- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ ജനവാസ മേഖലകളിൽ വന്യജീവികളുടെ ശല്യം വ്യാപകം; കടുവയും കാട്ടുപന്നിയുമടക്കം ജനങ്ങളിൽ ഭീതി പടർത്തിയിട്ടും നടപടികളില്ല; തില്ലങ്കേരിയിൽ കാട്ടുപന്നിയെ കടിച്ചു കൊന്നത് പുലിയാണെന്ന് അഭ്യൂഹം: വന്യജീവികൾ കണ്ണൂരിന്റെ മലയോരത്തെ വേട്ടയാടുന്നു
കണ്ണൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ശല്യം മൂലം ഭീതിയിലാഴ്ന്ന് ജനം.പല പ്രദേശങ്ങളിലും പുലി,കടുവ,കാട്ടുപന്നി എന്നീ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.ജനവാസ മേഖലകളിലേക്ക് മൃഗങ്ങൾ ഇറങ്ങിയതോടെ ജീവൻ പണയം വച്ചാണ് നാട്ടുകാർ പുറത്തിറങ്ങി നടക്കുന്നത്.വന്യജീവികൾ നാട്ടിലിറങ്ങി വിഹരിക്കുമ്പോഴും ഇവയെ തുരത്താനുള്ള യാതൊരുവിധ നടപടികളും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
തില്ലങ്കേരി പഞ്ചായത്തിലെ രണ്ടിടങ്ങളിലായി കഴിഞ്ഞ രാത്രി കാട്ടുപന്നികളെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ പുലിയാണെന്ന സംശയത്തിലാണ് നാട്ടുകാരും വനം വകുപ്പും.തില്ലങ്കേരി ടൗണിനടുത്തെ പുല്ലാട്ടുംഞാലിലും ആലാച്ചിയിലുമാണ് കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയത്. തില്ലങ്കേരി പുല്ലാട്ടുംഞാലിൽ പി.എം. വേണുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിയെ അജ്ഞാത ജീവി കൊന്ന് പകുതി ഭാഗം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആലാച്ചിയിൽ കാട്ടുപന്നിയുടെ ജഡത്തിൽ ചെവിയുടെ പുറകിൽ രണ്ട് പല്ലുകൾ ഇറങ്ങിയതിന്റെ പാടുകളും കണ്ടെത്തി.രണ്ടിടത്തും വനം വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി.
ഇവയെ കണ്ടെത്തിയ ഈ മേഖലയിൽ നായക്കൂട്ടങ്ങൾ കടിപിടികൂടുന്ന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും കാട്ടുപന്നിയെ പുലി പോലുള്ള ജീവി പിടിക്കാനുള്ള സാധ്യതയാണ് സംശയിക്കുന്നത്.ആശങ്ക അകറ്റുന്നതിനായി പ്രദേശത്ത് ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.ആളുകൾ ജാഗ്രത പാലിക്കണമെന്നും ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിയേരി ചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ തില്ലങ്കേരിയിലെ മാമ്പറത്തും കാർക്കോടും പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. കാർക്കോട് പട്ടിയുടെ തലയും, മാമ്പറത്ത് കുറുക്കന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തില്ലങ്കേരി മേഖലയിൽ പുലി ഉണ്ടെന്നുള്ള സംശയം പഞ്ചായത്ത് അധികൃതർക്കും വനപാലകർക്കും ഉണ്ടായിരിക്കുന്നത്. മേഖലയിൽ ഒരു മാസത്തിലധികമായി കടുവ, പുലി ഭീഷണി നിലനിൽക്കുന്നുണ്ട്. മട്ടന്നൂർ അയ്യല്ലൂരിൽ പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു.ആറളം ഫാമിൽ മൂന്ന് ആഴ്ച മുൻപ് എത്തിയ കടുവ ഇനിയും വന്യജീവി സങ്കേതം കടന്നതായി സ്ഥിരീകരിച്ചിട്ടില്ലഈ മേഖലയിൽ വനം ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി വരികയാണ് '
ജനവാസ മേഖലയെ ഭീതിയിലാക്കുന്ന പുലിയെയും കടുവയെയും കൂടുവിച്ചു പിടിക്കണമെന്നാണ് ഇരിട്ടി താലൂക്ക് വികസന സമിതി ചേർന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.ഒരു മാസത്തിലധികമായി ജനവാസ മേഖലയിൽ ഭീതി പറത്തിക്കൊണ്ടിരിക്കുന്ന കടുവയെയും പുലിയെയും കൂടുവെച്ചു പിടിച്ച് വനത്തിലേക്ക് വിടണം എന്ന് ഇരട്ടി താലൂക്ക് വികസന സമിതി യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.ഉളിക്കൽ പഞ്ചായത്തിൽ കണ്ട കടുവ പായം, അയ്യൻകുന്ന് മേഖലയിൽ എത്തിയപ്പോൾ തന്നെ ഇതേക്കുറിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നേരിട്ട് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു.
തുടർ നടപടികൾ ഒന്നുമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസവും വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മൂന്നാഴ്ച കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടാകുന്നില്ല. അതിനാൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് വന്യമൃഗങ്ങളെ കൂടുവെച്ച് പിടിച്ച് വനത്തിലേക്ക് വിടണം എന്നും എംഎൽഎ ആവശ്യപ്പെട്ടു. യോഗത്തിൽ കേരള കോൺഗ്രസ് പ്രതിനിധി മാത്തുക്കുട്ടി പന്തപ്ലാക്കലാണ് ഇക്കാര്യം ഉന്നയിച്ചത്. ബഫർ സോൾ വിഷയത്തിൽ ജനവാസ മേഖലയെയും കൃഷിയിടത്തെയും ഒഴിവാക്കണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാറുകളോട് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ