.പി.എ. ഭേദഗതി സർക്കാരിനെ കൂടുതൽ ശക്തരാക്കുന്നുണ്ട്. സംഘടനകളെ ഭീകരഗ്രൂപ്പ്, ഭീകര സംഘടന, നിയമവിരുദ്ധ സംഘടന എന്നെല്ലാം സർക്കാരിനു പ്രഖ്യാപിക്കാം. ഭീകരത ശ്രദ്ധയിൽപെട്ട സംഘത്തിന്റെയോ സംഘടനയുടെയോ പേരിൽ ക്രിമിനൽ കേസുകൾ ചുമത്താനും നിയമം അനുവദിക്കുന്നു. ഒരു സംഘടനയെ ഈ അർത്ഥത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാൻ സാധിക്കും. സംഘടനയിൽ അംഗത്വമുണ്ട് എന്നതു തന്നെ ഒരാൾക്ക് രണ്ട് വർഷം ശിക്ഷ ലഭിക്കാൻ മതിയായ കുറ്റമാണ്.

യു എ പി എ നിയമത്തിലെ പതിമൂന്നാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ് ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത്. ലഘുലേഖ കണ്ടെടുത്തതിന്റെ പേരിലും പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിലും വരെ ആളുകൾക്കെതിരെ യു എ പി എ ചുമത്തിയ പിണറായി സർക്കാർ സംസ്ഥാനത്ത് അഴിഞ്ഞാടിയ, ഭീകരാരോപണം നേരിടുന്ന പി എഫ് ഐ കേഡർമാർക്കെതിരെ യു എ പി എ ചുമത്താത്തതാണ് ദുരൂഹം.